News - 2025
ഗര്‍ഭഛിദ്രം തടയാന്‍ ജീവിതം സമര്‍പ്പിച്ച ജനിതക ശാസ്ത്രജ്ഞനടക്കം എട്ട് പേരുടെ നാമകരണത്തിന് അംഗീകാരം
പ്രവാചക ശബ്ദം 23-01-2021 - Saturday
വത്തിക്കാന്‍ സിറ്റി: ഡൌണ്‍ സിന്‍ഡ്രോമിന് കാരണമായ എക്സ്ട്രാ ക്രോമോസോം കണ്ടുപിടിച്ച കത്തോലിക്കാ ശിശുരോഗവിദഗ്ദനും പ്രോലൈഫ് ജനിതക ശാസ്ത്രജ്ഞനുമായ ഡോ. ജെറോം ലെജിയുണെ അടക്കം എട്ടുപേരുടെ വിശുദ്ധ പദവിയിലേക്കുള്ള നാമകരണത്തിന് ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരം. ജനുവരി 21ന് വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണ നടപടികളുടെ ചുമതല വഹിക്കുന്ന കര്‍ദ്ദിനാള്‍ മര്‍ചെല്ലോ സെമരാരോയുമായുള്ള കൂടിക്കാഴ്ചയിലാണ് പാപ്പ നാമകരണം അംഗീകരിക്കുന്ന ഡിക്രിയില്‍ ഒപ്പുവെച്ചത്.
1926-ല്‍ ഫ്രാന്‍സിലെ മോണ്‍ട്രൌജില്‍ ജനിച്ച ലെജിയൂണെ ഡൌണ്‍ സിന്‍ഡ്രോം രോഗികള്‍ക്ക് വേണ്ടി ആദ്യത്തെ സ്പെഷ്യലൈസ്ഡ് ക്ലിനിക്ക് സ്ഥാപിച്ചിരിന്നു. “തെറാപ്ട്ടിക് അബോര്‍ഷന്‍” എന്ന പേരില്‍ ഡൌണ്‍ സിന്‍ഡ്രോം വഴി ജനിക്കുവാനിരിക്കുന്ന ശിശുക്കള്‍ ഗര്‍ഭഛിദ്രം ചെയ്യപ്പെടുന്നത് തടയുവാനായി തന്റെ ജീവിത കാലം മുഴുവനും സമര്‍പ്പിക്കുകയായിരിന്നു.
ഡൌണ്‍ സിന്‍ഡ്രോമിന് കാരണമായ എക്സ്ട്രാ ക്രോമോസോമിന്റെ കണ്ടുപിടിത്തത്തിനു കാരണക്കാരായ മൂന്നു ശാസ്ത്രജ്ഞന്‍മാരില്‍ ഒരാളായ ഈ ഫ്രഞ്ച് ഡോക്ടര്‍ അബോര്‍ഷനെതിരേയും, മനുഷ്യ ഭ്രൂണങ്ങളെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നതിനെതിരേയും ധീരമായി നിലകൊണ്ട വ്യക്തികൂടിയാണ്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പൊന്തിഫിക്കല്‍ അക്കാഡമി ഫോര്‍ ലൈഫ്’ന്റെ പ്രസിഡന്റായി നിയമിച്ചിരിന്നു. മേഖലയില്‍ നടത്തിയ ഗവേഷണങ്ങളെ മാനിച്ച് 1962-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി ഏറ്റവും ഉന്നത പുരസ്കാരങ്ങളിലൊന്നായ കെന്നഡി പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. 1994-ല്‍ കരള്‍ രോഗബാധയെത്തുടര്‍ന്നാണ് അദ്ദേഹം മരണപ്പെടുന്നത്.
1944 ഒക്ടോബര്‍ 13ന് ഇറ്റലിയിലെ കാപാരയില്‍ നാസി ഓഫീസര്‍ വെടിവച്ചു കൊലപ്പെടുത്തിയ രക്തസാക്ഷി ഫാ. ജിയോവാന്നി ഫോണസീനി, രൂപതാ വൈദികരായ ഫാ. മൈക്കിള്‍, ഫാ. രുഗെരോ (ഇരുവരും ഇറ്റലി), സന്യാസ സമൂഹ സ്ഥാപകയായ മദര്‍ മരിയ ജോസഫൈന്‍ (ഇംഗ്ലണ്ട്), അത്മായ സംഘടനയായ ‘സെന്റ് വിന്‍സെന്റ് ഡി പോള്‍’ന്റെ സ്ഥാപകന്‍ ജാക്കോമോ ഫെര്‍ണാണ്ടസ്, (സ്‌പെയിന്‍), യുവജനങ്ങള്‍ക്കും പാവപ്പെട്ട പുറന്തള്ളപ്പെട്ട സ്ത്രീകള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച അഡെലൈഡെ ബോണോളിസ്(ഇറ്റലി) എന്ന അല്മാമയ വനിത, പതിനഞ്ചാം വയസില്‍ മരണമടഞ്ഞ പാസ്‌ക്വേല്‍ കാന്‍സി എന്ന സെമിനാരിക്കാരന്‍ (ഇറ്റലി) എന്നിവരുടെ വീരോചിത പുണ്യങ്ങളും ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക