Life In Christ
എതിര്‍പ്പുകള്‍ അവഗണിച്ച് ഉഗാണ്ടയിലെ ഇരട്ട സഹോദരങ്ങള്‍ തിരുപ്പട്ടത്തെ പുല്‍കി
പ്രവാചക ശബ്ദം 14-02-2021 - Sunday
കാസെസെ: കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ഈ മാസം ആദ്യം തിരുപ്പട്ട സ്വീകരണം നടത്തിയവരില്‍ ഇരട്ട സഹോദരങ്ങളും. ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് സഹോദരങ്ങളായ ഫാ. പീറ്റര്‍ കാടുരാമു ഇസിങ്ങോമയും, ഫാ. ആന്‍ഡ്രൂ കാടോ കാടുരാമുവുമാണ് ഉഗാണ്ടയില്‍ പൌരോഹിത്യ പട്ടം സ്വീകരിച്ചത്. ഈ ദിനം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും, ചെറുപ്പം മുതല്‍ താലോലിച്ചു കൊണ്ടിരുന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ച ദിവസമാണെന്നു നവവൈദികര്‍ എ.സി.ഐ ആഫ്രിക്കക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തങ്ങളുടെ രൂപതയില്‍ ഇത്രയധികം പേര്‍ ഒരുമിച്ച് ഒരുദിവസം തിരുപ്പട്ട സ്വീകരണം നടത്തുന്നത് താന്‍ കണ്ടിട്ടില്ലെന്നും, അതൊരു മനോഹരമായ ചടങ്ങായിരുന്നെന്നും ഫാ. പീറ്റര്‍ പറഞ്ഞു. പന്ത്രണ്ടു പേരാണ് ഒരെദിവസം തിരുപ്പട്ട സ്വീകരണം നടത്തിയത്.
സഹോദരങ്ങളായി തങ്ങള്‍ ജനിക്കുന്നതിനു മുന്‍പ് തന്നെ ദൈവത്തിനു തങ്ങളേപ്പറ്റിയുള്ള പദ്ധതി ഉണ്ടായിരുന്നെന്നും, യേശുവിന്റെ ശിഷ്യന്‍മാരുടെ പേരുകള്‍ തന്നെയാണ് തങ്ങളുടെ മാതാപിതാക്കള്‍ തങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും, തങ്ങള്‍ തീര്‍ച്ചയായും ദൈവസേവനത്തിനായി വിളിക്കപ്പെട്ടിരിക്കുന്നവരാണെന്നും ആന്‍ഡ്രൂ പറഞ്ഞു. വളര്‍ന്നു വരുംതോറും കത്തോലിക്ക പുരോഹിതന്‍മാരാകുന്നതിനെക്കുറിച്ച് തങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നുവെന്ന്‍ അദ്ദേഹം പറയുന്നു.
വൈദികരാകുവാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഞെട്ടിയത് ഫാ. പീറ്റര്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു. 8 മക്കളുള്ള കുടുംബത്തിലെ മൂത്തമക്കളായ തങ്ങള്‍ തങ്ങളുടെ ജീവിതം പാഴാക്കുകയാണെന്ന് ചിലര്‍ മാതാപിതാക്കളോട് ഉപദേശിച്ച കാര്യവും ഒരു സമയത്ത് മാതാപിതാക്കള്‍ തങ്ങളെ നിരുത്സാഹപ്പെടുത്തുവാന്‍ ശ്രമിച്ചതും അതിനെ തങ്ങള്‍ അതിജീവിച്ചതും അവര്‍ സ്മരിച്ചു. ഇപ്പോള്‍ തങ്ങളുടെ മാതാപിതാക്കള്‍ തങ്ങളെ ഓര്‍ത്ത് അഭിമാനിക്കുകയാണെന്നും നവവൈദികര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടു പേരേയും ഒരുമിച്ച് സെമിനാരിയില്‍ ചേര്‍ക്കുവാനുള്ള സാമ്പത്തിക സ്ഥിതി മാതാപിതാക്കള്‍ക്ക് ഇല്ലായിരിന്നു. പിന്നീട് ആന്‍ഡ്രൂവിനെ അടുത്തുള്ള കത്തോലിക്ക സ്കൂളില്‍ ഒ’ലെവല്‍ പഠനത്തിനായി ചേര്‍ത്തു. എ’ലെവല്‍ പഠനകാലത്ത് മൈനര്‍ സെമിനാരിയില്‍വെച്ചാണ് രണ്ടു സഹോദരന്‍മാരും പിന്നീട് ഒരുമിക്കുന്നത്. തത്വശാസ്ത്ര പഠനത്തിനായി പീറ്റര്‍ കാടിഗോണ്ടോയിലെ സെന്റ് തോമസ് അക്വിനാസ് മേജര്‍ സെമിനാരിയിലേക്കും, ആന്‍ഡ്ര്യൂ ഗുളുവിലെ ഉഗാണ്ട മാര്‍ട്ടിയേഴ്സ് അലോക്കുലം മേജര്‍ സെമിനാരിയിലേക്കും പോയി. സെന്റ് മേരീസ് നാഷ്ണല്‍ സെമിനാരിയിലും, സെന്റ് പോള്‍സ് മേജര്‍ സെമിനാരിയിലുമായിട്ടാണ് ഇരുവരും തങ്ങളുടെ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയത്. ഒരു സഹോദരനും അഞ്ചു സഹോദരിമാരുമാണ് ഇവര്‍ക്കുള്ളത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക