News - 2025
മാര്‍പാപ്പയുടെ ഇറാഖ് സന്ദർശനം പ്രത്യാശയുടെ അടയാളമെന്ന് യുനെസ്കോ
പ്രവാചക ശബ്ദം 08-03-2021 - Monday
ജനീവ: ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനം സമാധാനത്തിനും, ഐക്യത്തിനും വേണ്ടിയുള്ള പ്രത്യാശയുടെ അടയാളമാണെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുനെസ്കോ (യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ). ക്രൈസ്തവ ഹൃദയ ഭൂമിയിലേക്കുള്ള മാർപാപ്പയുടെ വരവ്, വൈവിധ്യത്തിന്റെ തൂണിന്മേൽ പണിതുയർത്തപ്പെടുന്ന ഐക്യത്തിന്റെയും, സമാധാനത്തിന്റെയും സന്ദേശമായി മാറുമെന്ന് സംഘടന ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരിന്നു. വൈവിധ്യങ്ങൾ പരസ്പര ബഹുമാനത്തിനും, നീതിയും, സമാധാനവുമുള്ള ഒരു ലോകത്തിന് അത്യന്താപേക്ഷിതമാണെന്നും യുനെസ്കോ പ്രസ്താവിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ക്രൂരതകളെ പറ്റി അന്വേഷണം നടത്തുന്ന ഐക്യരാഷ്ട്രസഭയുടെ ടീമിന്റെ തലവനും, ഉപദേശകനുമായ കരീം ഹാനും മാർപാപ്പയുടെ സന്ദർശനത്തെ സ്വാഗതം ചെയ്തു പ്രസ്താവന ഇറക്കിയിരിന്നു. ഫ്രാൻസിസ് മാർപാപ്പ ഇറാഖി മതനേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചയും, മാർപാപ്പ സന്ദർശിക്കുന്ന ആരാധനാ കേന്ദ്രങ്ങളും, എല്ലാ സമൂഹങ്ങൾക്കും, പ്രത്യേകിച്ച് തീവ്രവാദത്തിന്റെ ഇരകളായി തീർന്ന എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകൾക്കും സമാധാനത്തിന്റെയും, സൗഹൃദത്തിന്റെയും സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ലോകത്തെ ഏറ്റവും പഴക്കമുള്ള പട്ടണങ്ങളിലൊന്നാണ് മൊസൂൾ നഗരം. നൂറ്റാണ്ടുകളായി വിവിധ സംസ്കാരങ്ങളുടെയും, മതങ്ങളുടെയും കേന്ദ്രമായിരുന്നു മൊസൂൾ. ഇസ്ലാമിക് സ്റ്റേറ്റ് 2014 മുതൽ 2017 വരെ വലിയ നാശനഷ്ടങ്ങളാണ് നഗരത്തിൽ വരുത്തിയത്. ഇസ്ലാമിക സ്റ്റേറ്റിനെ നഗരത്തിൽനിന്നും തുരത്തിയത് പിന്നാലെ നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഇറാഖി സർക്കാരിനും ക്രൈസ്തവ സംഘടനകള്‍ക്കും ഒപ്പം യുനെസ്കോയും ഭാഗഭാക്കാകുന്നുണ്ട്. ഇതിനായി 2018 ഫെബ്രുവരി മാസം റിവൈവ് ദ സ്പിരിറ്റ് ഓഫ് മൊസൂൾ എന്ന പദ്ധതിക്കും യുനെസ്കോ തുടക്കമിട്ടിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക