News - 2025
ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനവും മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനവും പ്രധാനമന്ത്രിയെ ധരിപ്പിച്ചു
പ്രവാചക ശബ്ദം 20-01-2021 - Wednesday
ന്യൂഡല്‍ഹി: തടവില്‍ കഴിയുന്ന ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചന വിഷയവും മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനത്തിനുള്ള ആഗ്രഹവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായി കര്‍ദ്ദിനാള്‍മാരായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഫാ. സ്റ്റാന്‍ സ്വാമിയുടെ വിഷയത്തില്‍ ദേശീയ അന്വേഷണ ഏജന്‍സികളുടെ കാര്യങ്ങളില്‍ സര്‍ക്കാരിനു നേരിട്ട് ഇടപെടുന്നതിനുള്ള പരിമിതിയുണ്ടെന്നായിരിന്നു മോദിയുടെ പ്രതികരണം. ഉന്നയിച്ച പ്രശ്‌നത്തെക്കുറിച്ചു ബോധ്യമുണ്ടെന്നും വയോധികനായ വൈദികനോട് അനുകന്പയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞതായി മാര്‍ ക്ലീമിസ് പറഞ്ഞു.
കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഭാരത സന്ദര്‍ശനത്തിനുള്ള അപേക്ഷ വീണ്ടും കര്‍ദ്ദിനാളുമാര്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു. മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് എത്രയും വേഗം വഴിയൊരുക്കണമെന്ന ആവശ്യത്തോടു വളരെ ക്രിയാത്മകമായാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചതെന്ന് ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം കര്‍ദ്ദിനാളുമാര്‍ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളും സുരക്ഷാ കാര്യങ്ങളും മറ്റും കണക്കിലെടുത്തു യോജിച്ച തീയതി കണ്ടെത്തേണ്ടതുണ്ട്. ആഗോള കത്തോലിക്കാ സഭയുടെ തലവന്റെ ഇന്ത്യാ സന്ദര്‍ശനമെന്ന ലക്ഷക്കണക്കിന് വിശ്വാസികളുടെ ആഗ്രഹം സഫലമാകുമെന്നു പ്രതീക്ഷിക്കുന്നതായി മൂവരും വ്യക്തമാക്കി. മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ചു വളരെ അനുകൂല പ്രതികരണമാണു പ്രധാനമന്ത്രി നല്‍കിയതെന്ന് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് പിന്നീടും പ്രസ്താവിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക