News - 2025
ബൈഡന്‍ നടത്തിയ ഭ്രൂണഹത്യ അനുകൂല പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി യുഎസ് മെത്രാന്‍ സമിതി
പ്രവാചക ശബ്ദം 23-01-2021 - Saturday
വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയില്‍ ദേശവ്യാപകമായി ഗര്‍ഭഛിദ്രം നിയമവിധേയമാക്കുവാന്‍ കാരണമായ 1973-ലെ പ്രമാദമായ ‘റോയ് വി. വെയ്ഡ്’ കേസിന്റെ വാര്‍ഷിക ദിനത്തില്‍ ഭ്രൂണഹത്യയെ പരോക്ഷമായി അനുകൂലിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് മെത്രാന്‍ സമിതി. ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ ജീവിക്കുവാനുള്ള അവകാശ നിഷേധത്തെ അമേരിക്കയിലെ ഒരു പ്രസിഡന്റും പിന്തുണക്കരുതെന്ന്‍ മെത്രാന്‍ സമിതിയുടെ പ്രോലൈഫ് ചെയര്‍മാനും കാന്‍സാസ് മെത്രാപ്പോലീത്തയുമായ ജോസഫ് നൗമാന്‍ പറഞ്ഞു.
ആരോഗ്യ സേവനം എന്ന വ്യാജേന ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ ഏറ്റവും അടിസ്ഥാനപരവും, പൗരത്വപരവുമായ അവകാശത്തെ നിഷേധിക്കുന്ന സുപ്രീം കോടതി ഉത്തരവിനെ പ്രസിഡന്റ് അഭിനന്ദിക്കുകയെന്നത് അങ്ങേയറ്റം അസ്വസ്ഥവും ഖേദകരവുമായ നടപടിയാണെന്ന്‍ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. റോയ് വി. വെയ്ഡ് ഉത്തരവിനെ സ്ത്രീകളുടെ അവകാശപരവും, ആരോഗ്യപരവുമായ നേട്ടം എന്ന രീതിയിലാണ് ബൈഡന്റെ പ്രസ്താവനയില്‍ ഉയര്‍ത്തിക്കാട്ടിയിരിക്കുന്നതെന്നു മെത്രാപ്പോലീത്ത ആരോപിച്ചു. റോയ് വി. വെയ്ഡ് ഉത്തരവ് ഒരു ഗര്‍ഭഛിദ്ര അനുകൂല തീരുമാനമാണെങ്കിലും, ‘അബോര്‍ഷന്‍’ എന്ന വാക്ക് ബൈഡന്‍ തന്റെ പ്രസ്താവനയില്‍ ഉപയോഗിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്. ഇതിനു പകരം ‘പ്രത്യുല്‍പ്പാദന ശേഷി’, ‘ആരോഗ്യ പരിപാലനം’ എന്നീ വാക്കുകളാണ് ബൈഡന്‍ ഉപയോഗിച്ചിരിക്കുന്നത്.
ഗര്‍ഭഛിദ്രം ഉപേക്ഷിക്കുവാനും, സ്ത്രീകളുടേയും, സമൂഹങ്ങളുടേയും ജീവിതത്തിനു വേണ്ട സഹായം ചെയ്യുവാനും മെത്രാപ്പോലീത്ത ബൈഡനോടാവശ്യപ്പെട്ടു. ബൈഡന്റെ പ്രസ്താവനയില്‍ മതത്തെക്കുറിച്ച് യാതൊന്നും പറയുന്നില്ലെങ്കിലും, ഗര്‍ഭഛിദ്രം സംബന്ധിച്ച കത്തോലിക്കാ പ്രബോധനം എടുത്ത് പറഞ്ഞുകൊണ്ട് കത്തോലിക്കാ വിശ്വാസികള്‍ക്ക് അബോര്‍ഷനെ അനുകൂലിക്കുവാന്‍ കഴിയില്ലെന്ന്‍ മെത്രാപ്പോലീത്തയുടെ പ്രസ്താവനയില്‍ പറയുന്നു.
ബൈഡന്‍-ഹാരിസ് ഭരണകൂടം റോയ് വി. വെയ്ഡ് ഉത്തരവിനെ ക്രോഡീകരിക്കുകയും, ജെയ്ന്‍ റോയ് പോലെയുള്ളവരുടെ അവകാശങ്ങളെ ബഹുമാനിക്കുന്ന ജഡ്ജിമാരെ നിയമിക്കുകയും ചെയ്യുമെന്ന്‍ പറഞ്ഞുകൊണ്ടാണ് ബൈഡന്‍ ഭ്രൂണഹത്യയോടുള്ള തന്റെ താത്പര്യം നേരത്തെ പ്രകടമാക്കിയത്. അതേസമയം പ്രസിഡന്റാവുന്നതിനു മുന്‍പും ശേഷവും പ്രസിഡന്റ് ബൈഡന്‍ താനൊരു കത്തോലിക്കാ വിശ്വാസിയാണെന്ന് വ്യക്തമാക്കിയിരിന്നു. എന്നാല്‍ ഗര്‍ഭഛിദ്ര വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാട് പൊതുവേ ആശങ്ക ഉയര്‍ത്തുന്നതാണെന്നാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ പറയുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക