Arts - 2024

നവതി നിറവിൽ വത്തിക്കാൻ റേഡിയോ: ആശംസകള്‍ അറിയിച്ച് പാപ്പ

പ്രവാചക ശബ്ദം 14-02-2021 - Sunday

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹങ്ങളിലേക്ക് വത്തിക്കാനില്‍ നിന്നുള്ള പാപ്പയുടെ സന്ദേശങ്ങളും വാര്‍ത്തകളും ആത്മീയ വളര്‍ച്ചയ്ക്ക് സഹായമേകുന്ന മറ്റ് പരിപാടികളുമായി സജീവമായി നിലകൊള്ളുന്ന വത്തിക്കാന്‍ റേഡിയോ നവതി നിറവില്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് (12/02/21) വത്തിക്കാന്‍ റേഡിയോയ്ക്ക് 90 വയസ്സു തികഞ്ഞത്. 1931 ഫെബ്രുവരി 12നു പതിനൊന്നാം പിയൂസ് പാപ്പയാണ് വത്തിക്കാൻ റേഡിയോ ഉദ്ഘാടനം ചെയ്തത്. പാപ്പയുടെ ആഗ്രഹപ്രകാരം ഗുല്യേൽമൊ മർക്കോണി (Guglielmo Marconi) വത്തിക്കാൻ റേഡിയോ നിലയം സ്ഥാപിക്കുകയായിരിന്നു.

10 കിലോവാട്ട് വൈദ്യുതി രണ്ട് ഹ്രസ്വ തരംഗങ്ങളിൽ എച്ച് വി ജെ എന്ന കോൾ‌സൈൻ ഉപയോഗിച്ച് 1931 ഫെബ്രുവരി 12ന് പ്രക്ഷേപണം ആരംഭിച്ച വത്തിക്കാൻ റേഡിയോ ഇന്ന് ഹ്രസ്വ-മാധ്യമ- എഫ്എം തരംഗങ്ങൾക്കു പുറമെ, ഉപഗ്രഹം ഇന്‍റർനെറ്റ് എന്നിങ്ങനെയുള്ള അത്യാധുനിക ഉപാധികളും ഉപയോഗിച്ച് മലയാളം ഉൾപ്പെടെ 41 ഭാഷകളിൽ പ്രക്ഷേപണം തുടരുന്നുണ്ട്. 69 നാടുകളെ പ്രതിനിധാനം ചെയ്യുന്ന മാധ്യമപ്രവർത്തകർ വത്തിക്കാൻ റേഡിയോയിൽ സേവനമനുഷ്ഠിക്കുന്നു. വർഷത്തിൽ 12000 മണിക്കൂറാണ് മൊത്ത പ്രക്ഷേപണസമയം.

തൊണ്ണൂറാം വാർഷിക ദിനത്തിൽ ഫ്രാന്‍സിസ് പാപ്പ വത്തിക്കാന്‍ റേഡിയോയ്ക്കും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നു. വത്തിക്കാൻ റേഡിയോയിലെ ജീവനക്കാരുടെ പ്രവർത്തനങ്ങൾക്ക് തന്റെ നന്ദി അറിയിച്ച പാപ്പ ഒറ്റപ്പെട്ടുകിടക്കുന്ന, അതിവിദൂരമായ ഇടങ്ങളിൽപ്പോലും വാക്കുകൾ എത്തിക്കാൻ കഴിയുന്നു എന്ന മനോഹാരിത റേഡിയോയ്ക്കുണ്ടെന്നു പറഞ്ഞു. നവതി ദിനത്തില്‍ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ രാവിലെ ദിവ്യബലി അർപ്പിച്ചു. റേഡിയോയുടെ മേലധികാരികളും മാധ്യമ പ്രവർത്തകരുൾപ്പടെയുള്ള ജീവനക്കാരും ദിവ്യബലിയിൽ സംബന്ധിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   

More Archives >>

Page 1 of 25