India - 2024

ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളം

പ്രവാചക ശബ്ദം 10-02-2021 - Wednesday

ന്യൂഡല്‍ഹി: ഫാ. സ്റ്റാന്‍ സ്വാമിയെ മാസങ്ങളായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം. സാമൂഹ്യപ്രവര്‍ത്തകനായ 83 വയസുള്ള ഫാ. സ്റ്റാന്‍ സ്വാമി രോഗിയായിട്ടും അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതു പൗരാവകാശങ്ങളുടെ ലംഘനമാണെന്ന കേരള കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴികാടന്റെ നിലപാടിനെ ബിജെപി അംഗം നിഷികാന്ത് ദുബൈ എതിര്‍ത്താതാണു ബഹളത്തിനിടയാക്കിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അടിയന്തരമായി ഇടപെട്ട് ഫാ. സ്റ്റാന്‍ സ്വാമിയെ എത്രയും വേഗം മോചിപ്പിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന ചാഴികാടന്റെ ആവശ്യത്തിനു പിന്തുണയുമായി മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയിയും കോണ്ഗ്രസിലെ ഡീന്‍ കുര്യാക്കോസ് തുടങ്ങിയവരും രംഗത്തെത്തിയതു ബിജെപിക്കു തിരിച്ചടിയായി. ഫാ. സ്റ്റാന്‍ സ്വാമി സാമൂഹ്യപ്രവര്‍ത്തകനാണെന്നു ചാഴികാടന്‍ പറഞ്ഞതാണു ശരിയെന്നു സൗഗത റോയിയും ഡീന്‍ കുര്യാക്കോസും പറഞ്ഞു.

കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയാണ്. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികള്‍ക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു.


Related Articles »