India - 2025

ഫാ. സ്റ്റാൻ സ്വാമിക്ക് ആദരമര്‍പ്പിച്ച് തലസ്ഥാന നഗരി

പ്രവാചകശബ്ദം 21-07-2021 - Wednesday

തിരുവനന്തപുരം∙ പാവങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു ഒടുവില്‍ ഭരണകൂട ഭീകരതയ്ക്കു ഇരയായി മരണപ്പെട്ട ഫാ. സ്റ്റാൻ സ്വാമിക്ക് തലസ്ഥാനത്തിന്റെ ആദരം. വിവിധ സംസ്ഥാനങ്ങളിലെ പൊതു ദർശനത്തിനു ശേഷം ഇന്നലെ രാവിലെ എത്തിച്ച ഫാ. സ്റ്റാൻ സ്വാമിയുടെ ചിതാഭസ്മം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ഡോ.ആർ ക്രിസ്തുദാസിൽ നിന്നു മേയർ ആര്യ രാജേന്ദ്രൻ ഏറ്റുവാങ്ങി. രക്തസാക്ഷി മണ്ഡപത്തിലും പ്രസ് ക്ലബ്ബിലും പൊതു ദർശനത്തിനു വച്ച ചിതാഭസ്മത്തിൽ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ ആദരമർപ്പിച്ചു.

തുടർന്ന് നാഗർകോവിലിലേക്ക് കൊണ്ടു പോയി. അടുത്ത മാസം പകുതിയോടെ സ്റ്റാൻ സ്വാമിയുടെ സ്വദേശമായ തിരുച്ചിറപ്പള്ളിയിൽ ചിതാഭസ്മം എത്തിക്കും. ഫാ. സ്റ്റാൻ സ്വാമി ഐക്യദാർഢ്യ സമിതി, ഓൾ ഇന്ത്യ കാത്തലിക് യൂണിവേഴ്സിറ്റി ഫെഡറേഷൻ (ഐക്കഫ്) എന്നിവയുടെ നേതൃത്വത്തിലാണ് പൊതുദർശന ചടങ്ങുകൾ ക്രമീകരിച്ചത്. ബെംഗളൂരു, കോയമ്പത്തൂർ, അട്ടപ്പാടി, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലെ പൊതു ദർശനത്തിനു ശേഷമാണ് ചിതാഭസ്മം തലസ്ഥാനത്തെത്തിച്ചത്.

രക്തസാക്ഷി മണ്ഡപത്തിൽ നിന്നു ഐക്കഫ് ഡയറക്ടർ ഫാ. ബേബിച്ചൻ, ഫാ. സ്റ്റാൻ സ്വാമി ഐക്യദാർഢ്യ സമിതി ജനറൽ കോ ഓർഡിനേറ്റർ ഫാ. എസ്.ജെ. ബേബി ചാലിൽ, കോ ഓർഡിനേറ്റർ ആർ. അജയൻ, ഫാ. യൂജിൻ എച്ച്. പെരേര എന്നിവർ ചേർന്ന് ചിതാഭസ്മം ഏറ്റുവാങ്ങി പ്രസ് ക്ലബ്ബിലെത്തിച്ചു. ഇവിടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു 3 മണിക്കൂറോളം പൊതു ദർശനമുണ്ടായിരുന്നു. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ, ജി.ആർ. അനിൽ, ആന്റണി രാജു, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ ആദരമർപ്പിച്ചു.

കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായ്ക്കുവേണ്ടി ഫാ. നെൽസൺ വലിയവീട്ടിൽ, ഫാ.തോമസ് മുകളുംപുറത്ത് എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. ഓർത്തഡോക്‌സ് സഭ ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോട്ടേഴ്‌സ് ഓഫ് മേരി കോൺഗ്രിഗേഷനു വേണ്ടി മദർ ജനറൽ ലിഡിയ, സിസ്റ്റർ ജോവാൻ മരിയ, സിസ്റ്റർ എലിസബത്ത് ,വി. ശശി എംഎൽഎ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ഡപ്യൂട്ടി മേയർ പി.കെ.രാജു, കോൺഗ്രസ് നേതാവ് വി.എം.സുധീരൻ,പന്ന്യൻ രവീന്ദ്രൻ, മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാർ, സി.ദിവാകരൻ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സ്വാമി സന്ദീപാനന്ദ ഗിരി എന്നിവർ ആദരാഞ്ജലി അർപ്പിക്കാനെത്തി.

സമൂഹത്തിൽ പിന്നാക്കാവസ്ഥയിലുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു ഫാ. സ്റ്റാൻ സ്വാമിയെന്ന് ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം അനുസ്മരിച്ചു. സത്യത്തിനും ധർമത്തിനുമായി പ്രവർത്തിച്ച വൈദികനായിരുന്നു സ്റ്റാൻ സ്വാമി. പാവങ്ങളുടെ പക്ഷം ചേർന്ന് അവരുടെ ഉന്നമനത്തിനായി ത്യാഗപൂർണമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. ആ പ്രവർത്തനങ്ങളെ ഏറെ ആദരവോടെയാണ് കാണുന്നത്. എതിർക്കുന്നവരെ അടിച്ചമർത്താനുള്ള നിയമമായി യുഎപിഎയെ ഉത്തരവാദിത്തപ്പെട്ടവർ മാറ്റിയിരിക്കുന്നതിന്റെ തെളിവാണ് സ്റ്റാൻ സ്വാമിയുടെ മരണം. ആ സ്വരം ഒരിക്കലും നിലയ്ക്കില്ല. ഇന്ന് അതിനു കൂടുതൽ സ്വാധീന ശക്തിയുമുണ്ടെന്ന് ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം പറഞ്ഞു.

സ്റ്റാൻ സ്വാമി നീതിക്കായി പോരാടിയ വ്യക്തിയാണെന്ന്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. അദ്ദേഹത്തിന്റെ മരണം ഭരണകൂടത്തിനു മുന്നിൽ എന്നും ചോദ്യചിഹ്നമായി നിലനിൽക്കും. തീവ്രവാദിയോ രാജ്യത്തിന് എതിരായി പ്രവർത്തിച്ച വ്യക്തിയോ അല്ല സ്റ്റാൻ സ്വാമി. സാധാരണക്കാരായ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തിത്വമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു ഫാ. സ്റ്റാൻ സ്വാമിയെന്ന്‍ മന്ത്രി റോഷി അഗസ്റ്റിൻ അനുസ്മരിച്ചു. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെ മുന്നിലേക്ക് കൊണ്ടുവരുന്നതിൽ സ്റ്റാൻ സ്വാമി നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നുവെന്നും മന്ത്രി റോഷി പറഞ്ഞു.

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഫാ. സ്റ്റാൻസ്വാമിയുടെ മരണം പിന്നാക്ക ആദിവാസി സമൂഹത്തിനു നഷ്ടമാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഈ ജനതയുടെ മോചനത്തിനായി നടത്തിയ പോരാട്ടത്തിന്റെ രക്തസാക്ഷിത്വമാണ് ഫാ. സ്റ്റാൻ സ്വാമിയുടെ മരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാ. സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയാണെന്ന്‍ രമേശ് ചെന്നിത്തല പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനായി അദ്ദേഹം പ്രവർത്തിച്ചു . ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച സ്റ്റാൻ സ്വാമിയുടെ മരണത്തിനു ഭരണകൂടം മറുപടി നൽകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 402