News - 2025

പാലസ്തീനിലെ ഇസ്ലാം മതവിശ്വാസികളെ ക്രിസ്തുമസ് ആഘോഷിക്കുന്നതിൽ നിന്നും ഹമാസ് വിലക്കി

പ്രവാചക ശബ്ദം 22-12-2020 - Tuesday

പാലസ്തീന്‍: ഗാസയിലെ ഇസ്ലാം മത വിശ്വാസികൾക്ക് ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് മേഖല ഭരിക്കുന്ന ഹമാസ് വിലക്കേർപ്പെടുത്തി. ഹമാസിന്റെ മതകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. അനിസ്ലാമിക ആഘോഷങ്ങളിൽ മുസ്ലിങ്ങൾ പങ്കെടുക്കാൻ പാടില്ലെന്നുളള പ്രചാരണം സാമൂഹ്യ മാധ്യമങ്ങളിലടക്കം നടത്തണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജറുസലേം പോസ്റ്റ് എന്ന് ഇസ്രായേലി മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാർത്ത വിവാദമായതിനെത്തുടർന്ന് ക്രൈസ്തവരെ ലക്ഷ്യംവെച്ചല്ല, മറിച്ച് മുസ്ലിം മത വിശ്വാസികൾക്ക് വേണ്ടി മാത്രമാണ് തങ്ങൾ നിർദ്ദേശങ്ങൾ ഇറക്കിയതെന്ന് പറഞ്ഞ് വിശദീകരണ കുറിപ്പ് ഇറക്കിയിട്ടുണ്ട്.

എന്നാൽ ഇത് കൂടുതൽ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. പാലസ്തീൻ നിയന്ത്രണമുള്ള പ്രദേശങ്ങളിൽ പോലും ഹമാസിന്റെ വിലക്കിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഇതിനിടെ പാലസ്തീൻ ജനതയുമായി അടുപ്പമുള്ള ഫാ. ഇബ്രാഹിം ഫാൾടാസ് എന്ന ഈജിപ്ഷ്യൻ ഫ്രാൻസിസ്കൻ സന്യാസി ഹമാസിനെ വിമർശിച്ചുകൊണ്ട് ലേഖനമെഴുതി. തീരുമാനത്തെ ഹമാസിന്റെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമെന്നാണ് ഫാ. ഇബ്രാഹിം വിശേഷിപ്പിച്ചിരിക്കുന്നത്. തിരുപ്പിറവിയുടെ തലസ്ഥാനമായ ബെത്‌ലഹേമിലേക്കായിരിക്കും ഈ ദിവസങ്ങളിൽ ലോകമെമ്പാടുമുള്ള ആളുകൾ നോക്കുകയെന്നും ഇതിനെയാണ് ഹമാസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശനമുന്നയിച്ചു.

ക്രിസ്മസ് നാളുകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ പാലസ്തീനിൽ എത്തുമ്പോൾ അവിടുത്തെ ജനതയ്ക്ക് അതൊരു വരുമാനമായി തീരുകയില്ലേ എന്ന ചോദ്യവും ഫാ. ഇബ്രാഹിമിന്റെ ലേഖനത്തിലുണ്ട്. സഹിഷ്ണുതയ്ക്കും, സാഹോദര്യത്തിനും മേലുള്ള അതിക്രമം എന്നാണ് ഹമാസിന്റെ നിർദ്ദേശങ്ങളെ പലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന പലസ്തീനിയൻ ഡെമോക്രാറ്റിക് യൂണിയൻ എന്ന സംഘടന വിശേഷിപ്പിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 610