News - 2024

ക്രിസ്ത്യന്‍ ഐക്യത്തിനായുള്ള വിശുദ്ധ നാട്ടിലെ വാര്‍ഷിക പ്രാര്‍ത്ഥനാവാരം പെന്തക്കുസ്ത തിരുനാളിലേക്ക് മാറ്റി

പ്രവാചക ശബ്ദം 21-01-2021 - Thursday

ജെറുസലേം: വിശുദ്ധ നാട്ടിലെ ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള വാര്‍ഷിക പ്രാര്‍ത്ഥനാ വാരം കോവിഡിന്റെ പശ്ചാത്തലത്തില്‍ പെന്തക്കൂസ്താ തിരുനളിലേക്ക് മാറ്റി. ജെറുസലേമിലെ കൊറോണ നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് വിവിധ സഭകള്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ നടത്തുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ പുതിയ തീരുമാനം. പ്രധാനപ്പെട്ട ഈ കൂടിക്കാഴ്ചകള്‍ വിര്‍ച്വല്‍ ആയി നടത്തുവാന്‍ കഴിയില്ലെന്നും, ആളുകളുടെ സാന്നിധ്യത്തില്‍ നടത്തുന്നത് പോലെ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തക്കവിധം സാങ്കേതിക വിദ്യയോ, ഇന്റര്‍നെറ്റോ വളര്‍ന്നിട്ടില്ലെന്നും എക്യുമെനിക്കല്‍ റിലേഷന്‍സിന്റെ എപ്പിസ്കോപ്പല്‍ കമ്മീഷന്‍ പ്രസിഡന്റായ ഫാ. ഫ്രാന്‍സ് ബൗവ്വെന്‍ പറഞ്ഞു.

അര്‍മേനിയന്‍ സഭാവിഭാഗത്തിന്റെ എപ്പിഫനി തിരുനാളിന് ശേഷം ജനുവരിയില്‍ നടക്കേണ്ടിയിരുന്ന പ്രാര്‍ത്ഥനാവാരമാണ് പുതിയ തീരുമാനമനുസരിച്ച് മെയ് മാസത്തിലെ പെന്തക്കൂസ്താ തിരുനാളില്‍ നടത്തുവാന്‍ തീരുമാനമായിരിക്കുന്നത്. ക്രിസ്ത്യന്‍ മീഡിയ സെന്ററിന്റെ സഹായത്തോടെ ഒന്നോ രണ്ടോ പരിപാടികള്‍ വിര്‍ച്വലായി ചെയ്യുവാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അത് സാധ്യമാവില്ലെന്നു ഫാ. ഫ്രാന്‍സ് കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തില്‍ ജനുവരി 23 മുതല്‍ 31 വരെ തങ്ങളുടെ കൂട്ടായ്മകള്‍ക്കും വൈദികര്‍ക്കും ഒപ്പം പ്രാര്‍ത്ഥിക്കുവാന്‍ മുഴുവന്‍ സഭകളോടും, സഭാ സമുദായങ്ങളോടും ഫാ. ബൗവ്വെന്‍ ആഹ്വാനം ചെയ്തു. ക്രിസ്തീയ ഐക്യത്തിന്റേതായ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുവാനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇതിനിടെ വിശുദ്ധ നാട്ടിലെ സഭകളും തെക്കന്‍ അര്‍ദ്ധഗോളത്തിലെ തങ്ങളുടെ സഹോദര സഭകളും ചേര്‍ന്ന് പെന്തക്കൂസ്താ തിരുനാളില്‍ പ്രാര്‍ത്ഥനാ വാരം ആചരിക്കുമെന്നാണ് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് (എല്‍.പി.ജെ) വ്യക്തമാക്കി. “എന്റെ സ്നേഹത്തില്‍ വസിക്കുമെങ്കില്‍ നിങ്ങള്‍ മികച്ച ഫലമുളവാക്കും” (യോഹ. 15: 5-9) എന്ന യേശുവിന്‍റെ പ്രബോധനത്തെ കേന്ദ്രീകരിച്ചുള്ള പ്രാര്‍ത്ഥനാവാരം ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ ‘വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്’ (ഡബ്യു.സി.സി), ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും സംയുക്തമായാണ് നടത്തുന്നത്. അഞ്ചു ഭൂഖണ്ഡങ്ങളിലേയും ക്രിസ്ത്യന്‍ സഭകളേയും സമുദായങ്ങളേയും, പാരമ്പര്യങ്ങളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനാ വാരം സംഘടിപ്പിക്കുന്നത്. വിശുദ്ധ നാട് ഒഴികെയുള്ള മറ്റിടങ്ങളില്‍ ജനുവരി 25നു പ്രാര്‍ത്ഥനാവാരം സമാപിക്കും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »