Arts
അനുഗ്രഹീതയായ മറിയമെന്ന് ആലേഖനം ചെയ്തിട്ടുള്ള 1400 വര്‍ഷങ്ങള്‍ പഴക്കമുള്ള ശില ഇസ്രായേലില്‍ കണ്ടെത്തി
പ്രവാചക ശബ്ദം 09-01-2021 - Saturday
ജെറുസലേം: “അനുഗ്രഹീതയായ മറിയം, അമലോത്ഭവ ജീവിതം നയിച്ചവള്‍” എന്ന് പുരാതന ഗ്രീക്ക് ഭാഷയിലെ ആലേഖനം ചെയ്തിട്ടുള്ള ആയിരത്തിനാനൂറു വര്‍ഷങ്ങളുടെ പഴക്കമുള്ള ബൈസന്റൈന്‍ കാലഘട്ടത്തിലെ ശവകുടീര ശിലാഫലകം ഇസ്രായേലില്‍ കണ്ടെത്തി. തെക്കന്‍ ഇസ്രായേലിലെ നിറ്റ്സാന നാഷ്ണല്‍ പാര്‍ക്ക് വൃത്തിയാക്കുന്നതിനിടയിലാണ് 6-7 നൂറ്റാണ്ടുകള്‍ക്കിടയിലെ ക്രിസ്ത്യന്‍ വനിതയുടെ ശവകുടീരത്തിന്റെ ഭാഗമായിരുന്നെന്ന് കരുതപ്പെടുന്ന വൃത്താകൃതിയിലുള്ള ശിലാഫലകം കണ്ടെത്തിയത്. ഇത് പുരാതന ക്രൈസ്തവ വിശ്വാസത്തിലേക്ക് വെളിച്ചം വീശുന്ന അമൂല്യ നിധിയായാണ് വിലയിരുത്തുന്നത്.
തൊഴില്‍ രഹിതരായവര്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി നിറ്റ്സാന നാഷ്ണല്‍ പാര്‍ക്ക് വൃത്തിയാക്കിക്കൊണ്ടിരുന്ന നേച്വര്‍ ആന്‍ഡ് പാര്‍ക്ക്സ് അതോറിറ്റി ഉദ്യോഗസ്ഥരാണ് ശില കണ്ടെത്തിയത്. നിറ്റ്സാന എജ്യൂക്കേഷണല്‍ സെന്റര്‍ ഡയറക്ടറായ ഡേവിഡ് പല്‍മാച്ച് ശിലയിലെ ലിഖിതം കണ്ടെത്തുകയും അതിന്റെ ഫോട്ടോ എടുത്ത് ജെറുസലേമിലെ ഹീബ്രു സര്‍വ്വകലാശാലയിലെ ഡോ. ലീ ഡി സെഗ്നിക്ക് അയക്കുകയുമായിരുന്നു. ഡോ. സെഗ്നിയാണ് കല്ലില്‍ ആലേഖനം ചെയ്തിരുന്ന പുരാതന ഗ്രീക്ക് ഭാഷ തര്‍ജ്ജമ ചെയ്തത്. വേറെയും ചില പുരാവസ്തുക്കള്‍ ഈ മേഖലയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. നിറ്റ്സാന ഗ്രാമത്തില്‍ താമസിച്ചിരുന്ന പുരാതന ക്രിസ്ത്യാനികളുടേതാവാം ഇതെന്നാണ് പുരാവസ്തു ഗവേഷകര്‍ കണക്കാക്കുന്നത്.
1930-ല്‍ പുരാവസ്തു ഗവേഷകര്‍ നിറ്റ്സാനയില്‍ നിന്നും 6-7 നൂറ്റാണ്ടുകള്‍ക്കിടയിലെ ‘നെസ്സാന’ എന്നറിയപ്പെടുന്ന ഗ്രീക്ക്, അറബിക്ക് ഭാഷകളിലുള്ള പാപ്പിറസ് ചുരുളുകള്‍ കണ്ടെത്തിയിരുന്നു. ക്രിസ്തീയ ദേവാലയവുമായും കുടുംബപരമായുമുള്ള വിവരങ്ങളും ഈ ചുരുളുകളില്‍ നിന്നും ലഭിച്ചിരിന്നു. നിറ്റ്സാനയിലെ ജനവാസ കേന്ദ്രങ്ങളെക്കുറിച്ചുള്ള ചുരുക്കം ചില വിവരങ്ങളാണ് ഇതുവരെ ലഭ്യമായിരുന്നത്. പുരാതന ശിലയുടെ കണ്ടെത്തല്‍ ബൈസന്റൈന്‍ കാലഘട്ടത്തില്‍ നിന്നും ആദിമ ഇസ്ലാമിക കാലഘട്ടത്തിലേക്കുള്ള പരിവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ഉപകരിക്കുമെന്നാണ് ഇസ്രായേല്‍ ആന്റിക്വിറ്റി അതോറിറ്റിയുടെ തെക്കന്‍ ജില്ലാ പുരാവസ്തു ഗവേഷകനായ പാബ്ലോ ബെറ്റ്സെര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ ഇതിനെ സംബന്ധിച്ചു കൂടുതല്‍ പഠനങ്ങള്‍ നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)