News - 2025
ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ തടവില്‍ കഴിഞ്ഞ ലാവോസിലെ ക്രിസ്ത്യന്‍ നേതാവിന് മോചനം
പ്രവാചക ശബ്ദം 14-04-2021 - Wednesday
വിയന്റിയൻ: കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ലാവോസില്‍ ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിച്ചു എന്ന കാരണത്താല്‍ കഴിഞ്ഞ ഒരു വര്‍ഷമായി തടവറയില്‍ കഴിഞ്ഞിരുന്ന വചനപ്രഘോഷകനും ക്രിസ്ത്യന്‍ നേതാവുമായ സിതോണ്‍ തിപ്പാവോങ്ങ് മോചിതനായി. തെക്കന്‍ പ്രവിശ്യയായ സാവന്നാഖേതില്‍ നിന്നുള്ള തിപ്പാവോങ്ങിന്റെ മേല്‍ ‘ഐക്യത്തെ തടസ്സപ്പെടുത്തി’, ‘ക്രമക്കേടുകള്‍’ സൃഷ്ടിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിക്കൊണ്ട് ഒരു വര്‍ഷത്തെ തടവ് ശിക്ഷ പ്രോവിന്‍ഷ്യല്‍ കോടതി വിധിച്ചുവെങ്കിലും വിചാരണ കാത്ത് ജയിലില്‍ കഴിഞ്ഞ സമയം കണക്കിലെടുത്ത് അദ്ദേഹം മോചിതനാകുകയായിരിന്നു.
തിപ്പാവോങ്ങിന്റെ മോചനം കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ലാവോസില്‍ അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ മതന്യൂനപക്ഷത്തിന്റെ വിജയമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചുമത്തപ്പെട്ട രണ്ടു കുറ്റങ്ങളുടേയും പേരില്‍ 40 ലക്ഷം കിപ് (യു.എസ് $ 426) പിഴ കോടതി വിധിച്ചിട്ടുണ്ട്. അനുവാദമില്ലാതെ മതപരിപാടികള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15നാണ് തിപ്പാവോങ്ങ് അറസ്റ്റിലാകുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട ദിവസം പ്രാര്‍ത്ഥനാശുശ്രൂഷ നടത്തുവാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.
ഇവിടെയെത്തിയ പോലീസ് പരിപാടി റദ്ദാക്കുവാന്‍ ആവശ്യപ്പെടുകയായിരിന്നു. ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുന്നു എന്നെഴുതിയ രേഖയില്‍ ഒപ്പിട്ടുതരുവാനുള്ള പോലീസിന്റെ ആവശ്യം തിപ്പാവോങ്ങ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റിലായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 70 ലക്ഷം വരുന്ന ലാവോസ് ജനസംഖ്യയില്‍ വെറും ഒന്നര ലക്ഷത്തോളം ക്രൈസ്തവര്‍ മാത്രമാണ് രാജ്യത്തുള്ളത്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തില്‍ നിന്നും, പ്രാദേശിക സമുദായങ്ങളില്‍ നിന്നും നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനങ്ങള്‍ തുറന്നുക്കാട്ടുന്നതായിരിന്നു തിപ്പാവോങ്ങിന്റെ അറസ്റ്റ്. ഇതിനെതിരെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരിന്നു.
കഴിഞ്ഞ മാസം അവസാനം ഏഷ്യാ-പസഫിക് മേഖലയിലെ മനുഷ്യാവകാശ നിരീക്ഷക ഡെപ്യൂട്ടി ഡയറക്ടര്‍ ഫില്‍ റോബര്‍ട്ട്സണ്‍ തിപ്പാവോങ്ങിന്റെ അറസ്റ്റും, തടവും കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പ്രഖ്യാപിക്കുകയും അദ്ദേഹത്തെ ഉടന്‍ തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ചില വിദേശ ക്രിസ്ത്യന്‍ സംഘടനകളും ഇതിനെതിരെ രംഗത്ത് വരികയുണ്ടായി. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആരാധനകള്‍ നടത്തുവാന്‍ ക്രിസ്ത്യാനികള്‍ക്ക് അവകാശമുണ്ടെങ്കിലും ചില പ്രാദേശിക അധികാരികള്‍ ക്രിസ്ത്യാനികളെ ഒരു വിദേശമതമായിട്ടാണ് പരിഗണിക്കുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക