News
തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയിട്ട് 4 വര്‍ഷം: കന്യാസ്ത്രീയുടെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥന യാചിച്ച് ഹൃദയസ്പര്‍ശിയായ വീഡിയോ
പ്രവാചകശബ്ദം 12-08-2021 - Thursday
മാലി: നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ നിന്നും ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ‘മിഷ്ണറി ഓഫ് ദി ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് മരിയ ഇമ്മാക്കുലേറ്റ്’സഭാംഗവും കൊളംബിയന്‍ സ്വദേശിനിയുമായ കന്യാസ്ത്രീയുടെ മോചനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടരണമെന്ന അഭ്യര്‍ത്ഥനയുമായി ഇ.യു.കെ മാമി ഫൗണ്ടേഷന്റെ ‘പ്രൊജക്റ്റ് എവേക്ക്’ന്റെ വീഡിയോ. മാലിയിലെ കാരന്‍ഗാസ്സോയില്‍ നിര്‍ധനരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഇടയില്‍ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കെ 2017-ലാണ് സിസ്റ്റര്‍ ഗ്ലോറിയ സെസിലിയ എന്ന കന്യാസ്ത്രീയെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്.
വാസ്തവത്തില്‍ ഈ കന്യാസ്ത്രീയായിരുന്നില്ല തീവ്രവാദികളുടെ ലക്ഷ്യമെന്നും തന്റെ കൂട്ടായ്മയിലെ യുവതിയായ കന്യാസ്ത്രീയെ രക്ഷിക്കുവാനായി സിസ്റ്റര്‍ ഗ്ലോറിയ സ്വയം ബലിയാടാവുകയായിരുന്നുവെന്നും സിസ്റ്ററിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു. “നാം ഒരിക്കലും സിസ്റ്ററിനെ മറക്കരുത്, എല്ലാറ്റിനുമുപരിയായി അവര്‍ക്ക് വേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകളും മുടക്കരുത്. നമ്മുടെ പ്രാര്‍ത്ഥനകള്‍ സ്വര്‍ഗ്ഗത്തിലെ വിശുദ്ധരുടെ ഗണത്തിന്റെ ശക്തി അവളുടെ ഹൃദയത്തെ ദൈവവുമായുള്ള അടുപ്പത്തില്‍ നിലനിര്‍ത്തുകയും, ഈ കഠിനമായ പരീക്ഷണഘട്ടം തരണം ചെയ്യുവാന്‍ പ്രാപ്തയാക്കുകയും ചെയ്യും”- പ്രൊജക്റ്റ് എവേക്കിന്റെ വീഡിയോയില്‍ പറയുന്നു.
തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിസ്റ്റര്‍ ഗ്ലോറിയ സ്വന്തം കൈപ്പടയില്‍ എഴുതിയ 11 വരികളുള്ള ഒരു കത്ത് ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ പുറത്തുവന്നിരിന്നു. താന്‍ ഇപ്പോള്‍ പുതിയ സംഘത്തിന്റെ തടങ്കലില്‍ ആണെന്നും തന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നുമായിരുന്നു കത്തിന്റെ സാരം. തന്റെ മോചനത്തിനും, താന്‍ വിശ്വാസത്തില്‍ അചഞ്ചലമായി നിലനില്‍ക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് സിസ്റ്റര്‍ ഗ്ലോറിയ അഭ്യര്‍ത്ഥിക്കുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നിരുന്നു.
2019-ല്‍ തന്റെ മോചനത്തിനായി ഫ്രാന്‍സിസ് പാപ്പയുടെ സഹായം അഭ്യര്‍ത്ഥിക്കുന്ന സിസ്റ്ററുടെ വീഡിയോ പുറത്തുവന്നത് വലിയ ചര്‍ച്ചയായിരിന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടതിന്റെ നാലാം വാര്‍ഷികത്തില്‍ കൊളംബിയന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ മിഷ്ണറി ആനിമേഷന്‍ വിഭാഗത്തിന്റെ പ്രസിഡന്റായ ബിഷപ്പ് ഫ്രാന്‍സിസ്കോ മുനേറ സിസ്റ്റര്‍ ഗ്ലോറിയയുടെ മോചനത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനാഹ്വാനം നടത്തിയിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക