Life In Christ - 2025
കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന മലാവിയിലെ ജനതയുടെ കണ്ണീര്‍ തുടച്ച് കത്തോലിക്ക മിഷ്ണറിമാര്‍
പ്രവാചക ശബ്ദം 22-02-2021 - Monday
ലിലൊങ്ഗ്വേ: കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ ജനതയ്ക്ക് ഡെൻമാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മോണ്ട്ഫോർട്ട് മിഷ്ണറിമാർ വിവിധ തരത്തിലുള്ള സഹായങ്ങൾ കൈമാറി. അത്യാഹിത വിഭാഗത്തിലേക്കുള്ള ബെഡുകൾ, ഓക്സിജൻ സിലിണ്ടറുകൾ, ഗ്ലൂക്കോമീറ്ററുകൾ, നെബുലൈസറുകള്‍ തുടങ്ങിയ വിവിധ സഹായസാമഗ്രികളാണ് മോണ്ട്ഫോർട്ട് മിഷ്ണറിമാർ മലാവിയിൽ എത്തിച്ച് നൽകിയിരിക്കുന്നത്. ബ്ലൻടയർ അതിരൂപതയുടെ ആർച്ച് ബിഷപ്പും മലാവി മെത്രാൻ സമിതിയുടെ അധ്യക്ഷനുമായ തോമസ് ലൂക്ക് മൂസ അടുത്തിടെ രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് സഹായം നൽകണമെന്ന് അഭ്യർത്ഥന നടത്തിയിരുന്നു.
കോവിഡ് മൂലം ക്ലേശിക്കുന്നവർക്ക് സഹായം എത്തിക്കുന്നത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമായി കാണാൻ സാധിക്കില്ലെന്നും അതിനാലാണ് സർക്കാരുമായി കൈകോർക്കാൻ തീരുമാനിച്ചതെന്നും അതിരൂപതയുടെ വികാരി ജനറാളായ മോൺസിഞ്ഞോർ ബോണിഫേസ് തമാനിമി പറഞ്ഞു. തങ്ങളുടെ പക്കൽ ആവശ്യത്തിനുള്ള വിഭവങ്ങൾ ഇല്ലായിരിക്കാം. എന്നാൽ തങ്ങളെ കൊണ്ട് കഴിയുന്ന വിധത്തിൽ വീടുകളിൽ നിശബ്ദരായി ദുരിതമനുഭവിക്കുന്നവർക്ക് സഹായങ്ങൾ ചെയ്യുകയും അത് നൽകാൻ പ്രാപ്തിയുള്ളവരോട് ഇതിനെപ്പറ്റി പറയുകയും ചെയ്യുക എന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോണ്ട്ഫോർട്ട് മിഷ്ണറിമാരുടെ സഹായസഹകരണത്തിന് എൻജിലുടി മിഷൻ ആശുപത്രിയുടെ ഡയറക്ടർ ബോർഡ് അധ്യക്ഷൻ ഡോക്ടർ ഫാബിയാനോ മക്കോലിജ നന്ദി പറഞ്ഞു. കോവിഡ് 19 ബാധിച്ച രോഗികളെ ചികിത്സിക്കാനായി പ്രത്യേക ഉപകരണങ്ങൾ ആവശ്യമാണ്. മെഡിക്കല്‍ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ചിലരുടെ ജീവൻ നഷ്ടമായി. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന മെഡിക്കല്‍ സഹായം കൊണ്ട് രോഗികളുടെ ജീവൻ രക്ഷിക്കാമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോവിഡ് ബാധിച്ച വൈദികരും സന്യസ്തരും സാധാരണകക്കാരായ ജനങ്ങളും പ്രധാനമായും ചികിത്സയ്ക്കായി ആശ്രയിക്കുന്നത് എൻജിലുടി മിഷൻ ആശുപത്രിയിലാണ്. കോവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ആഫ്രിക്കയില്‍ രാവും പകലും ഇല്ലാത്ത മിഷ്ണറിമാര്‍ നടത്തുന്ന പ്രവര്‍ത്തനമാണ് ഭരണകൂടങ്ങളുടെ ഭാരം കുറയ്ക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക