Arts
ലോകത്തെ ഏറ്റവും വലിയ ഗോത്തിക്ക് അള്‍ത്താരയുടെ പുനരുദ്ധാരണം പൂര്‍ത്തിയായി
പ്രവാചക ശബ്ദം 10-02-2021 - Wednesday
ക്രാക്കോവ്: അഞ്ചു വര്‍ഷങ്ങള്‍ നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ലോകത്തെ ഏറ്റവും വലിയ ഗോത്തിക്ക് ശൈലിയിലുള്ള അള്‍ത്താര ആയിരങ്ങളുടെ മനം കവരുന്നു. പോളണ്ടിലെ ക്രാക്കോവ് നഗരത്തിലെ ലോക പ്രസിദ്ധമായ സെന്റ് മേരീസ് ബസലിക്കയിലെ അള്‍ത്താരയാണ് നിര്‍മ്മിച്ചപ്പോള്‍ ഉണ്ടായിരുന്ന തിളക്കത്തോടെ അനേകരെ ആകര്‍ഷിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വിഖ്യാത കലാകാരനായിരുന്ന വിറ്റ് സ്റ്റുവോസാണ് ദേവാലയത്തിന്റെ അള്‍ത്താര നിര്‍മ്മിച്ചത്. പോളണ്ടിന്റെ ദേശീയ നിധികളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന അള്‍ത്താര ഗോത്തിക്ക് ശില്‍പ്പകലാ ശൈലിയിലുള്ള ലോകത്തെ ഏറ്റവും വലിയ അള്‍ത്താരയാണ്. 2015-ല്‍ ആരംഭിച്ച പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏതാണ്ട് 1.4 കോടി പോളിഷ് സ്ലോട്ടിയാണ് ചിലവഴിച്ചത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത് രണ്ടാമതാണ് അള്‍ത്താര പുതുക്കി പണിയുന്നത്. ‘അള്‍ത്താര്‍ ഓഫ് ഡോര്‍മിഷന്‍ ഓഫ് ബ്ലസ്സ്ഡ് മേരി’ എന്നാണ് അള്‍ത്താരയുടെ പൂര്‍ണ്ണനാമം. മുന്‍പ് നടന്ന പുനരുദ്ധാരണത്തില്‍ അള്‍ത്താരയുടെ നിറങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നെങ്കിലും ഇപ്പോള്‍ പൂര്‍ത്തിയായ പുനരുദ്ധാരണം യഥാര്‍ത്ഥ നിറത്തിലുള്ള അള്‍ത്താരയെ തിരികെ കൊണ്ടുവരികയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരുന്നെങ്കിലും ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്കഫോള്‍ഡിംഗുകള്‍ നീക്കം ചെയ്ത ശേഷമായിരുന്നു അള്‍ത്താരയുടെ പൂര്‍ണ്ണ രൂപം ദൃശ്യമായത്. 13 മീറ്റര്‍ ഉയരത്തില്‍ അഞ്ച് പാനലുകളായി നിര്‍മ്മിച്ചിരിക്കുന്ന അള്‍ത്താരയുടെ വിസ്തൃതി 866 ചതുരശ്ര മീറ്ററാണ്.
ഇരുന്നൂറോളം രൂപങ്ങളാണ് അള്‍ത്താരയില്‍ ഉള്ളത്. ഇതില്‍ ഏറ്റവും വലിയ രൂപത്തിന്റെ ഭാരം 250 കിലോയും. ഏതാണ്ട് ആയിരത്തോളം വര്‍ഷങ്ങള്‍ പഴക്കമുള്ള തടി കൊണ്ടാണ് വലിയ രൂപങ്ങളെല്ലാം നിര്‍മ്മിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. പുനരുദ്ധാരണത്തിനിടെ 1486 എന്ന വര്‍ഷം രേഖപ്പെടുത്തിയിരുന്നത് ജോലിക്കാര്‍ കണ്ടെത്തിയിരുന്നു. ടോമോഗ്രാഫി, ലേസര്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പരിശോധനകള്‍ നടത്തിയ ശേഷമായിരുന്നു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ചരിത്രകാരന്മാര്‍, ഭൗതീകശാസ്ത്രജ്ഞര്‍, രസതന്ത്രജ്ഞര്‍ തുടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ദരടങ്ങിയ സംഘം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. വാഴ്സോയിലേയും ക്രാക്കോവിലേയും ഫൈന്‍ ആര്‍ട്സ് അക്കാദമികളിലെ ചരിത്രപരവും, അമൂല്യവുമായി കലകളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമുള്ള ഇന്റര്‍കോളേജിയേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കായിരുന്നു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല. ക്രാക്കോവിലെ ചരിത്രസ്മാരകങ്ങളുടെ പുനരുദ്ധാരണത്തിനു വേണ്ടിയുള്ള നാഷണല്‍ ഫണ്ടില്‍ നിന്നും, ക്രാക്കോവ് നഗരത്തിന്റെ ബജറ്റില്‍ നിന്നും, അസ്സംപ്ഷന്‍ ഓഫ് ബ്ലസ്ഡ് വര്‍ജിന്‍ മേരി ഇടവകയുടെ സഹായത്തോടെയുമാണ് പുനരുദ്ധാരണത്തിന് വേണ്ട പണം കണ്ടെത്തിയത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക