India - 2024

കൊല്ലം ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം അപക്വം: കേരള ലത്തീന്‍ കാത്തലിക് അസോസിയേഷന്‍

പ്രവാചക ശബ്ദം 26-03-2021 - Friday

കൊല്ലം ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം അപക്വമാണെന്ന് കേരള ലത്തീന്‍ കാത്തലിക് അസോസിയേഷന്‍. മുഖ്യമന്ത്രി സൈബര്‍ ഗുണ്ടകളെ കൊണ്ട് പുലഭ്യം പറയിക്കുകയാണെന്നും അസോസിയേഷന്‍ ആരോപിച്ചു. കൊല്ലം രൂപതാ മെത്രാന്റെ ഇടയലേഖനത്തെ വിമര്‍ശിച്ച കേരളാ മുഖ്യമന്ത്രിയുടെ നിലപാട് നിലവിട്ടതും അല്പത്തവുമെന്നായിരുന്നു കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കൊല്ലം രൂപത കമ്മിറ്റിയുടെ വിമര്‍ശം. തന്റെ ജനതയുടെ തൊഴിലും തൊഴിലിടവും അവര്‍ക്കു അന്യമാകുന്ന അവസ്ഥ കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്ത ഇടയന്റെ ശബ്ദമാണ് ഇടയലേഖനത്തിലൂടെ വിശ്വാസികള്‍ ശ്രവിച്ചത്. അതിനെ പാര്‍ട്ടി സൈബര്‍ ഗുണ്ടകളെ കൊണ്ടു പുലഭ്യം പറയിക്കുന്നതും സ്വന്തം നിലവിട്ടു മുഖ്യമന്ത്രി തന്നെ വിമര്‍ശനവുമായി വന്നതും സമുദായം വിലയിരുത്തി തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന് കെ.എല്‍.സി.എ പറഞ്ഞു.

മത്സ്യതൊഴിലാളികളുടെ ആശങ്കകള്‍ പങ്കുവച്ച ഇടയലേഖനത്തെ വിമര്‍ശിച്ച മണിക്കൂറുകളില്‍ത്തന്നെ ഇ.എം.സി.സി കരാറില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കു പുറത്തുവന്നതിനെപ്പറ്റി അദ്ദേഹത്തിനെന്താണ് പറയാനുള്ളതെന്നും കെ.എല്‍.സി.എ ചോദ്യമുയര്‍ത്തി. നുണകള്‍ മാത്രം പറഞ്ഞു മത്സ്യതൊഴിലാളി സമൂഹത്തെ ഇനിയും പറ്റിക്കാമെന്നു കരുതരുതെന്നും സത്യം പറയുന്നവരെ ആക്ഷേപിക്കരുതെന്നും കെ.എല്‍.സി.എ ആവശ്യപ്പെട്ടു. കൊല്ലം മെത്രാനെ ആക്ഷേപിക്കുന്ന മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഇതുവരെയും ചെയ്തകാര്യങ്ങള്‍ ഏറ്റുപറഞ്ഞു തിരുത്തുകയും ഇത്തരം നിലമറക്കുന്ന പ്രസ്താവനകളില്‍ നിന്നും പിന്തിരിയുകയുമാണ് വേണ്ടതെന്നും സമിതി ആവശ്യപ്പെട്ടു.


Related Articles »