Life In Christ - 2024
കൊറിയയിലെ ആ അനാഥ ബാലന്‍ സൈന്യത്തിലെ സേവനത്തിനു ശേഷം വൈദികനാകാനുള്ള തയാറെടുപ്പില്‍
പ്രവാചക ശബ്ദം 01-06-2021 - Tuesday
സാന്‍ ഫ്രാന്‍സിസ്കോ: മൂന്നാം വയസ്സില്‍ ദക്ഷിണകൊറിയയിലെ ഊടുവഴിയില്‍ ഉപേക്ഷിക്കപ്പെട്ട അനാഥ ബാലന്‍ അമേരിക്കന്‍ സൈന്യത്തിലെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം കത്തോലിക്ക വൈദികനാകാനുള്ള തയാറെടുപ്പില്‍. റിട്ടയേര്‍ഡ് ആര്‍മി കേണല്‍ കാമറോണ്‍ സോങ്ങ് സെല്ലേഴ്സാണ് തന്റെ അന്‍പത്തിമൂന്നാമത്തെ വയസ്സില്‍ ദൈവവിളിക്ക് പ്രത്യുത്തരം നല്‍കിക്കൊണ്ട് വൈദിക പഠനം തുടരുന്നത്. ഇ.ഡബ്യു.ടി.എന്‍ വത്തിക്കാന്‍ കറസ്പോണ്ടന്റ് കോം ഫ്ലിന്‍ നടത്തിയ അഭിമുഖത്തിലൂടെയാണ് സൈനീക സേവനത്തിനു ശേഷം വിരമിച്ച സെല്ലേഴ്സിനെ കത്തോലിക്കാ പൗരോഹിത്യ പാതയിലേക്ക് നയിച്ച സംഭവിച്ച കഥ പുറത്തുവന്നത്.
കൊറിയന്‍ യുദ്ധത്തിനു ശേഷം ലോകത്തെ ഏറ്റവും ദരിദ്രരാഷ്ട്രങ്ങളില്‍ ഒന്നായി മാറിയ തെക്കന്‍ കൊറിയയില്‍ മക്കളെ പോറ്റുവാന്‍ നിവൃത്തിയില്ലാതെ അമ്മമാര്‍ ഉപേക്ഷിച്ച ആയിരകണക്കിന് കുട്ടികളില്‍ ഒരാളായിരുന്നു 1968-ല്‍ ജനിച്ച കാമറോണ്‍. ദൈവത്തിനൊരു പദ്ധതിയുണ്ടെന്നാണ് തന്റെ വിശ്വാസ ജീവിതയാത്രയെക്കുറിച്ച് നിലവില്‍ സെമിനാരി വിദ്യാര്‍ത്ഥിയായ കാമറോണ്‍ പറയുന്നത്. വഴിയില്‍ ഉപേക്ഷിക്കപ്പെട്ട തന്നെ ആരാണ് കണ്ടെത്തിയതെന്നോ, ആശുപത്രിയില്‍ എത്തിച്ചതെന്നോ അവനറിയില്ല. ശിശുപരിപാലന കേന്ദ്രത്തിലേക്ക് അയച്ചാല്‍ ജീവിച്ചിരിക്കില്ലെന്ന് മനസ്സിലാക്കിയ ഒരു ഡോക്ടറാണ് ദൈവഹിതമെന്നോണം കാമറോണിനെ യൂറോപ്പിലേക്ക് ദത്തുകൊടുക്കുവാനുള്ള കുട്ടികളുടെ കൂടെ ഉള്‍പ്പെടുത്തിയത്.
അമേരിക്കയിലെ അരിസോണയിലെ ഫീനിക്സിലെ ബാപ്റ്റിസ്റ്റ് സഭാവിശ്വാസികളായ സെല്ലേഴ്സ് ദമ്പതികള്‍ക്കായിരുന്നു അവനെ ദത്തെടുക്കുവാനുള്ള നിയോഗം ലഭിച്ചത്. താനൊരു വിശ്വാസി ആയിരുന്നെങ്കിലും ദേവാലയത്തില്‍ പോകുന്ന കാര്യം തനിക്ക് വെറുപ്പായിരുന്നുവെന്നും, ബാക്കിയുള്ള ജീവിതവും അങ്ങിനെതന്നെ ആയിരിക്കുമെന്നാണ് കരുതിയിരുന്നതെന്നും കാമറോണ്‍ പറയുന്നു. ഇതിനിടെ കത്തോലിക്ക ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്താണ് കത്തോലിക്ക വിശ്വാസവും, വിശുദ്ധ കുര്‍ബാനയുമായി കാമറോണ്‍ അടുക്കുന്നത്. വിശുദ്ധരുടെ ഗണത്തെക്കുറിച്ചുള്ള കത്തോലിക്ക പ്രബോധനമായിരിക്കണം ഒരുപക്ഷേ തനിക്ക് സ്വീകാര്യമായ ആദ്യ പ്രബോധനം എന്നാണ് കാമറോണ്‍ പറയുന്നത്. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നു.
സൈനീക സേവനത്തിനിടയില്‍ ബുദ്ധിമുട്ട് നേരിടുന്ന അവസരങ്ങളില്‍ കത്തോലിക്കാ ചാപ്ലൈന്‍മാരെ ആശ്രയിക്കുന്നത് കാമറോണിന്റെ പതിവായിരുന്നു. വിശുദ്ധ കുര്‍ബാനയും ദേവാലയ ഗാനവും തന്റെ കണ്ണുകളെ ഈറനണിയിക്കാറുണ്ടെന്നും കാമറോണ്‍ പറയുന്നു. നിന്റെ ഇടവകയ്ക്കു വേണ്ടി മരിക്കുവാന്‍ തയ്യാറാണോ? വിശുദ്ധ കൂദാശകളില്‍ വിശ്വാസിക്കുന്നുണ്ടോ? എന്നീ രണ്ട് ചോദ്യങ്ങളാണ് തന്നെ സെമിനാരിയില്‍ എത്തിച്ചതെന്നാണ് സാന്‍ ഫ്രാന്‍സിസ്കോ അതിരൂപതയില്‍ സെമിനാരി പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന കാമറോണ്‍ പറയുന്നത്. ദൈവവിശ്വാസത്തില്‍ ശക്തിപ്പെടുവാന്‍ വേണ്ട ആയുധങ്ങള്‍ കത്തോലിക്കാ സഭ നമുക്ക് നല്‍കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് കാമറോണിന്റ് അഭിമുഖം അവസാനിക്കുന്നത് .ബോസ്നിയ, അഫ്ഘാനിസ്ഥാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ സേവനം ചെയ്ത അദ്ദേഹം കേണല്‍ പദവിയിലെത്തിയ ശേഷമായിരുന്നു വിരമിച്ചത്. ഇനിയുള്ള കാലം ക്രിസ്തുവിന് സാക്ഷ്യമാകാനുള്ള തയാറെടുപ്പില്‍.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക