News - 2025

ഫാ. സ്റ്റാന്‍ സ്വാമി തടവിലായിട്ട് 100 ദിവസം

പ്രവാചക ശബ്ദം 26-01-2021 - Tuesday

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്ത വയോധികനായ ജെസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ നൂറു ദിവസം തടവു പിന്നിട്ടിട്ടും മോചനം അകലെ. പാര്‍ക്കിന്‍സണ്സ് രോഗബാധിതനും ക്ഷീണിതനുമായിട്ടും 83 വയസു കഴിഞ്ഞ ഫാ. സ്റ്റാന്‍ സ്വാമിയുടെ പരാതികളെല്ലാം സഹതടവുകാരുടെ ദയനീയവസ്ഥയെക്കുറിച്ചു മാത്രം.

'കൂട്ടിലടച്ചാലും ഒരു പക്ഷിക്കു പാടാന്‍ കഴിയും'. സുഹൃത്തുക്കള്‍ക്കും മനുഷ്യാവകാശ സംഘടനകള്‍ക്കും പിന്തുണ നല്‍കിയവര്‍ക്കുമായി ജയിലില്‍ നിന്ന് എഴുതിയ കത്തില്‍ ഫാ. സ്റ്റാന്‍ സ്വാമി ഓര്‍മിപ്പിച്ചു. കൈ വിറയ്ക്കാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ കഴിയാത്ത അദ്ദേഹം വളരെ ബുദ്ധിമുട്ടി സ്വന്തം കൈപ്പടയിലാണു കഴിഞ്ഞ 22ന് കത്തയച്ചത്. സഹതടവുകാരുടെ സഹായത്തെക്കുറിച്ചു പറയാനായി രണ്ടു കത്തുകള്‍ നേരത്തെ ഈശോസഭാംഗങ്ങളായ ചില സഹപ്രവര്‍ത്തകര്‍ക്ക് ഇദ്ദേഹം അയച്ചിരുന്നു.

കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയാണ്. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികള്‍ക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു. പാര്‍ക്കിന്‍സണ്‍ രോഗിയായതിനാല്‍ ജയിലില്‍ പലതവണ വീണുവെന്നും രണ്ടുതവണ ഹെര്‍ണിയയ്ക്കു ശസ്ത്രക്രിയ ചെയ്യേണ്ടിവന്നുവെന്നും സ്റ്റാന്‍ സ്വാമി നേരത്തെ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നുവെങ്കിലും കോടതി ഇതുവരെ അനുകൂല നടപടിയെടുത്തിട്ടില്ല.


Related Articles »