India - 2025
നിസംഗത വെടിയണം, ക്രൈസ്തവര്‍ സോഷ്യല്‍ മീഡിയയിലൂടെ തിരുസഭയ്ക്കായി ശബ്ദമുയര്‍ത്തണം: ഫാ. സേവ്യർ ഖാൻ വട്ടായില്‍
പ്രവാചക ശബ്ദം 26-02-2021 - Friday
അട്ടപ്പാടി: വിശ്വാസ സത്യങ്ങളെയും വിശുദ്ധ കൂദാശകളെയും സഭാസംവിധാനങ്ങളെയും ഇകഴ്ത്തി കാണിക്കുവാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ സോഷ്യൽ മീഡിയ വഴി ഓരോ ക്രൈസ്തവ വിശ്വാസിയും തിരുസഭയ്ക്കുവേണ്ടി സംസാരിക്കണമെന്ന ആഹ്വാനവുമായി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യർ ഖാൻ വട്ടായില്‍. ഇക്കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിലൂടെ നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സഭാസംബന്ധമായ വിശ്വാസ സംബന്ധമായ കാര്യങ്ങൾ ചര്‍ച്ചയാകുമ്പോള്‍ ഒരുപാട് വിശ്വാസികൾ ഹൃദയത്തിന്റെ ഉള്ളിൽനിന്ന് ആത്മാർത്ഥതയോടെ അവർക്കറിയാവുന്ന വിശ്വാസസത്യങ്ങൾ പങ്കുവെയ്ന്നുണ്ടെന്നും വിശ്വാസികളുടെ ഈ ആത്മാർത്ഥത അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വിശ്വാസ സത്യങ്ങളെയും സഭാസംവിധാനങ്ങളെയും പ്രത്യേക വിഭാഗം പ്രത്യേക ഉദ്ദേശ്യത്തോടെ സമൂഹത്തിനുമുന്നിൽ താറടിക്കാൻ ശ്രമിക്കുമ്പോൾ വിശ്വാസികളില്‍ ഒരു ഭാഗം നിസ്സംഗരായിരിക്കുന്നതു വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ധാരാളം ആളുകള്‍ക്ക് ഉള്ളിൽ കർത്താവിനോട് ഒത്തിരി സ്നേഹമുണ്ട്. സഭയോട് സ്നേഹമുണ്ട്. വിശ്വാസ സത്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യങ്ങളുണ്ട്. സോഷ്യൽ മീഡിയ വഴി സഭയെ തകർക്കാൻ പലരും ശ്രമിക്കുന്നുവെന്ന്‍ ഇവര്‍ക്ക് അറിയാമെങ്കിലും, പ്രതികരിക്കാൻ ആഗ്രഹം ഉണ്ടായിട്ടും ഒന്നും ചെയ്യാൻ ശ്രമിക്കാതെ മൌനം അവലംബിക്കുകയാണ്.
ഇങ്ങനെ എഴുതാനും പ്രതികരിക്കാനും ആഗ്രഹമുണ്ടായിട്ടും ചെയ്യാൻ പറ്റാത്തവരുടെ ഉള്ളിൽ അവരെ അലട്ടുന്ന പ്രശ്‌നം ചില തെറ്റിദ്ധാരണകളാണ്. "എന്തെങ്കിലും പറഞ്ഞാലോ എഴുതിയാലോ തെറ്റിപ്പോകുമോ? എന്തെങ്കിലും പ്രശ്ങ്ങൾ ഉണ്ടാകുമോ?. മിണ്ടാതിരിക്കുന്നതായിരിക്കും നല്ലത്, അധികം പ്രശ്ങ്ങൾ ഉണ്ടാക്കണ്ട, ഇതാണ് പലരെയും അലട്ടുന്ന പ്രശ്ങ്ങൾ. എങ്കിൽ ഇതല്ല വേണ്ടത്. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഒരു കമന്റ് എഴുതാൻ പറ്റിയാൽ എഴുതണം, ഒരു വാക്ക് പറയാൻ പറ്റിയാൽ പറയണം, ഒരു പോസ്റ്റ് ഷെയർ ചെയ്യാൻ പറ്റിയാൽ ചെയ്യണം. കാരണം ആ കൃപയുടെ സമയത്ത് സംസാരിച്ചില്ലായെങ്കിൽ പിന്നീട് സംസാരിക്കാൻ പറ്റിയെന്നുവരില്ല. അത് കഴിഞ്ഞുപോയിട്ടുണ്ടാവും. അതിനാൽ പറയേണ്ടവ പറയേണ്ട സമയത്ത് പറയണം.
തെറ്റുപറ്റുമോയെന്ന് വിചാരിച്ച് സുരക്ഷിതരായി ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലത്, നിസ്സംഗതയിലായിരിക്കുന്നതിനേക്കാൾ നല്ലത്, ഇറങ്ങി, ഇടപെട്ട്, പ്രവർത്തിച്ച്, സംസാരിച്ചതിനുശേഷം തെറ്റുപറ്റിയാലും തിരുത്തുകയെന്നതാണ്. അതിനെമുറുകെപ്പിടിച്ച് നിൽക്കുകയല്ല വേണ്ടത്. തെറ്റിനെ തിരുത്തിയ ശേഷം പൂർണ ശക്തിയോടെ വീണ്ടും മുന്നോട്ട് പോകണം. അങ്ങനെ ആരോഗ്യപരമായ ഒരു മനസ്സ്, സ്വാതന്ത്ര്യമുള്ളൊരു മനസ്സ് സഭയ്ക്ക് വേണ്ടി സംസാരിക്കേണ്ട സന്ദർഭങ്ങളിൽ ഓരോ ക്രൈസ്തവനും ഉണ്ടായിരിക്കണമെന്നും ഫാ. സേവ്യർഖാൻ പറഞ്ഞു. തിരുസഭ സംബന്ധമായ വിഷയങ്ങളില്‍ ക്രൈസ്തവര്‍ സോഷ്യല്‍ മീഡിയയിലൂടെ ക്രിയാത്മകമായി പ്രതികരിക്കണമെന്ന് ഫാ. സേവ്യർ ഖാൻ വട്ടായില്‍ ഇതിനു മുന്‍പും ആഹ്വാനം ചെയ്തിട്ടുണ്ട്.