India - 2025
ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ വിദ്യാഭ്യാസ രംഗത്ത് നടത്തിയ സ്വാധീനം ചരിത്രത്തിന്റെ ഭാഗമാണെന്ന് മന്ത്രി ശൈലജ
പ്രവാചക ശബ്ദം 25-02-2021 - Thursday
കോട്ടയം: ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ വിദ്യാഭ്യാസ രംഗത്ത് നടത്തിയ സ്വാധീനം ചരിത്രത്തിന്റെ ഭാഗമാണെന്നു ആരോഗ്യ വകുപ്പ് മന്ത്രി മന്ത്രി കെ.കെ. ശൈലജ. കോട്ടയം സെന്റ് ആന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപനവും യാത്രയയപ്പു സമ്മേളനവും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു മന്ത്രി. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുവാന്‍ ക്രൈസ്തവ സഭകള്‍ക്കു സാധിച്ചെന്നും മന്ത്രി പറഞ്ഞു. ബിസിഎം കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു.
സമൂഹത്തിന്റെയും കുടുംബത്തിന്റെയും അടിസ്ഥാനം സ്ത്രീകളില്‍ ഉറപ്പിച്ചിരിക്കുന്നതിനാല്‍ സംസ്‌കാരവും മാനവിക മൂല്യങ്ങളും അവരില്‍ രൂപപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണു പെണ്‍പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചതെന്ന് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. തോമസ് ചാഴികാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. അലക്‌സ് ആക്കപ്പറന്പില്‍ അനുഗ്രഹപ്രഭാഷണവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സുവനീര്‍ പ്രകാശനവും നിര്‍വഹിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ. സ്റ്റാനി ഇടത്തിപറന്പില്‍ വിരമിക്കുന്ന അധ്യാപകരെയും അനധ്യാപകരെയും ആദരിക്കുകയും സ്‌കോളര്‍ഷിപ്പ് വിതരണം നടത്തുകയും ചെയ്തു.