News - 2025

2020-ല്‍ ലോകമെമ്പാടുമായി കൊല്ലപ്പെട്ടത് 20 കത്തോലിക്ക മിഷ്ണറിമാര്‍

പ്രവാചക ശബ്ദം 31-12-2020 - Thursday

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമായി ഈ വര്‍ഷം ഇതുവരെ 20 കത്തോലിക്ക മിഷ്ണറിമാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു ഏജന്‍സിയ ഫിദെസിന്റെ റിപ്പോര്‍ട്ട്. 2020-ല്‍ കൊല്ലപ്പെട്ടവരില്‍ 8 വൈദീകരും, 3 കന്യാസ്ത്രീമാരും, ഒരു സന്യാസിയും രണ്ട് സെമിനാരി വിദ്യാര്‍ത്ഥിയും, ആറ് അത്മായരും ഉള്‍പ്പെടുന്നു. അമേരിക്കയിലാണ് ഇക്കൊല്ലം ഏറ്റവും കൂടുതല്‍ പ്രേഷിതര്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 5 വൈദികരും 3 അത്മായരുമാണ് അമേരിക്കയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. 7 പ്രേഷിതര്‍ കൊല്ലപ്പെട്ട ആഫ്രിക്കയാണ് തൊട്ടുപുറകില്‍. ഏഷ്യയില്‍ ഒരു വൈദികനും സെമിനാരി വിദ്യാര്‍ത്ഥിയും അത്മായനും കൊല്ലപ്പെട്ടിട്ടുണ്ട്.

അതേസമയം വിവിധ ക്രിസ്തീയ സഭകളിലെ മിഷ്ണറിമാരുടെ എണ്ണം കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ കൊല്ലപ്പെട്ട മിഷ്ണറിമാരുടെ എണ്ണം അനേകം മടങ്ങ് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2000 മുതല്‍ 2020 വരെയുള്ള 20 വര്‍ഷക്കാലയളവില്‍ ലോകമെമ്പാടുമായി 535 കത്തോലിക്ക മിഷ്ണറിമാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ അഞ്ചു പേര്‍ മെത്രാന്മാരാണ്. മാമ്മോദീസ സ്വീകരിച്ചവരും തങ്ങള്‍ സ്വീകരിച്ച മാമ്മോദീസയുടെ മൂല്യത്തെക്കുറിച്ച് ബോധവാന്‍മാരുമായ ദൈവജനതയില്‍ ഉള്‍പ്പെട്ടവരെയാണ് തങ്ങള്‍ മിഷ്ണറി എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും, സഭയിലെ പദവിയോ വിശ്വാസത്തിന്റെ തോതോ എന്തുതന്നെയായാലും എല്ലാവരും സുവിശേഷത്തിന്റെ വക്താക്കളാണെന്നും ഫിദെസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രേഷിത മേഖലയില്‍ സജീവമായവരെ മാത്രമല്ല റിപ്പോര്‍ട്ടില്‍ പരിഗണിച്ചിരിക്കുന്നതെന്നും അതിനാലാണ് “രക്തസാക്ഷികള്‍” എന്ന പദം ഉപയോഗിക്കാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൊല്ലപ്പെട്ടവരാരും തന്നെ അക്രമ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്നവരോ, അത്തരത്തിലുള്ള ആശയങ്ങള്‍ വെച്ചു പുലര്‍ത്തിയിരുന്നവരോ അല്ലെന്നും, സാധാരണക്കാരായ മറ്റുള്ള ജനങ്ങളേപ്പോലെ നിത്യ ജീവിതം നയിച്ചിരുന്നവരും ക്രിസ്തീയ പ്രതീക്ഷയുടെ അടയാളമെന്ന പോലെ തങ്ങളുടെ സുവിശേഷ സാക്ഷ്യം കൊണ്ടുനടന്നവരായിരുന്നെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »