News

ക്രൈസ്തവ വിശ്വാസം തിന്മയാണെന്നു പരിശീലനം: ചൈനയില്‍ വിദ്യാഭ്യാസത്തിലൂടെയും മതപീഡനമെന്ന് റിപ്പോര്‍ട്ട്‌

പ്രവാചക ശബ്ദം 11-02-2021 - Thursday

ബെയ്ജിംഗ്: ദൈവത്തിന് പകരം കമ്മ്യൂണിസ്റ്റ് ഭരണാധികാരി ഷി ജിന്‍പിംഗിനെ ആരാധിക്കുവാനും, മാതാപിതാക്കളെ ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിന്നും പിന്തിരിപ്പിക്കുവാനും നിഷ്കളങ്കരായ സ്കൂള്‍ കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള നടപടികള്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഊര്‍ജ്ജിതപ്പെടുത്തിയതായി മാധ്യമ റിപ്പോര്‍ട്ട്. ‘ശരിയായ ആശയങ്ങളും ചിന്തകളും’ എന്ന പേരില്‍ വളര്‍ന്നുവരുന്ന യുവതലമുറയെ നിരീശ്വരവാദികളാക്കുന്നതിനുള്ള ശ്രമങ്ങള്‍ ചൈനീസ്‌ ഭരണകൂടം ത്വരിതപ്പെടുത്തി എന്നാണ് ‘എപ്പോക്ക് ടൈംസ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മതപരമായ കാര്യങ്ങള്‍ സംബന്ധിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചട്ടങ്ങള്‍ പ്രകാരം, ക്രിസ്തീയ വീക്ഷണങ്ങള്‍വെച്ചു പുലര്‍ത്തുന്ന കുടുംബാംഗങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുവാനും, നിരീശ്വരവാദികളാക്കുവാനും വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുകളില്‍ പരിശീലനം നല്‍കിവരികയാണെന്ന്‍ സി.ബി.എന്‍ അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാന്‍ നല്‍കിയിരിക്കുന്ന ‘സദാചാരവും, സമൂഹവും’ എന്ന പുസ്തകത്തിലാണ് ഇത് സംബന്ധിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്കൂളില്‍ പോയതിനു ശേഷം തന്റെ കുട്ടി അസ്വഭാവികമായി പെരുമാറുന്നു എന്ന്‍ ഒരു മാതാവ് വേദനയോടെ വെളിപ്പെടുത്തിയപ്പോള്‍, വീട്ടില്‍ ക്രിസ്ത്യന്‍ ലഘുലേഖ കണ്ട് സ്കൂളില്‍ പഠിക്കുന്ന തന്റെ കുട്ടി ആശങ്കപ്പെട്ട കഥയാണ്‌ മറ്റൊരു ക്രിസ്ത്യാനി വിവരിച്ചത്. ഇതിന് കാരണം സ്കൂളുകളില്‍ ക്രൈസ്തവ വിശ്വാസം തിന്മയാണെന്നാണ് പഠിപ്പിക്കുന്നതെന്ന് ബോധ്യമായെന്ന് അവര്‍ വെളിപ്പെടുത്തി. ഭരണകൂടത്തിനു ഭീഷണിയാണെന്ന് കണ്ട് വിശ്വാസീ സമൂഹത്തെ ഉന്മൂലനം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നുണ്ടെന്ന് ഫെയ്ത്ത്-വയര്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളേക്കാള്‍ കൂടുതല്‍ ക്രൈസ്തവര്‍ ചൈനയിലുണ്ട് എന്നതാണ് ചൈനീസ് ഭരണകൂടം ക്രൈസ്തവ വിശ്വാസത്തെ ഭയക്കുന്നതിന്റെ പ്രധാന കാരണമായി നിരീക്ഷിക്കുന്നത്. ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ വിലക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. എല്ലാ മതങ്ങളേയും കമ്മ്യൂണിസ്റ്റുവല്‍ക്കരിക്കണമെന്നാണ് ഷി ജിന്‍പിംഗിന്റെ ഉത്തരവ്. ക്രിസ്ത്യന്‍ ഭവനത്തില്‍ നിന്നും മത കലണ്ടര്‍ മാറ്റി ‘പാര്‍ട്ടിയോട് നന്ദിയുള്ളവരായിരിക്കുക, പാര്‍ട്ടി പറയുന്നത് അനുസരിക്കുകയും പിന്തുടരുകയും ചെയ്യുക’ എന്നെഴുതിയ പാര്‍ട്ടി കലണ്ടര്‍ സ്ഥാപിച്ചത് അടക്കമുള്ള സംഭവങ്ങള്‍ ഇതിന്റെ തെളിവാണ്.

4 മാസങ്ങള്‍ക്കുള്ളില്‍ ഒരു പ്രവിശ്യയിലെ ദേവാലയങ്ങളില്‍ നിന്ന് മാത്രം നൂറുകണക്കിന് കുരിശുകള്‍ നീക്കം ചെയ്തതും, ദേവാലയങ്ങള്‍ക്കുള്ളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതും, സര്‍ക്കാര്‍ അംഗീകൃത പാസ്റ്റര്‍മാര്‍ക്ക് മാത്രമേ ആരാധനകള്‍ നടത്തുവാനുള്ള അവകാശമുള്ളൂ തുടങ്ങീ നിരവധി പരസ്യമായ ക്രൈസ്തവ-വിരുദ്ധ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. എന്നാല്‍ കടുത്ത സമ്മര്‍ദ്ധങ്ങള്‍ക്കു നടുവിലും ക്രിസ്തുവിലുള്ള വിശ്വാസം നെഞ്ചിലേറ്റുന്നവരാണ് ചൈനീസ് ക്രൈസ്തവ സമൂഹം. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളെക്കുറിച്ചുള്ള ഓപ്പണ്‍ ഡോഴ്സിന്റെ ഈ വര്‍ഷത്തെ പട്ടികയില്‍ പതിനേഴാം സ്ഥാനത്താണ് ചൈന.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »