India - 2025
ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിനെ സന്ദർശിച്ച് ഗോവ ഗവർണർ ശ്രീധരൻ പിള്ള
പ്രവാചകശബ്ദം 22-08-2021 - Sunday
തലശ്ശേരി∙ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള തലശ്ശേരി അതിരൂപതാ കേന്ദ്രത്തിലെത്തി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിനെ സന്ദർശിച്ചു. രാവിലെ 11.45ന് എത്തിയ ഗവർണറെ ആർച്ച് ബിഷപ്പ് മാർ. ജോർജ് ഞറളക്കാട്ട്, സഹായ മെത്രാൻ മാർ. ജോസഫ് പാംപ്ലാനി, മുൻ അതിരൂപതാ അധ്യക്ഷൻ മാർ. ജോർജ് വലിയമറ്റം, വികാരി ജനറൽ മോൺ. അലക്സ് താരാമംഗലം, ചാൻസലർ ഫാ. തോമസ് തെങ്ങുംപള്ളിൽ, ഫാ. ഫിലിപ്പ് കവിയിൽ, ഫാ. ടോം ഓലിക്കരോട്ട് എന്നിവർ ചേർന്നു സ്വീകരിച്ചു.
ഗവർണറെ ആർച്ച് ബിഷപ്പ് പൊന്നാട അണിയിച്ചു. ആർച്ച് ബിഷപ്പിന് ഉപഹാരം നൽകിയ ഗവർണർ മുൻ അതിരൂപതാ അധ്യക്ഷൻ മാർ. ജോർജ് വലിയമറ്റത്തെ ഷാൾ അണിയിച്ചു. ക്രൈസ്തവ വിഷയങ്ങളുടെ പഠനത്തിന് ഇഗ്നോ വഴി പ്രത്യേക സൗകര്യം ഏർപ്പെടുത്താൻ ഗവർണറുടെ ഇടപെടൽ ഉണ്ടാവണമെന്ന് ആർച്ച് ബിഷപ്പ് സംഭാഷണ മധ്യേ പറഞ്ഞു. ഇതു സംബന്ധിച്ച നിവേദനവും നൽകി. ഇക്കാര്യം പഠിച്ചു തന്നാലാവുന്ന കാര്യങ്ങൾ ചെയ്യാമെന്നു ശ്രീധരൻ പിള്ള മറുപടി പറഞ്ഞു.
വന്യമൃഗ ശല്യം മലയോര കർഷകരെ ആശങ്കയിലാഴ്ത്തുകയാണ്. വന്യജീവികളുടെ ആക്രമണം മൂലം കൃഷിക്കാരുടെ ജീവനും സ്വത്തിനും വലിയ നഷ്ടമാണു സംഭവിക്കുന്നത്. ഇക്കാര്യത്തിലും ബഫർ സോൺ വിഷയത്തിലും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ പതിയാൻ പരിശ്രമിക്കണമെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. ക്രൈസ്തവ സഭകളുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും അതു എന്നും കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളാണ് താനെന്നും ശ്രീധരൻ പിള്ള പറഞ്ഞു.