News - 2025

അർമേനിയയ്ക്കെതിരെ അസർബൈജാൻ യുദ്ധം ചെയ്തത് വംശഹത്യ ലക്ഷ്യമാക്കി: ക്രൈസ്തവ സംഘടനയുടെ റിപ്പോർട്ട്

പ്രവാചക ശബ്ദം 26-01-2021 - Tuesday

യെരെവന്‍: അർമേനിയയ്ക്കെതിരെ അസർബൈജാനും, തുർക്കിയും കഴിഞ്ഞവർഷം അവസാനം യുദ്ധം ചെയ്തത് വംശഹത്യ ലക്ഷ്യംവെച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള അന്താരാഷ്ട്ര ക്രൈസ്തവ സംഘടനയുടെ റിപ്പോർട്ട് പുറത്ത്. ആഗോള ക്രൈസ്തവ പീഡനങ്ങളെ നിരീക്ഷിക്കുന്ന 'ഇന്‍റര്‍നാഷണൽ ക്രിസ്ത്യൻ കൺസേൺ' എന്ന സംഘടനയുടെ "ദി അനാട്ടമി ഓഫ് ജിനോസൈഡ്: കാരബാക്ക്സ് ഫോർട്ടി ഫോർ ഡേ വാർ" എന്ന പേരിലുള്ള റിപ്പോർട്ടിലാണ് ഗുരുതരമായ ആരോപണമുള്ളത്. മനുഷ്യാവകാശ പ്രവർത്തകർക്കും, സർക്കാരുകൾക്കും, ആശങ്ക ഉളവാക്കിയ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നാഗാർണോ- കാരബാക്ക് പ്രദേശത്തെ ചൊല്ലി കഴിഞ്ഞവർഷം സെപ്റ്റംബർ മുതൽ നവംബർ വരെ ഉണ്ടായ സംഘർഷത്തിൽ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു.

യുദ്ധത്തിന്റെ മറവില്‍ അസർബൈജാനും തുർക്കിയും നിരവധി ക്രൈസ്തവ ദേവാലയങ്ങളടക്കമുള്ളവ തകർത്തു, യുദ്ധത്തിനിടെ തടവിലായവരെ പീഡിപ്പിച്ചു, തർക്ക പ്രദേശം തിരിച്ചു പിടിക്കാൻ വേണ്ടി ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള ഭീകരവാദികളുടെ സഹായം തേടി ഇത്തരത്തിലുള്ള നിരവധി വസ്തുതകള്‍ അക്കമിട്ട് നിരത്തിയാണ് റിപ്പോർട്ടെന്നത് ശ്രദ്ധേയമാണ്. ക്രൈസ്തവരുടെ തല വെട്ടുന്നതിന് സാമ്പത്തിക പ്രതിഫലമടക്കം തീവ്രവാദികൾക്ക് ലഭിച്ചിട്ടുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനിടയിൽ രണ്ടു അർമേനിയൻ വംശജരെ അസർബൈജാൻ പട്ടാളക്കാർ കൊല്ലുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത് ഇരുകൂട്ടരും തമ്മിലുള്ള തർക്കം കൂടുതൽ സങ്കീർണമാക്കി.

അസർബൈജാൻ പട്ടാളക്കാർ അർമേനിയൻ പൗരന്മാരെയും, യുദ്ധത്തടവുകാരെയും ക്രൂരമായി പീഡിപ്പിക്കുന്ന മറ്റ് ഏതാനും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തുർക്കിയാണ് ഇവർക്ക് പരിശീലനം നൽകിയതെന്നു പറയപ്പെടുന്നു. നാഗാർണോ- കാരബാക്ക് പ്രദേശം അസർബൈജാന്റെ ഭാഗമായുള്ള സ്ഥലമായാണ് അറിയപ്പെടുന്നത് എങ്കിലും, പതിറ്റാണ്ടുകളായി അർമേനിയൻ വംശജരാണ് ഇവിടെ ഭരിക്കുന്നത്. 1915ൽ 15 ലക്ഷത്തോളം അർമേനിയൻ വംശജരെ വധിച്ച അർമേനിയൻ വംശഹത്യ നടത്തിയ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു അസർബൈജാനും, തുർക്കിയും. എന്നാൽ ഒരു രാജ്യങ്ങളും ഇതൊരു വംശഹത്യയായി ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതിന്റെ രണ്ടാം ഭാഗമായാണ് ഇപ്പോള്‍ അര്‍മേനിയയ്ക്കെതിരെ ഇരുരാജ്യങ്ങളും നടത്തിയ ആക്രമണങ്ങളെ നിരീക്ഷിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 620