News - 2025
ഹാഗിയ സോഫിയ: ചാണ്ടി ഉമ്മന്റെ പ്രസംഗത്തെ അപലപിച്ച് കെസിബിസി
പ്രവാചക ശബ്ദം 05-02-2021 - Friday
കൊച്ചി: കോൺഗ്രസ് യുവനേതാവായ ചാണ്ടി ഉമ്മന്‍ ഹാഗിയ സോഫിയ വിഷയത്തില്‍ നടത്തിയ പ്രസ്താവനയെ അപലപിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതി. ചാണ്ടി ഉമ്മൻ തന്റെ പ്രസംഗത്തിൽ തുർക്കിയിലെ ഹാഗിയാ സോഫിയ കത്തീഡ്രൽ മോസ്‌ക് ആക്കി മാറ്റിയ അവിടത്തെ ഭരണാധികാരി എർദോഗന്റെ പ്രവർത്തിയെ പ്രകീർത്തിച്ചുകൊണ്ട് ചന്ദ്രികയിൽ മുഖലേഖനമെഴുതിയ വ്യക്തിയെ ന്യായീകരിച്ചത് അപലപനീയമാണെന്നും വ്യാജ പ്രസ്താവനകളോടുള്ള പ്രതികരണമെന്നോണം രാഷ്ട്രീയ പ്രവർത്തകർ സമ്മേളനങ്ങളിൽ പ്രസംഗിക്കുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതായുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. തുർക്കി ഭരണാധികാരി, ചരിത്രസ്മാരകത്തെ വീണ്ടും മോസ്‌ക്കാക്കി മാറ്റിയത് ക്രൈസ്തവസമൂഹത്തിന് അപരിഹാര്യമായ മുറിവാണുണ്ടാക്കിയിരിക്കുന്നതെന്ന് അറിയാത്തവരാണോ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വമെന്ന് കെസിബിസി ചോദ്യമുയര്‍ത്തി.
പ്രസ്താവനയുടെ രൂപം
സാമൂഹിക മാധ്യമങ്ങളിൽ വ്യാജപേരുകൾവച്ച് വർഗ്ഗീയവിദ്വേഷം കലർത്തി പല വിഷയങ്ങളിലും പ്രതികരണങ്ങൾ എഴുതുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ക്രൈസ്തവ സഭയെ പ്രതിനിധാനം ചെയ്യുന്നുവെന്ന വ്യാജേന ചിലർ സാമൂഹിക മാധ്യമങ്ങൾ ഇപ്രകാരം വിനിയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളിൽ എഴുതുന്നവരും അതു പങ്കുവയ്ക്കുന്നവരും കേരള കത്തോലിക്കാസഭയെ പ്രതിനിധാനം ചെയ്യുന്നില്ല. കേരള സമൂഹത്തിൽ വർഗ്ഗീയ വിദ്വേഷം പടർത്തുന്ന ഒരു നടപടിയെയും സഭ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. അത് അംഗീകരിക്കുന്നുമില്ല. സാമൂഹിക മാധ്യമങ്ങളിൽ വരുന്ന ഇത്തരം വ്യാജ പ്രസ്താവനകളോടുള്ള പ്രതികരണമെന്നോണം രാഷ്ട്രീയ പ്രവർത്തകർ സമ്മേളനങ്ങളിൽ പ്രസംഗിക്കുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതായുണ്ട്.
ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന കോൺഗ്രസ് യുവനേതാവായ ചാണ്ടി ഉമ്മന്റെ പ്രസംഗം ക്രൈസ്തവസമൂഹത്തിന് വേദന ഉളവാക്കുന്നതാണ്. ചാണ്ടി ഉമ്മൻ തന്റെ പ്രസംഗത്തിൽ തുർക്കിയിലെ ഹാഗിയ സോഫിയ കത്തീഡ്രൽ മോസ്‌ക് ആക്കി മാറ്റിയ അവിടത്തെ ഭരണാധികാരി എർദോഗന്റെ പ്രവർത്തിയെ പ്രകീർത്തിച്ചുകൊണ്ട് ചന്ദ്രികയിൽ മുഖലേഖനമെഴുതിയ വ്യക്തിയെ ന്യായീകരിക്കുന്നതിനുവേണ്ടി യൂറോപ്പിലെ പല പള്ളികളും വിൽക്കപ്പെടുന്നതിനെയും നടത്തുന്നതിനെയും അവ വ്യാപാരശാലകളായി മാറ്റുന്നതിനേയും ചേർത്തു വ്യാഖ്യാനിക്കുകയുണ്ടായി.
ഹാഗിയ സോഫിയ കത്തീഡ്രൽ ഒരു വലിയ ചരിത്രപാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നതും കോൺസ്റ്റാന്റിനോപ്പിൾ പാർത്രിയാർക്കിസിന്റെ സ്ഥാനിക ദേവാലയവുമായിരുന്നു. വലിയതോതിൽ മതപീഡനം ഏറ്റുവാങ്ങിയ ഒരു വലിയ വിഭാഗം ക്രൈസ്തവ ജനതയെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതാണ് ഈ കത്തീഡ്രൽ. തുർക്കി ഭരണാധികാരി, ചരിത്രസ്മാരകത്തെ വീണ്ടും മോസ്‌ക്കാക്കി മാറ്റിയത് ക്രൈസ്തവസമൂഹത്തിന് അപരിഹാര്യമായ മുറിവാണുണ്ടാക്കിയിരിക്കുന്നതെന്ന് അറിയാത്തവരാണോ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം. അറിയേണ്ട ചരിത്രം അറിയേണ്ടവിധം അറിഞ്ഞിരിക്കാൻ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന യുവനേതാക്കൾ ശ്രദ്ധിക്കണം.