News - 2024

പ്രതികരിക്കുന്നവര്‍ പുറത്ത്: ഡച്ച് മിഷ്ണറിയെ രാജ്യത്ത് നിന്ന് പുറത്താക്കാൻ ഫിലിപ്പീൻസ് ഭരണകൂടം

പ്രവാചക ശബ്ദം 19-02-2021 - Friday

ക്യൂൻസോൺ: നിയമവിരുദ്ധമായ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നാരോപിച്ച് ഒട്ടോ റുഡോൾഫ് എന്ന ഡെൻമാർക്ക് സ്വദേശിയായ മിഷ്ണറിയോട് രാജ്യം വിടാൻ ഫിലിപ്പീൻസ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. മുപ്പതു ദിവസത്തെ സമയമാണ് അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്നത്. ഒട്ടോ റുഡോൾഫ് രാജ്യത്ത് പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേബർ എഡുക്കേഷൻ ആൻഡ് റിസർച്ച്, കിലുസാങ് മായോ ഉനോ ലേബർ സെന്റർ എന്നീ സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചുവെന്നാണ് സർക്കാർ ആരോപിക്കുന്നത്.

നെതര്‍ലന്റിലെ റോട്ടർഡാം രൂപതാംഗമായ ഒട്ടോ റുഡോൾഫ് തൊഴിലാളികളുടെ അവകാശത്തിനുവേണ്ടി പ്രവർത്തിക്കാനാണ് ക്യൂൻസോൺ പ്രവിശ്യയിലെ ഇൻഫാന്റയിൽ എത്തുന്നത്. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ചെന്നുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ചൊടിപ്പിക്കുകയായിരിന്നു. പെർമനന്റ് റസിഡന്റ് വിസ അദ്ദേഹത്തിന് ഫിലിപ്പീൻസിൽ ഉണ്ടായിരുന്നു. വിസ പുതുക്കാൻ എത്തിയപ്പോഴാണ് തന്നെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള തീരുമാനം അറിഞ്ഞതെന്ന് റുഡോൾഫ് പറയുന്നു.

20 വർഷമായി പാസിക് എന്ന നഗരത്തിൽ തൊഴിലാളി പ്രശ്നങ്ങളിൽ ഇടപെട്ട്, ബാലവേല നിരോധിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേബർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സംഘടനയ്ക്ക് വേണ്ടി ഗവേഷകനായാണ് അദ്ദേഹം സേവനം ചെയ്തുവന്നിരുന്നത്. തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനു വേണ്ടി ഒട്ടോ റുഡോൾഫ് നടത്തിയ പരിശ്രമങ്ങൾ സര്‍ക്കാര്‍ മനസിലാക്കി തീരുമാനം പുനഃപരിശോധിക്കണമെന്ന് മനില അതിരൂപതയിലെ തൊഴിലാളി കമ്മീഷൻ തലവൻ ഫാ. എറിക് അഡോവിസൊ ആവശ്യപ്പെട്ടു. ഇതിന് സമാനമായ നിരവധി സംഭവങ്ങൾ ഫിലിപ്പീൻസിൽ മുൻപും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 27 വര്‍ഷമായി ഫിലിപ്പീന്‍സില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിവരികയായിരുന്ന സിസ്റ്റര്‍ പട്രീഷ്യ ഫോക്സ് എന്ന സന്യാസിനിയെ കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പുറത്താക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിന്നു. സമ്മര്‍ദ്ധങ്ങള്‍ക്കൊടുവില്‍ 2018 നവംബറില്‍ സിസ്റ്റര്‍ സ്വദേശമായ ഓസ്ട്രേലിയയിലേക്ക് മടങ്ങി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »