Faith And Reason - 2024
കൊറോണ വൈറസ് വ്യാപന സമയത്ത് ഒരു ക്രിസ്ത്യാനി എപ്രകാരമായിരിക്കണം?
ബ്രദര്‍ ബിജു ഇമ്മാക്കുലേറ്റ് ഓഫ് മേരി 19-04-2021 - Monday
നാം പാപം ഉപേക്ഷിയ്ക്കേണ്ടതും പുണ്യം ചെയ്യേണ്ടതും നരകത്തെ ഭയന്നോ ശിക്ഷകളെ ഭയന്നോ രോഗങ്ങളെ ഭയന്നോ നീതിന്യായ വ്യവസ്ഥയോ ഭയന്നോ ഒന്നുമല്ല, ദൈവത്തോടുള്ള സ്നേഹം കൊണ്ടായിരിയ്ക്കണം എന്നത് സത്യമാണ്. എന്നാൽ ദൈവസ്നേഹത്തിൽ അത്ര പുരോഗതി പ്രാപിക്കാത്തവരെ സംബന്ധിച്ച് ശിക്ഷയെ ഭയന്നും നരകത്തെ ഭയന്നും മരണത്തെ ഭയന്നുമൊക്കെ പാപം ചെയ്യാതിരിയ്ക്കുന്നതും പുണ്യം ചെയ്യുന്നതും നൻമ തന്നെയാണ്.
കൊറോണ വൈറസ് പുതിയ രൂപത്തിലും ഭാവത്തിലും അതിശക്തമായി വന്നുകൊണ്ടിരിയ്ക്കുന്നത് നാമറിഞ്ഞു കൊണ്ടിരിയ്ക്കുന്നു. ദൈവസ്നേഹത്തിൽ ഏറെ പുരോഗമിച്ച പാണ്ഡിത്യമുള്ള എൻ്റെ സ്നേഹിതനായ ഒരു വൈദികൻ കാര്യഗൗരവത്തോടെ ഒരു പക്ഷെ നാമിനി കണ്ടുമുട്ടിയില്ലായെന്ന് പറഞ്ഞത് ഓർക്കുന്നു. നമ്മുടെ കുടുംബത്തിൽ ഉള്ളവരുടെയടുത്തും സ്നേഹിതരുടെയടുത്തും ഒക്കെ ഗൗരവത്തോടെ നമുക്ക് പറയാവുന്ന വാക്കുകൾ ആണ് ഇത് എന്നു തോന്നുന്നു. വീണ്ടും കാണാൻ സാധ്യതയില്ല എന്ന സാഹചര്യം ഉണ്ടെങ്കിൽ കൂടുതൽ പൂർണ്ണതയോടെ നമ്മുടെ പ്രിയപ്പെട്ടവരെ സ്നേഹിയ്ക്കുവാൻ അവരോടുള്ള പിണക്കം ഉപേക്ഷിക്കുവാൻ, അവർക്ക് ക്ഷമ നൽകുവാൻ ഒക്കെ നമുക്ക് ശ്രദ്ധിക്കാം.
ശാരീരിക സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നാം സ്വീകരിക്കുക തന്നെ വേണം. അതോടൊപ്പം ആത്മീയമായ എല്ലാ സുരക്ഷാമാർഗ്ഗങ്ങളും സ്വീകരിയ്ക്കുവാൻ ഏറെ ശ്രമിക്കുകയും വേണം. ഏതു സമയത്ത് മരണം സംഭവിച്ചാലും നിത്യ നരകത്തിൽ പതിയ്ക്കാത്ത രീതിയിൽ മാരകപാപത്തിൽ നിന്നെങ്കിലും ഒഴിഞ്ഞു നിൽക്കുവാൻ നാം പ്രത്യേകം ശ്രദ്ധിയ്ക്കണം. തെറ്റുകൾ വന്നാൽ ഉടൻ തന്നെ കർത്താവിൻ്റെ മുൻപിൽ അനുതപിയ്ക്കണം. (കോവിഡിൻ്റെ സമയത്ത് മാത്രമല്ല എല്ലാ സമയത്തും ഇത്തരം ജീവിതശൈലി ഉണ്ടാകേണ്ടതാണ് എന്നത് സമ്മതിക്കുന്നു. കോവിഡ് ശക്തി പ്രാപിച്ചിരിക്കുന്നതുകൊണ്ട് സവിശേഷമായ ഒരു ശ്രദ്ധ ഉണ്ടാകണമെന്നാണ് ഉദ്ദേശിച്ചത്).
ഈ പ്രത്യേക സാഹചര്യം വഴി മനുഷ്യ മക്കളിൽ നിന്ന് ദൈവം എന്താണോ പ്രതീക്ഷിക്കുന്നത് അത് നൽകുവാൻ ഏവർക്കും സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിയ്ക്കാം.
എന്റെ സഹോദരിയുടെ മകൾ വിശുദ്ധ മിഖായേൽ മാലാഖയുടെ സംരക്ഷണ പ്രാർത്ഥന ചൊല്ലിക്കൊണ്ട് സ്റ്റെപ്പ് ഇറങ്ങുകയായിരുന്നു. പെട്ടെന്ന് കാൽ വഴുതി വീണ് കൈ ശക്തമായി അടിച്ച് ഏറെ തുന്നലുകൾ വേണ്ടിവന്ന മുറിവ് ഉണ്ടായി! കഴിഞ്ഞ ദിവസം കേട്ടതാണ്; ഒരാൾ തൻ്റെ പുതിയ വാഹനം വികാരിയച്ചനെ കൊണ്ട് വെഞ്ചരിപ്പിച്ചിട്ട്, വണ്ടിയെടുത്ത് 50 മീറ്റർ നീങ്ങും മുൻപ് ഭിത്തിയിൽ ഇടിച്ച് അതിൻ്റെ മുൻവശം നിശേഷം തകർന്നു !!
ഹ്യദയപൂർവ്വം സംരക്ഷണ പ്രാർത്ഥന ചൊല്ലി ദൈവത്തിൽ ആശ്രയിച്ചിട്ട്, ദൈവത്തിൻ്റെ അനുഗ്രഹവും ആശീർവ്വാദവും തേടിയിട്ട് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഇവിടെ നടന്ന രണ്ട് സംഭവങ്ങളും ആരുടെയും ആത്മനാശത്തിന് കാരണമാകുന്ന സംഭവങ്ങൾ അല്ല. ശാരീരികമായോ മാനസികമായോ ചില വേദനകളും ചില സാമ്പത്തിക നഷ്ടങ്ങളും ഒക്കെ ഉണ്ടാക്കുന്ന സംഭവങ്ങൾ. ഇത് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തിയാൽ കൂടുതൽ ദൈവീകരാകാം എന്ന സാധ്യതയും ഉണ്ട്. ദൈവത്തെ സ്നേഹിച്ചാൽ ദൈവത്തിൻ്റെ കൂടെ നടന്നാൽ യാതൊരു പ്രശ്നവും ഉണ്ടാകില്ല എന്ന തെറ്റായ കാഴ്ചപ്പാട് ഉപേക്ഷിച്ചാൽ ഏറെ വേദനകൾ അവസാനിയ്ക്കും എന്നതാണ് സത്യം.
ഇപ്പോൾ കോവിഡ് രോഗവും അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും ഒത്തിരിയേറെ അസ്വസ്ഥത ജനിപ്പിക്കുന്നതാണ്. മരണം വരെ സംഭവിക്കാവുന്ന സാഹചര്യങ്ങൾ ആണല്ലോ നിലവിൽ ഉള്ളത്. ഇപ്പോൾ മനസ്സിലാക്കിയതുപോലെ, ദൈവത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്കും ദൈവത്തിൽ ആശ്രയിക്കുന്നവർക്കും ഇത് ഉണ്ടാകില്ല എന്ന് ചിന്തിക്കരുത്. മറിച്ച്, അങ്ങനെയുള്ളവർക്ക് ഇത് ആത്മനാശം വരുത്താതെ കടന്നുപോകും എന്നതാണ് സത്യം. അവർ രോഗത്തെ ദൈവകരങ്ങളിൽ നിന്ന് സ്വീകരിയ്ക്കുന്നതിനാൽ അവർക്കിത് തികച്ചും രക്ഷാകരമായി മാറും. എന്നാൽ ദൈവത്തിലേയ്ക്ക് തിരിയാത്തവർക്ക് അനുതപിക്കാൻ പോലും പറ്റാത്ത സാഹചര്യങ്ങളും ദൈവത്തെ ശപിക്കാനും പഴിക്കാനുമുള്ള വേദികളുമായി ഇത് മാറുകയും ചെയ്തേക്കാം..
ഓരോ ദിവസത്തിനും അതതിൻ്റെ ക്ലേശങ്ങൾ മതി, അനുദിനം കുരിശുമെടുത്ത് എന്നെ അനുഗമിക്കുക തുടങ്ങിയ വചനങ്ങൾ അനുസരിച്ച് ജീവിച്ച്, ക്രിസ്തീയ ജീവിതത്തിൽ അനുദിനം വിവിധങ്ങളായ സഹനങ്ങൾ ഉണ്ടായിരിക്കും എന്ന ശരിയായ ആദ്ധ്യാത്മികതയിൽ ജീവിക്കുവാൻ ശ്രമിക്കുന്നവർക്ക് കൊറോണ വൈറസ് നിരാശ ഉണ്ടാക്കില്ല, ആത്മനാശവും വരുത്തില്ല. രക്തസാക്ഷിത്വം വരെ പ്രതീക്ഷിച്ചിരിക്കുന്ന ക്രിസ്ത്യാനിയക്ക് കൊറോണ വൈറസ് എന്താണ്?
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക