News - 2025

ഇന്തോനേഷ്യയിലെ സെറോജ ചുഴലിക്കാറ്റിനിരയായവര്‍ക്ക് ക്രൈസ്തവ സന്നദ്ധ സംഘടന പുതിയ ഭവനങ്ങള്‍ നിര്‍മ്മിക്കും

പ്രവാചക ശബ്ദം 28-04-2021 - Wednesday

നുസാ തെന്‍ഗാര: തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയില്‍ ഈ മാസമുണ്ടായ സെറോജ ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ സഹായഹസ്തം. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ കിഴക്കന്‍ നുസാ തെന്‍ഗാര പ്രവിശ്യയില്‍ അപ്രതീക്ഷിത ചുഴലിക്കാറ്റിനിരയായവര്‍ക്ക് പുതിയ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കാരിത്താസ് ഇന്തോനേഷ്യ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കുകയായിരിന്നു. പ്രവിശ്യയില്‍ കാരിത്താസ് നടത്തിവരുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പുതിയ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നത്.

സെറോജ ചുഴലിക്കാറ്റ് മൂലം നുസാ തെന്‍ഗാര പ്രവിശ്യയില്‍ 181 പേര്‍ മരണപ്പെടുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആയിരകണക്കിന് ഭവനങ്ങള്‍ക്കാണ് കേടുപാടുകള്‍ പറ്റിയിരിക്കുന്നത്. 47 പേരെ ഇനിയും കണ്ടെത്തുവാനുണ്ടെന്നാണ് ഔദ്യോഗിക വിവരം. മെയ് അഞ്ചോടു കൂടെ ഔദ്യോഗിക രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, തങ്ങളുടെ അഭ്യുദയകാംക്ഷികളും, ലാരാന്റുക രൂപതാ കാരിത്താസുമായി സഹകരിച്ച് പുതിയ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതുള്‍പ്പെടെയുള്ള സഹായങ്ങള്‍ തുടരുമെന്ന് ‘കരിന’യുടെ ഡയറക്ടര്‍ ഫാദര്‍ ഫ്രഡ്ഢി റാന്റെ ടാരുക് യു.സി.എ ന്യൂസിനോട് പറഞ്ഞു.

കരിനയുടേയും, ലാരാന്റുക രൂപതാ കാരിത്താസിന്റേയും നേതൃത്വത്തില്‍ ഭക്ഷ്യ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നത് തുടരുന്നതിനു പുറമേ, ജനങ്ങള്‍ക്ക് മാനസികമായ പിന്തുണയും നല്‍കുന്നുണ്ടെന്ന് ഫാ. ഫ്രഡ്ഢി പറഞ്ഞു. തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കും, വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനുമായി പത്തുലക്ഷം റുപ്പയ്യ ( 70 യു‌എസ് ഡോളര്‍) ആണ് ഓരോ കുടുംബത്തിനും കാരിത്താസ് നല്‍കി വരുന്നത്. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുള്ള അഡോണാര, ലെംബാട എന്നീ ദ്വീപുകളില്‍

കൂടുതല്‍ ഭവനങ്ങളും നിര്‍മ്മിച്ചു നല്‍കും. ഇതിനിടയില്‍ ‘സാന്ത്’എഗിഡിയോ കമ്മ്യൂണിറ്റി’ എന്ന മറ്റൊരു കത്തോലിക്ക സന്നദ്ധ സംഘടനയും ചുഴലിക്കാറ്റിനിരയായ മാലാകാ ജില്ലയില്‍ സഹായമെത്തിച്ചു വരുന്നുണ്ട്. ഭക്ഷണ സാധനങ്ങളും, മറ്റ് അവശ്യ സാധനങ്ങളുമാണ് തങ്ങള്‍ ദുരിതബാധിതരിലേക്ക് എത്തിക്കുന്നതെന്ന് സംഘടനയുടെ കോഓര്‍ഡിനേറ്റര്‍ എവെലിന്‍ വിനാര്‍കോ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമാണ് ഇന്തോനേഷ്യ.

More Archives >>

Page 1 of 647