News

സിറിയയിലെ ക്രൈസ്തവ വിശ്വാസികൾ തുടച്ചുനീക്കപ്പെടാൻ സാധ്യത, നിലവിലെ സാഹചര്യം മനുഷ്യർക്ക് താങ്ങാൻ സാധിക്കാത്തത്: പാത്രിയാർക്കീസ് ജോസഫ് മൂന്നാമന്‍

പ്രവാചക ശബ്ദം 26-05-2021 - Wednesday

ഡമാസ്ക്കസ്: മനുഷ്യർക്ക് താങ്ങാൻ സാധിക്കാത്ത നിലയിൽ സിറിയയിലെ സംഘർഷങ്ങൾ എത്തിയിരിക്കുകയാണെന്നും രാജ്യത്തെ ക്രൈസ്തവ വിശ്വാസികൾ തുടച്ചുനീക്കപ്പെടാൻ സാധ്യതയുണ്ടെന്നും സിറിയന്‍ കാത്തലിക് പാത്രിയാർക്കീസ് ജോസഫ് യൂനാൻ മൂന്നാമന്റെ വെളിപ്പെടുത്തല്‍. മെയ് 23നു സിറിയ സന്ദർശിച്ചതിനു ശേഷം കാത്തലിക് ന്യൂസ് സർവീസിനു നൽകിയ അഭിമുഖത്തിലാണ് രാജ്യത്തെ ദയനീയ സാഹചര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നിലവിലെ പ്രതിസന്ധി നിരപരാധികളെ മാത്രമേ ബാധിക്കുകയുള്ളൂ എന്നതിനാൽ സിറിയക്കുമേൽ പാശ്ചാത്യരാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ നീക്കണമെന്ന് പാത്രിയാർക്കീസ് അഭ്യർത്ഥിച്ചു.

പത്തുവർഷത്തോളമായി യുദ്ധങ്ങളും ഒറ്റപ്പെടലുകളും നേരിടുന്ന രാജ്യത്തിൻറെ മേൽ ജനാധിപത്യത്തിന്റയും, രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെയും പേര് പറഞ്ഞു പാശ്ചാത്യരാജ്യങ്ങൾ കൊണ്ടുവരുന്ന ഉപരോധങ്ങൾ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. സാധാരണ ജനങ്ങൾ ഭക്ഷണ ദൗർലഭ്യം പോലും നേരിടുന്നുണ്ട്. ആരോഗ്യ രംഗത്തെ പ്രതിസന്ധിയും ഇഗ്നേസ് ജോസഫ് യൂനാൻ ചൂണ്ടിക്കാട്ടി. ബെയ്റൂട്ട് ആസ്ഥാനമായുളള പാത്രിയാർക്കീസ് പത്തു ദിവസം നീണ്ട സന്ദർശനത്തിനിടയിൽ മൂന്നു രൂപതകളാണ് സിറിയയിൽ സന്ദർശിച്ചത്. സന്ദർശനത്തില്‍ സന്തോഷമുണ്ടെങ്കിലും, ആളുകളുടെ ഹൃദയത്തിലെ വേദന കാണാതിരിക്കാൻ ഒരാൾക്കും സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഉപരോധം നീക്കണമെന്ന് പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടെങ്കിലും, സിറിയയിൽ നിന്ന് പലായനം ചെയ്ത ജനങ്ങളെ തിരിച്ചുകൊണ്ടുവരാനും, രാജ്യത്ത് ജനങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാനും ഐക്യരാഷ്ട്രസഭ ഉൾപ്പെടെ ഇടപെടണമെന്നും പാത്രിയർക്കീസ് ആവശ്യപ്പെട്ടു. പത്തു വർഷമായി വിവിധ രീതിയിൽ രാജ്യത്തെ ക്രൈസ്തവരെ സഹായിക്കുന്ന അന്താരാഷ്ട്ര കത്തോലിക്ക സംഘടനകളായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ്, കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ തുടങ്ങിയ സംഘടനകളോട് സിറിയൻ ക്രൈസ്തവരുടെ നന്ദിയും അദ്ദേഹം പങ്കുവെച്ചു. ആലപ്പോയിൽ മെയ് 18 മുതൽ 20 വരെ നടന്ന രാജ്യത്തെ വിവിധ കത്തോലിക്കാ റീത്തുകളുടെ തലവന്മാരുടെ കൂടിക്കാഴ്ചയിൽ പാത്രിയാർക്കീസ് ഇഗ്നേസ് ജോസഫ് യൂനാൻ മൂന്നാമനാണ് അധ്യക്ഷത വഹിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശവും ആഭ്യന്തര യുദ്ധങ്ങളും സിറിയയില്‍ കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »