News
അന്ന് ജിഹാദികള്‍ തകര്‍ത്തതിനും ഇന്ന് അതേ രൂപം മാര്‍പാപ്പ ആശീര്‍വ്വദിക്കുന്നതിനും ഈ വൈദികന്‍ സാക്ഷി
പ്രവാചക ശബ്ദം 08-03-2021 - Monday
ഇര്‍ബില്‍: വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറാഖിലെ കാരംലേഷ് പട്ടണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം തകര്‍ക്കുന്നതിനു സാക്ഷ്യം വഹിച്ച ഇറാഖി വൈദികന്‍ ഫാ. താബെത് ഹബേബ്, ഇന്നലെ ഭാഗികമായി അറ്റകുറ്റപ്പണികള്‍ നടത്തിയ മാതാവിന്റെ അതേരൂപം ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിക്കുന്നതിനും സാക്ഷിയായത് മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. 2016-ലാണ് മൊസൂളില്‍ നിന്നും അറുപത് കിലോമീറ്റര്‍ അകലെയുള്ള സെന്റ് അഡേ ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തിന്റെ ശിരസ്സും കൈകളും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഛിന്നഭിന്നമാക്കിയത്. ഇന്നലെ കുര്‍ദ്ദിസ്ഥാനിലെ ഇര്‍ബിലിലെ ഫ്രാന്‍സോ ഹരീരി സ്റ്റേഡിയത്തില്‍വെച്ച് ഭാഗികമായി അറ്റകുറ്റപ്പണികള്‍ നടത്തിയ മാതാവിന്റെ അതേരൂപം ഫ്രാന്‍സിസ് പാപ്പ ആശീര്‍വ്വദിക്കുന്നതിന് സാക്ഷിയാകുവാന്‍ ഫാ. താബെത് ഹബേബിന് അവസരം ലഭിക്കുകയായിരിന്നു.
തങ്ങളുടെ ഇടവകയേയും, ദേവാലയത്തേയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട രൂപമാണിതെന്നും, കാലങ്ങളായി ദൈവമാതാവിനോട് മാധ്യസ്ഥം യാചിച്ച് വരുന്നതാണെന്നും തങ്ങളുടെ പ്രിയപ്പെട്ട രൂപം ഇസ്ലാമിക തീവ്രവാദികള്‍ തകര്‍ക്കുന്നത് കണ്ടപ്പോള്‍ വളരെയേറെ സങ്കടം തോന്നിയെന്നും എ.സി.ഐ പ്രെന്‍സയോട് ഫാ. താബെത് പറഞ്ഞു. മറ്റാര്‍ക്കും നിര്‍മ്മിക്കുവാന്‍ കഴിയാത്ത ഈ മനോഹരമായ രൂപത്തില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും പരിശുദ്ധ പിതാവ് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത ഫാ. താബെത് പറയുന്നു.
അറ്റകുറ്റപ്പണികള്‍ നടത്തി ഭാഗികമായി പുനരുദ്ധരിച്ച രൂപത്തെ അള്‍ത്താരയില്‍ കണ്ടപ്പോള്‍ എന്താണ് തോന്നിയതെന്ന ചോദ്യത്തിന് തങ്ങളുടെ മുഴുവന്‍ ഇടവകയും, നഗരവും പരിശുദ്ധ പിതാവിന്റെ ഹൃദയത്തില്‍ സന്നിഹിതരായിരിക്കുന്നതായിട്ടാണ് തനിക്ക് അനുഭവപ്പെട്ടതെന്നായിരിന്നു അദ്ദേഹത്തിന്റെ മറുപടി. തിരിച്ചുപോകുമ്പോള്‍ ഈ രൂപം കാരംലെഷിലേക്ക് തിരികെ കൊണ്ടുപോവുമെന്നും, തങ്ങളുടെ ദേവാലയത്തില്‍ പ്രതിഷ്ടിക്കുമെന്നും അതുവഴി തങ്ങളുടെ മുഴുവന്‍ നഗരവും, ഇടവകയും പാപ്പയുടെ പ്രത്യേക അനുഗ്രഹത്തിന് പാത്രമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുവിശേഷ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായി സര്‍ക്കാരിന്റേയും ലോകത്തിന്റേയും അടിയന്തിര ശ്രദ്ധ രക്തസാക്ഷിയായ ഇറാഖി സഭയില്‍ പതിയണമെന്നാണ് പാപ്പയുടെ സന്ദര്‍ശനം കൊണ്ട് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2016-ല്‍ ഇസ്ളാമിക തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയ കുരിശിനു പകരം പുതിയ മരക്കുരിശിന്റെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചതും ഫാ. താബെത് തന്നെയായിരുന്നു. ഇന്നലെ ഞായറാഴ്ച മൊസൂളിലെ ചര്‍ച്ച് സ്ക്വയറില്‍ യുദ്ധത്തിനിരയായവര്‍ക്കായി പാപ്പയുടെ നേതൃത്വത്തില്‍ നടത്തിയ പ്രാര്‍ത്ഥനയില്‍ ഈ കുരിശും സ്ഥാപിച്ചിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക