News - 2025
ഹെയ്തിയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനായി ബ്രസീലിയന്‍ ക്രൈസ്തവര്‍ നാളെ പ്രാര്‍ത്ഥനാ ദിനമാചരിക്കുന്നു
പ്രവാചക ശബ്ദം 30-04-2021 - Friday
സാവോപ്പോളോ: അക്രമവും, രക്തച്ചൊരിച്ചിലും, തട്ടിക്കൊണ്ടുപോകലും രൂക്ഷമായ ഹെയ്തിയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനായി ബ്രസീലിയന്‍ ക്രൈസ്തവര്‍ നാളെ (മെയ് 1) പ്രാര്‍ത്ഥനാ ദിനമാചരിക്കുന്നു. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’ന്റെ സഹായത്തോടെ ബ്രസീല്‍ മെത്രാന്‍ സമിതിയുടെ ‘പാസ്റ്ററല്‍ കമ്മീഷന്‍ ഫോര്‍ മിഷന്‍ ആന്‍ഡ് ഇന്റര്‍-എക്ലേസ്യല്‍ കോ-ഓപ്പറേഷ’നാണ് നാളത്തെ പ്രാര്‍ത്ഥനാ ദിനം സംഘടിപ്പിക്കുന്നത്. ‘ഹെയ്തിയിലെ സമാധാനം’, ‘ഹെയ്തി സഭയുടെ പ്രേഷിത ദൗത്യം’ എന്നീ നിയോഗങ്ങള്‍ മുന്‍നിറുത്തി നാളെ മുഴുവനും ജപമാലയോ, വിശുദ്ധരുടെ ലുത്തീനിയയോ വിശ്വാസികള്‍ ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് മെത്രാന്‍ സമിതിയുടെ ആഹ്വാനത്തില്‍ പറയുന്നു.
ലോകത്തെ വിവിധ രാഷ്ട്രങ്ങളിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക എന്ന ലക്ഷ്യത്തോടെ ബ്രസീലിയന്‍ മെത്രാന്‍ സമിതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രാര്‍ത്ഥനാ യജ്ഞത്തിന്റെ ഭാഗമാണ് ഹെയ്തിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനാ ദിനാചരണവും. സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ മാധ്യസ്ഥയായ ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ ഓര്‍മ്മയില്‍ ഓരോ മാസത്തിന്റേയും ആദ്യ ദിവസം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഓരോ രാഷ്ട്രത്തിലേയും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനാണ് മെത്രാന്‍ സമിതി പദ്ധതിയിട്ടിരിക്കുന്നത്. സഭയുടെ പ്രേഷിത ദൗത്യത്തില്‍ പ്രാര്‍ത്ഥനക്കുള്ള പ്രാധാന്യം എടുത്തുകാട്ടുകയാണ് പ്രാര്‍ത്ഥനാ ദിനാചരണം കൊണ്ടുദ്ദേശിക്കുന്നതെന്നു പാസ്റ്ററല്‍ കമ്മീഷന്‍ അംഗമായ ഡാനിയല്‍ റൊച്ചേറ്റി പറഞ്ഞു.
2010-ല്‍ ഹെയ്തിയെ പിടിച്ചു കുലുക്കിയ ഭൂകമ്പവും, 2016-ല്‍ ആഞ്ഞടിച്ച മാത്യു ചുഴലിക്കാറ്റും കരീബിയന്‍ രാജ്യമായ ഹെയ്തിയിലെ ജനങ്ങളുടെ പട്ടിണി ഒന്നുകൂടി വര്‍ദ്ധിപ്പിച്ചിരിക്കുന്നതിന്റെ പുറമെയാണ്, രാഷ്ടീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയും, അക്രമങ്ങളും, തട്ടിക്കൊണ്ടുപോകലും വര്‍ദ്ധിച്ചിരിക്കുന്നത്. ഈ മാസം ഏഴു കത്തോലിക്കാ വൈദികരെ കൂടി തട്ടിക്കൊണ്ടുപോയതോടെ ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. അടുത്തത് ആരായിരിക്കുമെന്ന ഭീതിയിലാണ് തങ്ങള്‍ ഓരോ ദിവസവും തള്ളിനീക്കുന്നതെന്നു ഹെയ്തിയിലെ ഹിഞ്ചെ രൂപതാ മെത്രാനായ ജീന്‍ ഡെസിനോര്‍ഡ് സമീപകാലത്ത് ‘എ.സി.എന്‍’നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിന്നു. മ്യാന്‍മറിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരുന്നു കഴിഞ്ഞ മാസത്തെ (ഏപ്രില്‍-1) പ്രാര്‍ത്ഥനാ ദിനാചരണത്തില്‍ ബ്രസീലിലെ കത്തോലിക്കര്‍ പ്രാര്‍ത്ഥിച്ചത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക