News - 2025

പ്രാര്‍ത്ഥനയില്‍ നമ്മുക്ക് ഒരുമിക്കാം: ഇറാഖി ജനതയ്ക്ക് പുതുപ്രത്യാശയേകി പാപ്പ റോമിലേക്ക് മടങ്ങി

പ്രവാചക ശബ്ദം 08-03-2021 - Monday

ബാഗ്ദാദ്: വാക്കുകള്‍ക്കതീതമായ സഹനങ്ങള്‍ ഏറ്റുവാങ്ങിയ ഇറാഖി ജനതയ്ക്ക് സാന്ത്വനവും പ്രത്യാശയുമേകി ഫ്രാന്‍സിസ് പാപ്പ റോമിലേക്ക് മടങ്ങി. ഇന്നു രാവിലെ ബാഗ്ദാദ് വിമാനത്താവളത്തിലെ ഔദ്യോഗിക യാത്രയയപ്പിന് ശേഷം ഇറാഖി പ്രാദേശിക സമയം 09:40നാണ് അദ്ദേഹം 'അലിറ്റാലിയ AZ4001' വിമാനത്തില്‍ വത്തിക്കാനിലേക്ക് മടങ്ങിയത്. വത്തിക്കാനില്‍ നിന്നുള്ള പ്രതിനിധികളും അംഗീകൃത മാധ്യമപ്രവർത്തകരും യാത്രയില്‍ പാപ്പയെ അനുഗമിക്കുന്നുണ്ട്. യാത്രയ്ക്ക് മുന്‍പ് പാപ്പ സ്വകാര്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരിന്നു. വിമാനത്താവളത്തിലെത്തിയ പാപ്പ ഇറാഖ് പ്രസിഡന്റുമായി ഹ്രസ്വ സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലേ വിമാനത്താവളത്തിൽ ലളിതമായ യാത്രയയപ്പ് ചടങ്ങ് നടന്നു.

യുദ്ധവും അക്രമവും നല്കിയ തീരാമുറിവ് വഹിക്കുന്ന ഇറാഖി ജനതയുടെ നടുവില്‍ തീർത്ഥാടകനായിട്ടാണ് മാർച്ച് 5 വെള്ളിയാഴ്ച ഫ്രാൻസിസ് മാർപാപ്പ രാജ്യത്തു എത്തിച്ചേര്‍ന്നത്. എയര്‍പോര്‍ട്ടില്‍ പാപ്പയെ സ്വീകരിക്കാന്‍ ഇറാഖി പ്രധാനമന്ത്രി നേരിട്ടെത്തിയിരിന്നു. തുടര്‍ന്നു ബാഗ്ദാദിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ അധികാരികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ എല്ലാ മതവിഭാഗങ്ങളുടെയും അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കണമെന്ന് പാപ്പ അഭ്യര്‍ത്ഥിച്ചു.

ഔദ്യോഗിക സ്വീകരണത്തിന് ശേഷം തന്റെ യാത്രയുടെ ആദ്യ ദിവസം തന്നെ പാപ്പ സിറിയൻ കത്തോലിക്ക കത്തീഡ്രൽ ദേവാലയമായ ഔര്‍ ലേഡി ഓഫ് സാൽ‌വേഷനിൽ സന്ദര്‍ശനം നടത്തി. 2010-ല്‍ ഈ ദേവാലയത്തില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 48 ക്രൈസ്തവര്‍ അടക്കം 54 പേര്‍ കൊല്ലപ്പെട്ടിരിന്നു. രക്തസാക്ഷികളുടെ ത്യാഗത്തിന്റെ ഓർമ്മകൾ കുരിശിന്റെ ശക്തിയിലുള്ള നമ്മുടെ ആത്മവിശ്വാസം പുതുക്കാൻ പ്രചോദനമാകുമെന്ന് പാപ്പ ഇവിടെ നിന്ന്‍ പറഞ്ഞു. ബിഷപ്പുമാർ, വൈദികര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍, മതബോധന അധ്യാപകര്‍ തുടങ്ങിയവര്‍ പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

പിറ്റേന്ന് മാർച്ച് 6 ശനിയാഴ്ച ഫ്രാൻസിസ് പാപ്പ ഷിയാ സമൂഹത്തിന്റെ ഏറ്റവും ഉന്നത നേതാവായ ഗ്രാൻഡ് ആയത്തൊള്ള അല്‍-സിസ്തനിയുമായി കൂടിക്കാഴ്ച നടത്തി. ആഗോള മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതായിരിന്നു ഈ കൂടിക്കാഴ്ച. യുദ്ധത്തിനുശേഷം ഇറാഖിൽ രാഷ്ട്രീയവും മതപരവുമായ സ്വാധീനം വളരെ പ്രാധാന്യമർഹിക്കുന്നുവെന്നും പീഡിത ക്രൈസ്തവരുടെ ക്ഷേമത്തിന് ഒറ്റക്കെട്ടായി മുന്നേറതുണ്ടെന്നും ആയത്തൊള്ള അല്‍-സിസ്തനി പ്രസ്താവിച്ചു. ഇതിന് പിന്നാലെ മാര്‍പാപ്പ അബ്രഹാമിന്റെ ദേശമായ ഊര്‍ സമതലത്തിൽ എത്തി. ഇവിടെ നടന്ന മതാന്തര കൂടിക്കാഴ്ചയില്‍ ഷിയാ, സുന്നി, യഹൂദ മതനേതാക്കള്‍ പങ്കെടുത്തു. ദൈവത്തിന്റെ പേരില്‍ മതത്തെ മറയാക്കി അക്രമം നടത്തുന്നത് അംഗീകരിക്കാനകില്ലായെന്നും അബ്രാഹാമിന്റെ മക്കള്‍ സാഹോദര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.

അല്‍-സിസ്തനിയും ഫ്രാന്‍സിസ് പാപ്പയും തമ്മില്‍ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയും ഊര്‍ വേദിയിലെ മതാന്തര കൂട്ടായ്മയും കണക്കിലെടുത്ത് ഈ ദിവസം (മാര്‍ച്ച് 6) ഇറാഖി പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി ദേശീയ സഹിഷ്ണുതാ ദിനം പ്രഖ്യാപിച്ചുവെന്നത് ശ്രദ്ധേയമായി. വൈകീട്ട് ബാഗ്ദാദിലെ സെന്റ് ജോസഫിന്റെ കൽദായ കത്തീഡ്രലിൽ പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഇറാഖിലെ മണ്ണിൽ ആദ്യമായി ഒരു മാർപാപ്പയുടെ ആദ്യ ബലിയർപ്പണം, കൽദായ ആരാധനക്രമത്തിൽ ഫ്രാന്‍സിസ് പാപ്പ ആദ്യമായി പങ്കുചേരുന്ന ബലിയർപ്പണം എന്നീ രണ്ടു പ്രത്യേകതകള്‍ക്കു ദേവാലയം വേദിയായി.

അപ്പസ്തോലിക സന്ദര്‍ശനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരിന്ന ഇന്നലെ മാർച്ച് 7 ഞായറാഴ്ച, കുര്‍ദ് തലസ്ഥാനമായ ഇര്‍ബിലില്‍ എത്തിയ പാപ്പയ്ക്കു കുര്‍ദ് നേതൃത്വം വലിയ സ്വീകരണം ഒരുക്കി. ഇതിന് ശേഷം 2014- 2017 കാലയളവില്‍ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശം നടത്തിയ മൊസൂളില്‍ പാപ്പ സന്ദര്‍ശനം നടത്തി. നഗര ചത്വരത്തിൽ തകർന്നു കിടക്കുന്ന ദേവാലയങ്ങളുടെ മധ്യേ മരണപ്പെട്ടവര്‍ക്കും യുദ്ധത്തിന് ഇരകളായവര്‍ക്കും വേണ്ടി ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥന നയിച്ചു. വേദിയിലേക്ക് നീങ്ങവേ തീവ്രവാദികൾ തകർത്ത ഭവനങ്ങളുടെയും, ദേവാലയങ്ങളുടെയും സമീപത്ത് മാർപാപ്പ അൽപസമയം നിശബ്ദനായി നിന്നത് അനേകരെ വികാരഭരിതരാക്കി.

പ്രാർത്ഥനയ്ക്കുശേഷം മാർപാപ്പ, ഇസ്ലാമിക് സ്റ്റേറ്റിന്റെ കടുത്ത പീഡനം ഏറ്റുവാങ്ങിയ ക്വാരഘോഷ് നഗരത്തിലേക്ക് നീങ്ങി. തീവ്രവാദികൾ നശിപ്പിക്കുകയും ആയുധ പരിശീലന കേന്ദ്രമാക്കി മാറ്റുകയും ചെയ്ത ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷന്‍ ദേവാലയത്തില്‍ പാപ്പ സന്ദര്‍ശനം നടത്തി. ക്രിസ്തു മരണത്തെ പരാജയപ്പെടുത്തിയെന്നും പ്രതീക്ഷ കൈവിടരുതെന്നുമുള്ള ഉള്ളടക്കത്തോടെയായിരിന്നു പാപ്പ ഇവിടെ നിന്നു നല്കിയ സന്ദേശം. അതിമനോഹരമായ വിധത്തില്‍ ആവേശകരമായ സ്വീകരണമാണ് ഫ്രാന്‍സിസ് പാപ്പയ്ക്കു ക്വാരഘോഷ് ജനത നല്‍കിയതെന്നത് ശ്രദ്ധേയമാണ്. ഇറാഖിലെ തന്റെ പര്യടനത്തിന് അവസാനം കുറിച്ചുക്കൊണ്ട് പാപ്പ പങ്കെടുത്ത അവസാന പൊതുപരിപാടി ഇർബിലിലെ സ്റ്റേഡിയത്തിലെ ബലിയര്‍പ്പണം ആയിരിന്നു. ബലിയര്‍പ്പണത്തില്‍ പതിനായിരത്തോളം പേര്‍ പങ്കുചേര്‍ന്നുവെന്നാണ് അനൌദ്യോഗിക കണക്ക്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 631