Arts - 2024
ബൈബിളിലെ ന്യായാധിപന്മാരുടെ കാലഘട്ടത്തിലെ മുദ്രണം ഇസ്രായേലി ഗവേഷകർ കണ്ടെത്തി
പ്രവാചകശബ്ദം 03-08-2021 - Tuesday
ബൈബിളിലെ ന്യായാധിപന്മാരുടെ കാലഘട്ടത്തിലെ 3100 വർഷം പഴക്കമുള്ള മുദ്രണമുളള കൂജ യൂദയായുടെ മലനിരകളിൽ ഗവേഷണം നടത്തുന്ന ഇസ്രായേലി ഗവേഷകർ കണ്ടെത്തി. ന്യായാധിപന്മാരുടെ പുസ്തകത്തിലെ ഒരാളുടെ പേരാണ് കൂജയിൽ മുദ്രണം ചെയ്തിരിക്കുന്നത്. കിർബത്ത് ഇൽ റായിയിൽ നിന്ന് ലഭിച്ച ബിസി 1100 നിന്നുളള കൂജയിൽ ജെറുബാൽ എന്നാണ് എഴുത്ത്. ഗിദെയോൻ എന്ന ന്യായാധിപന്റെ മറ്റൊരു പേരായിരുന്നു ജെറുബാൽ. ബൈബിളിൽ വിവരിക്കുന്ന ന്യായാധിപന്മാരുടെ കാലഘട്ടത്തിലെ ഒരാളുടെ പേര് എഴുതപ്പെട്ട അത്രയും വർഷം പഴക്കമുള്ള ഒരു വസ്തു കിട്ടുന്നത് ഇത് ആദ്യമായിട്ടാണെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാൽ ജെറുബാൽ എന്ന പേര് മുദ്രണം ചെയ്ത കൂജ ഗിദെയോന്റെ തന്നെയാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഗവേഷകർ വ്യക്തമാക്കി. ഷെബല്ലും, ജെസ്റേൽ വാലിയും തമ്മിലുള്ള ദൂരം നോക്കുമ്പോൾ മുദ്രണം മറ്റേതോ ജെറുബാലിനെ ഉദ്ദേശിച്ചാകാനാണ് സാധ്യതയെന്നും, എന്നാൽ സാധ്യതകളൊന്നും തള്ളിക്കളയാൻ സാധിക്കില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും ന്യായാധിപന്മാരുടെ കാലഘട്ടത്തിൽ ജെറുബാൽ എന്നുള്ളത് സാധാരണമായ ഒരു പേരായിരുന്നു. പുതിയ കണ്ടെത്തല്‍ ജെറുസലേം ജേണൽ ഓഫ് ആർക്കിയോളജിയിൽ ഗവേഷകർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് ചരിത്രവുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ കണ്ടെത്തൽ വലിയ പങ്കുവഹിക്കുമെന്നും ഗവേഷകർ പറഞ്ഞു. ബൈബിളിലെ പഴയനിയമത്തിലെ വിവിധ സംഭവങ്ങളെ സ്ഥിരീകരിക്കുന്ന നിരവധി അവശിഷ്ട്ടങ്ങള്‍ ഇതിന് മുന്‍പും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.