News

ജുഡീഷ്യറിയില്‍ ഇസ്ലാമികവത്ക്കരണം: നൈജീരിയായിലെ ക്രൈസ്തവ നരഹത്യയ്ക്ക് ചുക്കാന്‍ പിടിക്കുന്നത് ഭരണകൂടം തന്നെ?

പ്രവാചക ശബ്ദം 15-04-2021 - Thursday

അബൂജ: നീതിന്യായ വകുപ്പിലെ പുതിയ നിയമനങ്ങളിലൂടെ പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയെ ഇസ്ലാമികവല്‍ക്കരിക്കുവാനാണ് പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ശ്രമിക്കുന്നതെന്ന ആരോപണവുമായി ക്രിസ്ത്യന്‍ നേതാക്കള്‍ രംഗത്ത്. സമീപകാലത്തെ അപ്പീല്‍ കോടതി ജഡ്ജിമാരുടെ നിയമനമാണ് വിവാദമായിരിക്കുന്നത്. നൈജീരിയായില്‍ ഓരോ ദിവസവും ക്രൈസ്തവ നരഹത്യ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ നടക്കുന്ന ഇത്തരം നിയമനങ്ങള്‍ ഭാവിയില്‍ നീതിന്യായ വകുപ്പു തീവ്രവാദികള്‍ക്ക് നല്‍കുന്ന നിശബ്ദ പിന്തുണയായി മാറുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. നിയമനങ്ങളില്‍ ഗുരുതരമായ മാറ്റങ്ങള്‍ വരുത്തണമെന്ന് നൈജീരിയയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ (സി.എ.എന്‍) നേതൃത്വം ഏപ്രില്‍ 11ന് പുറത്തുവിട്ട പ്രസ്താവനയില്‍ കുറിച്ചു.

മുഹമ്മദ്‌ ബുഹാരിയുടെ ഭരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നൈജീരിയന്‍ നീതിന്യായ വ്യവസ്ഥയെ അക്ഷരാര്‍ത്ഥത്തില്‍ ‘നൈജീരിയന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ്’ (എന്‍.എസ്.സി.ഐ.എ) ന്റെ അനുബന്ധമാക്കി മാറ്റിയെന്നും, എന്‍.എസ്.സി.ഐ.എ അംഗങ്ങള്‍ തന്നെയാണ് നീതിന്യായ വകുപ്പിലെ കാര്യങ്ങള്‍ നോക്കുന്നതെന്നും ക്രിസ്ത്യന്‍ നേതൃത്വം ചൂണ്ടിക്കാട്ടി. ശരിയായ നടപടിക്രമം പാലിക്കാതെ മുന്‍ ചീഫ് ജസ്റ്റിസ് വാള്‍ട്ടര്‍ ഒന്നോഘെനെ അധികാരത്തില്‍ നീക്കം ചെയ്തതിനെക്കുറിച്ച് പരാമര്‍ശിച്ച സംഘടന, ക്രൈസ്തവരുടെ എണ്ണം പോലും പരിഗണിക്കാതെ ബോര്‍ഡ്, കമ്മിറ്റി തുടങ്ങിയവയുടെ തലപ്പത്ത് മുസ്ലീങ്ങളെ സ്ഥാപിക്കുകയും അതുവഴി ക്രൈസ്തവരെ തീരുമാനമെടുക്കുന്നതില്‍ വലിയ സ്വാധീനമില്ലാതെ നിലനിര്‍ത്തി രാജ്യത്ത് ഇസ്ലാമികവല്‍ക്കരണം നടപ്പിലാക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

കാത്തലിക് സെക്രട്ടറിയേറ്റ് ഓഫ് നൈജീരിയ ഉള്‍പ്പെടുന്ന എക്യുമെനിക്കല്‍ ബോഡിയുടെ പ്രസ്താവനയില്‍ അമേരിക്കന്‍ വിദേശകാര്യവകുപ്പിന്റെ ‘2020 കണ്‍ട്രി റിപ്പോര്‍ട്ട്സ് ഓണ്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രാക്ടീസസ്: നൈജീരിയ’ എന്ന 2020-ലെ റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകളും പരാമര്‍ശ വിഷയമാക്കിയിട്ടുണ്ട്. ‘പ്രധാനപ്പെട്ട പദവികള്‍ പരമ്പരാഗത ബന്ധങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി പ്രത്യേക വംശീയ വിഭാഗങ്ങള്‍ക്ക് മാത്രമായി നല്‍കി’ എന്നാണ് പരാമര്‍ശം. അപ്പീല്‍ കോടതി ജഡ്ജിമാരെ നിയമിക്കുന്നത് സംബന്ധിച്ച് നൈജീരിയയിലെ നാഷ്ണല്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 19ന് പുറത്തുവിട്ട നിര്‍ദ്ദേശങ്ങളാണ് ക്രിസ്ത്യന്‍ നേതാക്കളെ തങ്ങളുടെ ആരോപണം ശക്തിപ്പെടുത്തുവാന്‍ പ്രേരിപ്പിച്ചത്.

‘ക്രൈസ്തവരെ മാറ്റി നിര്‍ത്തിക്കൊണ്ട്, വംശീയപരമായ വൈവിധ്യം കണക്കിലെടുക്കാതെ ഈ വിവേചനം തുടര്‍ന്നാല്‍ അത് ഭരണകൂടത്തിന് തന്നെ വിനയാകുമെന്ന്‍’ സി.എ.എന്‍ പ്രസിഡന്റ് സുപോ അയോകുന്‍ലെ സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കി. പുതുതായി നടത്തിയ 20 നിയമനങ്ങളില്‍ 13 പേരെ രാജ്യത്തിന്റെ വടക്ക് ഭാഗത്തു നിന്നും നിയമിച്ചപ്പോള്‍ വെറും 7 പേര്‍ മാത്രമാണ് തെക്ക് ഭാഗത്തു നിന്നുള്ളത്. വടക്കുഭാഗത്ത് നിന്നുള്ള 13 പേരും മുസ്ലീങ്ങള്‍ ആയതെങ്ങനെയെന്നും, അവിടുത്തെ ക്രിസ്ത്യാനികള്‍ ബുദ്ധിയില്ലാത്തവരാണോയെന്നും അയോകുന്‍ലെ ചോദ്യമുയര്‍ത്തി. നൈജീരിയായില്‍ നടക്കുന്ന ക്രൂരമായ ക്രൈസ്തവ നരഹത്യയില്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നിശബ്ദത പാലിക്കുകയാണെന്ന ആരോപണം നേരത്തെ മുതല്‍ തന്നെ ശക്തമാണ്. ഇതിന് ബലമേകുന്ന പുതിയ നിയമനങ്ങള്‍ വലിയ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 642