News - 2024

സ്കൂളുകളില്‍ സരസ്വതീ പൂജ നടത്തണം: ദാമന്‍ ഭരണകൂടത്തിന്റെ സര്‍ക്കുലറിനെതിരെ ക്രിസ്ത്യന്‍ സംഘടന

പ്രവാചക ശബ്ദം 16-02-2021 - Tuesday

ന്യൂഡല്‍ഹി: കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര നഗർ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളിലെ സര്‍ക്കാര്‍, നോണ്‍ എയിഡഡ്, സ്വകാര്യ സ്കൂളുകളില്‍ വസന്തപഞ്ചമിയ്ക്കു നിര്‍ബന്ധമായും ഹൈന്ദവ വിശ്വാസപ്രകാരമുള്ള സരസ്വതി പൂജയും, പ്രാര്‍ത്ഥനയും നടത്തിയിരിക്കണമെന്ന ദാമന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക സര്‍ക്കുലറിനെതിരെ ക്രിസ്ത്യന്‍ സംഘടന രംഗത്ത്. സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ഡല്‍ഹി ആസ്ഥാനമായി ഭാരതത്തിലെ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ‘യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം’ (യു.എഫ്.സി) ഭരണകൂടത്തോടും, വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെട്ടു. സരസ്വതീ ദേവിയുടെ പൂജയും, പ്രാര്‍ത്ഥനയും നടത്തി അതിന്റെ റിപ്പോര്‍ട്ടും ഫോട്ടോയും ഫെബ്രുവരി പതിനേഴിനകം സമര്‍പ്പിക്കണമെന്നാണ് ഇക്കഴിഞ്ഞ 11ന് ദാമന്‍ ഭരണകൂടം പുറത്തുവിട്ട സര്‍ക്കുലറില്‍ പറയുന്നത്.

അറിവ്, ബുദ്ധി, വിശുദ്ധി എന്നിവയുടെ പ്രതീകമായ സരസ്വതീ ദേവിയുടെ ജന്മദിനമാണ് വസന്ത പഞ്ചമിയെന്നും ദാദ്ര, നഗര്‍ ഹവേലി, ദാമന്‍, ദിയു എന്നിവിടങ്ങളിലെ സ്കൂളുകളിലെ പ്രിന്‍സിപ്പാള്‍മാരും, പ്രധാന അദ്ധ്യാപകരും ഇന്നു ഫെബ്രുവരി 16ന് വസന്തപഞ്ചമി ആഘോഷിക്കുകയും, സ്കൂള്‍ തലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുകയും വേണമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. സര്‍ക്കുലര്‍ മതസ്വാതന്ത്ര്യത്തിനും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുവാനും നടത്തുവാനും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളേയും ബാധിക്കുന്നതാണെന്നാണ് ‘യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം’ കണ്‍വീനറായ എ.സി മൈക്കേല്‍ പ്രസ്താവിച്ചു.

ഭരണകൂടം ഇതിനുമുന്‍പും ക്രൈസ്തവരോട് പക്ഷപാതപരമായി പെരുമാറിയിട്ടുണ്ട്. 2019-ല്‍ ദുഃഖവെള്ളിയാഴ്ച ഗസറ്റഡ് അവധി ദിവസമല്ലാതാക്കുവാന്‍ ശ്രമം നടത്തിയെങ്കിലും, ക്രൈസ്തവ സമൂഹം ഹൈക്കോടതിയെ സമീപിച്ചതിനാല്‍ പരാജയപ്പെടുകയായിരുന്നു. മതപരമായ സഹിഷ്ണുതയും, തുല്യതയും, മതവിഭാഗങ്ങളുടെ ജീവന്റേയും, സ്വത്തിന്റേയും അവരുടെ ആരാധനാലയങ്ങളുടേയും സംരക്ഷണവും ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന മതനിരപേക്ഷതയുടെ പ്രധാന ഭാഗമാണെന്ന് ‘എസ്.ആര്‍ ബൊമ്മൈ വി. ഇന്ത്യന്‍ യൂണിയന്‍’ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സ്വാതന്ത്ര്യ സമരകാലത്ത് രാജ്യത്തെ ക്രൈസ്തവര്‍ കാണിച്ച ദേശസ്നേഹത്തെക്കുറിച്ചും, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സൈനീക, വിദ്യാഭ്യാസ, ആരോഗ്യ പരിപാലന മേഖലകളില്‍ ക്രിസ്ത്യാനികള്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ചും മൈക്കേലിന്റെ വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശമുണ്ട്. ‘ദാദ്ര, നഗര്‍ ഹവേലി, ദാമന്‍, ദിയു’ എന്നിവിടങ്ങളിലെ 6,00,000 വരുന്ന ജനസംഖ്യയില്‍ വെറും ഒന്‍പതിനായിരം ക്രൈസ്തവര്‍ മാത്രമാണുള്ളത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »