News - 2025
ഇറാഖില്‍ നിന്ന് ലഭിച്ച പൂച്ചെണ്ട് റോമിലെ ബസിലിക്കയില്‍ സമര്‍പ്പിച്ച് പാപ്പയുടെ കൃതജ്ഞതാപ്രകാശനം
പ്രവാചക ശബ്ദം 09-03-2021 - Tuesday
റോം: ഇറാഖിലെ തന്റെ അപ്പസ്തോലിക യാത്ര പൂർത്തിയാക്കി വത്തിക്കാനിലെത്തിയ ഫ്രാൻസിസ് പാപ്പ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമഥേയത്തിലുള്ള മേരീ മേജർ ബസിലിക്കയിലെത്തി നന്ദിയര്‍പ്പിച്ചു. സാലൂസ് പോപ്പുളി റൊമാനി എന്ന മാതാവിന്റെ രൂപത്തിന് കീഴെയുള്ള അൾത്താരയിൽ ഇറാഖില്‍ നിന്ന് ലഭിച്ച പൂച്ചെണ്ടും പേപ്പല്‍ പതാകയും സമര്‍പ്പിച്ച പാപ്പ തന്റെ യാത്രയിൽ നൽകിയ സംരക്ഷണത്തിനും യാത്രയുടെ വിജയത്തിനും നന്ദി അര്‍പ്പിച്ചു. ദേവാലയത്തിലേക്ക് കര്‍ദ്ദിനാളുമാരോടും മെത്രാന്‍മാരോടും ഒപ്പം, നീങ്ങുന്ന പാപ്പയുടെ ദൃശ്യങ്ങള്‍ ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ പങ്കുവെച്ചിരിന്നു. നാലു ദിവസം നീണ്ട തിരക്കിട്ട ഇറാഖ് സന്ദര്‍ശനത്തിന് ശേഷം ക്ഷീണിതനായാണ് പാപ്പയെ ദൃശ്യങ്ങളില്‍ കാണുന്നത്.
ഇറാഖിലേക്കുള്ള യാത്രയ്ക്ക് മുൻപും പരിശുദ്ധ പിതാവ് ഇവിടെ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നു. തന്റെ എല്ലാ വിദേശ യാത്രകൾക്ക് മുൻപും അതിനുശേഷവും ഫ്രാൻസിസ് പാപ്പ മാതൃസന്നിധിയിൽ പ്രാർത്ഥനയ്ക്കായി എത്തുന്ന പതിവുണ്ട്. ഇന്നലെ മാർച്ച് എട്ടാം തിയതി തിങ്കളാഴ്ച ഔദ്യോഗിക യാത്രയയപ്പിന് ശേഷം ഇറാഖില്‍ നിന്ന്‍ യാത്ര തിരിച്ച പാപ്പ, രാവിലെ 9.40ന് ഇറ്റലിയിലെ സമയം ഉച്ചയ്ക്കു ഒരു മണിയോടെ റോമിലെ ചമ്പീനോ വിമാനത്താവളത്തിൽ വന്നിറങ്ങുകയായിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക