Arts

തീവ്രവാദികളുടെ കയ്യില്‍ അകപ്പെടാതെ സൂക്ഷിച്ച പുരാതന അറമായ പ്രാര്‍ത്ഥനാ കയ്യെഴുത്ത് പ്രതി പാപ്പക്ക് കൈമാറി

പ്രവാചക ശബ്ദം 11-02-2021 - Thursday

വത്തിക്കാന്‍ സിറ്റി: വടക്കന്‍ ഇറാഖിലെ ക്രിസ്ത്യന്‍ പട്ടണമായ ക്വാരഖോഷ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്ന കാലത്ത് തീവ്രവാദികളുടെ കയ്യില്‍പ്പെടാതെ സംരക്ഷിച്ച ചരിത്രപരവും അമൂല്യവുമായ പ്രാര്‍ത്ഥന കയ്യെഴുത്ത് പ്രതി ഫ്രാന്‍സിസ് പാപ്പക്ക് കൈമാറി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് യേശു സംസാരിച്ചിരിന്ന അറമായ ഭാഷയിലുള്ള പ്രാര്‍ത്ഥനാകയ്യെഴുത്ത് പ്രതി അപ്പസ്തോലിക മന്ദിരത്തിലെ ലൈബ്രറിയില്‍വെച്ചു കൈമാറിയത്. ഇറ്റലിയിലെ 87-ഓളം അന്താരാഷ്ട്ര സന്നദ്ധ സംഘടനകളടങ്ങിയ അസോസിയേഷന്റെ (എഫ്.ഒ.സി.എസ്.ഐ.വി) സംരക്ഷണയിലായിരുന്ന ഈ അമൂല്യ ഗ്രന്ഥം.

എഫ്.ഒ.സി.എസ്.ഐ.വി പ്രതിനിധിയും, ട്രെന്റോയിലെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന ലൂയിജി ബ്രെസ്നാനും, ‘സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് ദി ബുക്സ്’ (ഐ.സി.പി.എ.എല്‍) റിസ്റ്റോറേഷന്‍ വിഭാഗം ഹെഡ് ലുസില്ല നൂസിടെല്ലിയും, എഫ്.ഒ.സി.എസ്.ഐ.വി പ്രസിഡന്റ് ഇവാന ബോര്‍സോട്ടോയും അടങ്ങിയ പ്രതിനിധി സംഘമാണ് പ്രാര്‍ത്ഥനാകൈയെഴുത്ത് പ്രതി ഫ്രാന്‍സിസ് പാപ്പക്ക് കൈമാറിയത്. 14-15 നൂറ്റാണ്ടുകള്‍ക്കിടയിലേതെന്ന് കരുതപ്പെടുന്ന ‘സിഡ്ര’ എന്ന ഈ അമൂല്യ ഗ്രന്ഥത്തില്‍ അറമായ ഭാഷയില്‍ എഴുതപ്പെട്ട സിറിയന്‍ പാരമ്പര്യത്തിലെ ഉയിര്‍പ്പുകാല പ്രാര്‍ത്ഥനകളാണുള്ളത്.

ബഖീഡ എന്നും അറിയപ്പെടുന്ന ക്വാരഖോഷിലെ സിറിയന്‍ കത്തോലിക്കാ ദേവാലയമായ ഗ്രേറ്റ് അല്‍-താഹിറ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലിലായിരുന്നു കയ്യെഴുത്ത് പ്രതി സൂക്ഷിച്ചിരിന്നത്. ക്വാരഖോഷ് ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലായിരുന്ന 2014-2016 കാലയളവില്‍ തീവ്രവാദികള്‍ കത്തീഡ്രല്‍ കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. പിന്നീട് 2017 ജനുവരിയില്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ കണ്ടെടുത്ത ഈ പുസ്തകം പ്രാദേശിക മെത്രാനായിരുന്ന ആര്‍ച്ച് ബിഷപ്പ് യോഹാന ബുട്രോസ് മൌച്ചെയെ ഏല്‍പ്പിക്കുകയും അദ്ദേഹം ഈ അമൂല്യ ഗ്രന്ഥത്തിന്റെ സംരക്ഷണം ഒരു ക്രിസ്ത്യന്‍ സന്നദ്ധ സംഘടയെ ഏല്‍പ്പിക്കുകയുമായിരുന്നു.

ഇറ്റാലിയന്‍ സാംസ്കാരിക-പാരമ്പര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ‘ഐ.സി.പി.എ.എല്‍’ന്റെ സംരക്ഷണയിലായിരുന്നു കയ്യെഴുത്ത് പ്രതി. സമാധാനത്തിന്റേയും, സാഹോദര്യത്തിന്റേയും പ്രതീകമായി പുസ്തകത്തെ പരിശുദ്ധ പിതാവിന്റെ കരങ്ങളില്‍ ഏല്‍പ്പിക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു ഗ്രന്ഥം സമ്മാനിച്ചുകൊണ്ട് ബോര്‍സോട്ടോ പറഞ്ഞു. കയ്യെഴുത്ത് പ്രതിയുടെ അവസാന പേജുകള്‍ക്ക് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കിലും അതിലടങ്ങിയിരിക്കുന്ന പ്രാര്‍ത്ഥനകള്‍ നിനവേ മേഖലയിലെ ക്രൈസ്തവര്‍ ഇപ്പോഴും ചൊല്ലുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 5-8 തിയതികളിലുള്ള തന്റെ ഇറാഖ് സന്ദര്‍ശനത്തിനിടയില്‍ പാപ്പ ഈ ഗ്രന്ഥം അല്‍-താഹിറ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലിന് കൈമാറുമെന്നാണ് പുറത്തുവരുന്ന വിവരം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »