Life In Christ

ശാന്തശീലന്‍, ആരും അറിയാതെ വൃക്ക പകുത്തു നല്കിയ വൈദികന്‍: ചെറിയാനച്ചന്റെ ഓര്‍മ്മകളുമായി മലയാളി സമൂഹം

പ്രവാചക ശബ്ദം 27-05-2021 - Thursday

കൊച്ചി: വാഹനപകടത്തെ തുടര്‍ന്നു ചികിത്സയിലായിരിക്കെ ഇന്നു മരണമടഞ്ഞ എറണാകുളം അങ്കമാലി അതിരൂപതയിലെ യുവ വൈദികന്‍ ഫാ. ചെറിയാൻ നേരേവീട്ടിലിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലില്‍ മലയാളി ക്രൈസ്തവ സമൂഹം. ഏഴുവർഷം മുൻപ് കൊച്ചി പെരിമാനൂർ പള്ളി വികാരിയായിരിക്കെയാണ് നിർധനയായ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് അദ്ദേഹം വൃക്ക ദാനംചെയ്തത്. അതും സഭാധികാരികളോട് അനുമതി തേടിയതല്ലാതെ അധികമാരെയും അറിയിക്കാതെ. ഏതാനും മാസങ്ങൾക്കു മുമ്പ് മാതൃഭൂമി ദിനപത്രത്തിന് നൽകിയ ഒരു അഭിമുഖത്തിൽ അന്ന് പ്ലസ് വണ്ണിൽ പഠിച്ചിരുന്ന പെൺകുട്ടി അടുത്തിടെ ഡിഗ്രി പാസായെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

"ഒരു കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്. എല്ലാകൊല്ലവും ഓണവും ക്രിസ്മസും പോലുള്ള വിശേഷങ്ങളിൽ ഞങ്ങൾ ഒത്തുകൂടും. ഒരുമിച്ച് ഭക്ഷണം കഴിക്കും. അപ്പന് മകളെ കാണുമ്പോഴുള്ള സ്നേഹവും വാത്സല്യവുമെന്താണെന്ന് എനിക്കിപ്പോൾ തിരിച്ചറിയാൻ പറ്റും. എന്റെ ജീവന്റെ കഷണം തന്നെയാണല്ലോ അവളിലും ഉള്ളത്'' എന്നാണ് ചെറിയാൻ അച്ചൻ ഇതേപ്പറ്റി പറഞ്ഞത്.

വൃക്ക പകുത്തു നല്‍കിയതിന് ശേഷവും തുടർചികിൽസക്കും തന്നാൽ കഴിയുന്ന സഹായം ചെയ്തുപോന്നിരിന്നു വ്യക്തിത്വമായിരിന്നു അദ്ദേഹത്തിന്റേത്. ജാതിമത വ്യാത്യാസമില്ലാതെ ഒട്ടേറെപ്പേർക്ക് അത്താണിയായിരുന്നു അദ്ദേഹം. നാഷണല്‍ & ഇന്‍റര്‍നാഷണല്‍ ജീസസ് യൂത്ത് ചാപ്ലൈയിനായും സത്യദീപം ചീഫ് എഡിറ്ററായും ചെറിയാച്ചന്‍ സേവനം അനുഷ്ഠിച്ചിരിന്നു. ഇക്കാലയളവില്‍ അനേകര്‍ക്ക് പ്രചോദനമേകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിന്നു.

മൃതദേഹം നാളെ (28.05.2021, വെള്ളിയാഴ്ച) 12 മണി മുതല്‍ 1 മണി വരെ അദ്ദേഹം സേവനം ചെയ്തുകൊണ്ടിരിന്ന സെന്‍റ് ജാന്ന പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അതിനുശേഷം 1.30 മുതല്‍ 2.30 വരെ തോപ്പില്‍ മേരി ക്വീന്‍ പള്ളിയുടെ അടുത്തുള്ള അച്ചന്‍റെ ഭവനത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 2.30-ന് വീട്ടില്‍ നിന്ന് മൃതസംസ്കാരശുശ്രൂഷയുടെ ഒന്നാം ഭാഗം തുടങ്ങി മൃതദേഹം 3 മണിയോടു കൂടി തോപ്പില്‍ മേരി ക്വീന്‍ പള്ളിയില്‍ എത്തിക്കും. 4 മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. മാര്‍ ആന്‍റണി കരിയില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. സമാപനശ്രുശ്രൂഷയ്ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോർജ്‌ ആലഞ്ചേരി കാർമികത്വം നിർവഹിക്കും.

1997 ജനുവരി 1-ന് മാര്‍ ജേക്കബ് മനത്തോടത്ത് പിതാവില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം കൊരട്ടി, എറണാകുളം ബസിലിക്ക ഇടവകകളില്‍ അസിസ്റ്റന്‍റ് വികാരിയായും, പെരുമാനൂര്‍, ഞാറക്കല്‍ ഇടവകകളില്‍ റസിഡന്‍റായും, ഏലൂര്‍, താമരച്ചാല്‍പുരം ഇടവകകളില്‍ വികാരിയായും, തൃക്കാക്കര മൈനര്‍ സെമിനാരിയില്‍ സ്പിരിച്വല്‍ ഡയറക്ടറായും, അതിരൂപത തിരുബാലസഖ്യം ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ 13ന് മരട് ജംഗ്ഷന് സമീപത്ത് നടന്നുപോകുമ്പോഴാണ് അദ്ദേഹത്തിന് ഗുരുതരമായ പരിക്കേറ്റത്. തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 61