News - 2025

ഇറാഖി ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കി ഷിയാ നേതാവുമായുള്ള പാപ്പയുടെ കൂടിക്കാഴ്ച

പ്രവാചക ശബ്ദം 06-03-2021 - Saturday

നജഫ്: തന്റെ ചരിത്രപരമായ ഇറാഖ് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന്‍ ശനിയാഴ്ച ഫ്രാന്‍സിസ് പാപ്പ ഇറാഖിലെ ഉന്നത ഷിയാ നേതാവായ ആയത്തൊള്ള അല്‍-സിസ്തനിയുമായി കൂടിക്കാഴ്ച നടത്തി. ബാഗ്ദാദിലെ പുണ്യനഗരം എന്നറിയപ്പെടുന്ന നജഫിലെ സിസ്തനിയുടെ വസതിയില്‍വെച്ച് നടന്ന കൂടിക്കാഴ്ച 50 മിനിറ്റോളം നീണ്ടു. ലോകം ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട കൂടിക്കാഴ്ചയില്‍ ഇറാഖിലെ ക്രൈസ്തവ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്യുകയുണ്ടായി.

ഇറാഖി ക്രൈസ്തവരെ സംരക്ഷിക്കുന്നതില്‍ മതാധികാരികള്‍ക്കും പങ്കുണ്ടെന്ന്‍ സമ്മതിച്ച അല്‍-സിസ്തനി രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹം എല്ലാ ഭരണഘടനാ അവകാശങ്ങളോടും കൂടി പൂര്‍ണ്ണ സുരക്ഷയിലും സമാധാനത്തിലും ജീവിക്കുന്നതിന് വിഘാതമായി നിലനില്‍ക്കുന്ന കാര്യങ്ങളെ സംബന്ധിച്ച തന്റെ ആശങ്ക പാപ്പയുമായി പങ്കുവെച്ചുവെന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാഖില്‍ ഏറ്റവും അധികം ആദരിക്കപ്പെടുന്ന ഷിയാ നേതാക്കളിലൊരായ അല്‍-സിസ്തനിക്ക് സമാധാനത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും സന്ദേശം ആശംസിച്ചുകൊണ്ട് വത്തിക്കാനും പ്രസ്താവന പുറത്തിറക്കിയിരിന്നു.

ഇറാഖിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സമയത്ത് അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബ്ബലര്‍ക്ക് വേണ്ടി സംസാരിച്ചതിന് സിസ്താനിക്കും ഷിയാ വിഭാഗത്തിനും പാപ്പ നന്ദി പറഞ്ഞുവെന്ന് വത്തിക്കാന്‍റെ പ്രസ്താവനയില്‍ പറയുന്നു. അദ്ദേഹത്തിന്റെ സമാധാനത്തിന്റെ സന്ദേശം മനുഷ്യ ജീവിതത്തിന്റെ വിശുദ്ധിയേയും, ഇറാഖി ജനതയുടെ ഐക്യത്തേയും ഊട്ടി ഉറപ്പിക്കുന്നതാണെന്നും പാപ്പ പറഞ്ഞുവെന്നും പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്.

വത്തിക്കാനും, സിസ്താനിയുടെ ഓഫീസും തമ്മില്‍ നേരത്തെ നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ചരിത്രപരമായ ഈ കൂടിക്കാഴ്ച യാഥാര്‍ത്ഥ്യമായത്. ബുള്ളറ്റ് പ്രൂഫ്‌ കവചിത വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പാപ്പ കൂടിക്കാഴ്ചക്ക് എത്തിയത്. വാഹനത്തില്‍ നിന്നും ഇറങ്ങിയ പാപ്പ ഏതാനും ദൂരം നടന്നു സിസ്താനിയുടെ വസതിയിലെത്തുകയായിരിന്നു. പരമ്പരാഗത ഇറാഖി വസ്ത്രമണിഞ്ഞ ഒരു സംഘം പാപ്പയെ സ്വീകരിക്കുവാന്‍ അവിടെ സന്നിഹിതരായിരുന്നു. പാപ്പ വരാന്തയില്‍ പ്രവേശിച്ചപ്പോള്‍ സമാധാനത്തിന്റെ അടയാളമായി വെള്ളരിപ്രാവുകളെ പറത്തിയതും കൂടിക്കാഴ്ചയ്ക്കു മുന്‍പുള്ള വേറിട്ട കാഴ്ചയായി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 631