News - 2025

ഷിയാ നേതാവുമായുള്ള പാപ്പയുടെ കൂടിക്കാഴ്ച ഇറാഖ് ചരിത്രത്തില്‍ പുതു അധ്യായം: ദേശീയ സഹിഷ്ണുതാദിനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പ്രവാചക ശബ്ദം 08-03-2021 - Monday

ബാഗ്ദാദ്: സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പറത്തിക്കൊണ്ട് ഇറാഖിലെ ഉന്നത ഷിയാ നേതാവ് ഗ്രാന്‍ഡ്‌ ആയത്തൊള്ള അല്‍-സിസ്തനിയും ഫ്രാന്‍സിസ് പാപ്പയും തമ്മില്‍ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയോടുള്ള ആദരസൂചകമായി ഇറാഖി പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി ദേശീയ സഹിഷ്ണുതാ ദിനം പ്രഖ്യാപിച്ചു. ഇരുവരും കൂടിക്കാഴ്ച നടത്തിയ മാര്‍ച്ച് ആറിനാണ് ദേശീയ സഹിഷ്ണുതാ ദിനമായി ഇനി മുതല്‍ ആചരിക്കുക. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

“ആയത്തൊള്ള അല്‍-സിസ്തനിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ നജഫില്‍ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയുടേയും പുരാതന നഗരമായ ‘ഉര്‍’ല്‍വെച്ച് നടന്ന മതസൗഹാര്‍ദ്ദ കൂട്ടായ്മയുടേയും സ്മരണാര്‍ത്ഥം മാര്‍ച്ച് 6 സഹിഷ്ണുതയുടേയും, സഹവര്‍ത്തിത്വത്തിന്റേയും ദേശീയ ദിനമായി ഞങ്ങള്‍ പ്രഖ്യാപിക്കുന്നു” എന്നാണ് മുസ്തഫ അൽ കാദിമിയുടെ ട്വീറ്റ്. മക്കയ്ക്കും മദീനയ്ക്കും ശേഷം ഷിയ മുസ്ലീങ്ങള്‍ തങ്ങളുടെ മൂന്നാമത്തെ പുണ്യനഗരമായി പരിഗണിക്കുന്ന നജഫിലെ വീട്ടില്‍വെച്ചാണ് 90 കാരനായ അൽ-സിസ്തനിയുമായി ഫ്രാന്‍സിസ് പാപ്പ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയത്.

ഇരുന്നുകൊണ്ട് സന്ദര്‍ശകരെ സ്വീകരിക്കുന്ന തന്റെ പതിവ് ലംഘിച്ചുകൊണ്ട് എഴുന്നേറ്റ് വാതിക്കല്‍ നിന്നുകൊണ്ടാണ് സിസ്തനി ഫ്രാന്‍സിസ് പാപ്പയെ സ്വീകരിച്ചതെന്നു നജാഫിലെ ഷിയാ മത-ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിന്നു. മറ്റ് ഇറാഖി പൗരന്‍മാരേപ്പോലെ പൂര്‍ണ്ണ സുരക്ഷയിലും സമാധാനത്തിലും തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ അനുഭവിച്ചുകൊണ്ട് ഇറാഖി ക്രൈസ്തവരും ജീവിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് അല്‍-സിസ്തനി ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചക്ക് ശേഷം സിസ്തനിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 631