News - 2025

ഹെയ്തിയില്‍ തട്ടിക്കൊണ്ടു പോയ വൈദികര്‍ തടങ്കലിൽ തന്നെ: ഫ്രഞ്ച് ഭരണകൂടം ക്രൈസിസ് സെന്റര്‍ തുറന്നു

പ്രവാചക ശബ്ദം 14-04-2021 - Wednesday

പോർട്ട് ഓ പ്രിൻസ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ രണ്ടു ഫ്രഞ്ച് കത്തോലിക്ക മിഷ്ണറിമാരുള്‍പ്പെടെ അഞ്ച് വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും സായുധസംഘം തട്ടിക്കൊണ്ടുപോയ സാഹചര്യത്തില്‍ ഹെയ്തിയില്‍ തങ്ങളുടെ ക്രൈസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം. ‘ദി ക്വായി ഡി’ഓര്‍സെയ്സ്’ ക്രൈസിസ് സെന്ററും, ഫ്രഞ്ച് എംബസ്സിയും പ്രാദേശിക അധികാരികളുടെ സഹായത്തോടെ പൂര്‍ണ്ണമായും കര്‍മ്മനിരതരാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഹെയ്തിയില്‍ തങ്ങളുടെ മിഷ്ണറിമാര്‍ തട്ടിക്കൊണ്ടുപോകപ്പെട്ടതില്‍ ഫ്രഞ്ച് കത്തോലിക്കാ മെത്രാന്‍ സമിതിയും, വൈദികരും ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി.

ദാരിദ്ര്യത്തിലൂടെയും, അരക്ഷിതാവസ്ഥയിലൂടെയും കടന്നുപോയിക്കൊണ്ടിരിക്കുന്ന രാജ്യത്ത് കൂടുതല്‍ വിദ്വേഷം വളര്‍ത്തരുതെന്നും, തട്ടിക്കൊണ്ടുപോയവരെ ഉടന്‍ വിട്ടയക്കണമെന്നും ഫ്രഞ്ച് മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തലസ്ഥാന നഗരമായ പോര്‍ട്ട്‌-ഒ-പ്രിന്‍സിന്റെ വടക്ക്-കിഴക്ക് ഭാഗത്തുള്ള ക്രോയിക്സ്-ഡെസ്-ബൊക്കെറ്റ്സ് നഗരത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച പുതിയ ഇടവകവികാരി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുന്ന വഴിക്കാണ് വൈദികരും കന്യാസ്ത്രീമാരും തട്ടിക്കൊണ്ടുപോകപ്പെട്ടതെന്നാണ് ഹെയ്തി മെത്രാന്‍ സമിതി (സി.എച്ച്.ആര്‍) യുടെ ഔദ്യോഗിക വക്താവായ ഫാദര്‍ ലോഡ്ജര്‍ മാസിലെ അറിയിച്ചിരിക്കുന്നത്. സായുധധാരികൾ പത്തുലക്ഷം യു.എസ് ഡോളര്‍ മോചന ദ്രവ്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമേ 3 പേര്‍ കൂടി തട്ടിക്കൊണ്ടുപോകപ്പെട്ടതായി ഹെയ്തി മെത്രാന്‍ സമിതി വെളിപ്പെടുത്തി.

‘400 മാവോസോ’ എന്ന സായുധ സംഘമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പോര്‍ട്ട്‌-ഒ-പ്രിന്‍സിലും, മറ്റ് സമീപ പ്രവിശ്യകളിലും മോചനദ്രവ്യത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലുകള്‍ സമീപകാലത്ത് പതിവായിരിക്കുകയാണ്. സായുധ സംഘങ്ങളുടെ സ്വാധീനം രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ സൂചനയാണിത്. ഇതിനെതിരെ വനിതകള്‍ ഉള്‍പ്പടെയുള്ളവര്‍ ശക്തമായി പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. അടിച്ചമർത്തലിന്റെ ഫലമായ വിലാപം ഇല്ലാത്ത ഒരു ദിവസം പോലും ഹെയ്തിയില്‍ കടന്നുപോകുന്നില്ലെന്നും, അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന നേതാക്കളുടെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും ഹെയ്തി മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയിലുണ്ട്. തലസ്ഥാന നഗരമുള്‍പ്പെടെ സായുധ സംഘങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളുടെ നിയന്ത്രണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാര്‍ച്ചില്‍ ഹെയ്തി സര്‍ക്കാര്‍ ഒരു മാസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 642