News - 2025

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി, സര്‍ക്കാരും അപ്പീലിന്

പ്രവാചകശബ്ദം 04-08-2021 - Wednesday

ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കി ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യുവാനുള്ള ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റാണ് ഹൈക്കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്. സ്‌കോളര്‍ഷിപ്പില്‍ മുന്‍പുണ്ടായിരുന്ന 80:20 അനുപാതം റദ്ദാക്കിയതോടെ ആനുകൂല്യം ലഭിച്ചിരുന്ന ആയിരക്കണക്കിനു മുസ്ലിം വിദ്യാര്‍ത്ഥികളെ ഇത് പ്രതികൂലമായി ബാധിച്ചു. ക്രൈസ്തവ വിഭാഗം ഉള്‍പ്പടെ മറ്റു സമുദായങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവാക്കുന്നുണ്ടെന്നുമാണ് ഇവരുടെ ആരോപണം.

സച്ചാര്‍ സമിതിയുടെയും പാലോളി സമിതിയുടെയും ശിപാര്‍ശ പ്രകാരം മുസ്ലിം സമുദായത്തിന്റെ ക്ഷേമം ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നല്‍കിയത്. അതിനാല്‍ ഹൈകോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പിന്നാക്ക സമുദായങ്ങളും ന്യൂനപക്ഷ സമുദായങ്ങളും തമ്മിലുള്ള വേര്‍തിരിവ് മനസിലാക്കുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം, തടസ ഹര്‍ജിയുമായി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്ന വിധിയെ അനുകൂലിക്കുന്നുവെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് വ്യക്തമാക്കി.

ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നു പറഞ്ഞു. ഇതു സംബന്ധിച്ച് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലഭിക്കുന്ന എല്ലാ സ്കോളർഷിപ്പ് ആനുകൂല്യങ്ങളും തുടരും. അതിന് വേണ്ടി അധിക തുക അനുവദിച്ചു. അപേക്ഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ടാവില്ല. ഒരു പരാതിയുമില്ലാത്ത വിധമാണ് സർക്കാർ പ്രശ്നം പരിഹരിച്ചത്. പക്ഷേ ചിലർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു. നമ്മൾ നമ്മളുടെ തനിമ നിലനിർത്തണം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്യും. മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിനു എന്തെങ്കിലും സാമ്പത്തിക പ്രശ്നമുണ്ടങ്കിൽ പരിഹരിക്കും. സച്ചാർ കമ്മീഷൻ ശുപാർശ പോലെ അർഹരായ എല്ലാവർക്കും ആനുകൂല്യം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം അപ്പീലിന് പോകാനുള്ള സര്‍ക്കാര്‍ നിലപാട് ക്രൈസ്തവര്‍ക്ക് തിരിച്ചടിയായി മാറുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് അനുസരിച്ച് തുല്യപരിഗണനയോടെ വിതരണം ചെയ്യാൻ ഹൈക്കോടതി മേയ് 28ന് നിർദേശിച്ചിരുന്നു. ഹൈക്കോടതി വിധി അനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളര്‍ഷിപ്പ് അനുവദിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ക്രിസ്ത്യന്‍ 18.38%, മുസ്‌ലിം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. നിലവിലെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് പദ്ധതി വിഹിതം മുസ്ലിം വിഭാഗത്തിന് ഇപ്പോള്‍ നല്‍കുന്നത് തുടരുവാന്‍ വിഭാഗത്തിന് ഫണ്ട് നില ഉയര്‍ത്തിയിട്ടും ഇതില്‍ മുസ്ലിം സംഘടനകള്‍ അസ്വസ്ഥരാണ്. ഹൈക്കോടതി വിധി അനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളര്‍ഷിപ്പ് അനുവദിക്കുമെന്ന് ഗവണ്‍മെന്‍റ് ആവര്‍ത്തിച്ചിരിന്നു. എന്നിട്ടും സംഘടനകള്‍ വലിയ പ്രതിഷേധത്തിലാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഗവണ്‍മെന്‍റ് അപ്പീലിന് പോകുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 679