News - 2025

പാക്കിസ്ഥാനില്‍ 300 കുടുംബങ്ങളുടെ ആശ്രയമായിരിന്ന ക്രൈസ്തവ ദേവാലയം സര്‍ക്കാര്‍ തകര്‍ത്തു

പ്രവാചകശബ്ദം 26-08-2021 - Thursday

കറാച്ചി: പാക്കിസ്ഥാന്റെ വാണിജ്യ തലസ്ഥാനമായ കറാച്ചിയില്‍ യുഎന്‍ മനുഷ്യാവകാശ വിദഗ്ദരുടേയും, പൊതു സംഘടനകളുടെയും കടുത്ത എതിര്‍പ്പിനെ വകവെക്കാതെ 300 കുടുംബങ്ങളുടെ ആശ്രയമായിരിന്ന കത്തോലിക്ക ദേവാലയം ഭാഗികമായി പൊളിച്ചു. പാക്ക് ക്രൈസ്തവരുടെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള സെന്റ്‌ ജോസഫ് ദേവാലയമാണ് തകര്‍ത്തത്. ദേവാലയം പൊളിക്കുന്നതിന്റെ ചിത്രങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകരും, മതന്യൂനപക്ഷാവകാശ പ്രവര്‍ത്തകരും അടങ്ങുന്ന 'സേവ് കറാച്ചി മൂവ്മെന്‍റ്' പൊളിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദേവാലയം പൊളിക്കുന്നതെന്നാണ് പ്രാദേശിക ഉദ്യോഗസ്ഥര്‍ പറയുന്നത്. ക്രിസ്ത്യന്‍ സമൂഹത്തിന്റെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചു കൊണ്ടാണ് സിന്ധ് പ്രവിശ്യാ സര്‍ക്കാരിന്റെ അനധികൃത കയ്യേറ്റ വിരുദ്ധ സ്ക്വാഡ് പൊളിക്കല്‍ തുടങ്ങിയതെന്ന്‍ ‘സേവ് കറാച്ചി മൂവ്മെന്റി'നെ ഉദ്ധരിച്ച് യു‌സി‌എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

മതന്യൂനപക്ഷങ്ങളോടുള്ള തങ്ങളുടെ പെരുമാറ്റം കണ്ട് പാക്കിസ്ഥാന്‍ ലജ്ജിക്കണമെന്നും, സിന്ധ് സര്‍ക്കാര്‍ ഇതിന് തീര്‍ച്ചയായും മറുപടി പറയേണ്ടി വരുമെന്നും സേവ് കറാച്ചി മൂവ്മെന്റംഗമായ ആബിര അഷ്ഫാക് പ്രസ്താവിച്ചു. സമീപത്തുള്ള രണ്ടു ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഇതിനോടകം തന്നെ പൊളിച്ചുവെന്നും, മേഖലയിലെ വലിയ ക്രിസ്ത്യന്‍ സമൂഹത്തിന്റെ അവസാന ആശ്രയമായ ദേവാലയമാണ് ഇപ്പോള്‍ പൊളിക്കുന്നതെന്നുമാണ് അഭിഭാഷകനായ മുസ്തഫ മെഹ്രാന്‍ പറയുന്നത്. കൂട്ടായ എതിര്‍പ്പിന്റെ ഫലമായി പൊളിക്കല്‍ താല്‍ക്കാലികമായി തടയുവാന്‍ കഴിഞ്ഞതായി ‘സേവ് സെന്റ്‌ ജോസഫ് ചര്‍ച്ച്’ കാമ്പയിനില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട്‌ സംഘടന അറിയിച്ചു. അതേസമയം പ്രതിഷേധം തണുത്താല്‍ വരും ദിവസങ്ങളില്‍ പൊളിക്കല്‍ തുടരുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

ഗുജ്ജര്‍ നുള്ളയിലെ കയ്യേറ്റ വിരുദ്ധ നടപടിയെന്ന പേരില്‍ സ്വീകരിക്കുന്ന ഇടപെടലുകള്‍ പന്ത്രണ്ടായിരത്തോളം ഭവനങ്ങളെ ബാധിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭാവിദഗ്ദര്‍ പറയുന്നത്. ഗുജ്ജര്‍ നുള്ളയിലെ 4,900 വീടുകളും, ഓറംഗി നുള്ളയിലെ 1,700 വീടുകളും പൊളിച്ചതിനെ തുടര്‍ന്ന്‍ ഏതാണ്ട് 66,500-ലധികം ആളുകള്‍ ഭവനരഹിതരായിട്ടുണ്ടെന്നാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകളെ ഭവനരഹിതരാക്കുന്ന ഈ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട യു.എന്‍ മനുഷ്യാവകാശ വിദഗ്ദര്‍, കൊറോണ കാലത്ത് പാക്കിസ്ഥാന്‍ നിരവധി പാവപ്പെട്ട കുടുംബങ്ങളെ തെരുവിലേക്ക് തള്ളിവിടുകയാണെന്നും, അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ പാലിച്ചു വേണം ഇത്തരം നടപടികള്‍ കൈകൊള്ളേണ്ടതെന്നും യു.എന്‍ മനുഷ്യാവകാശ സമിതിയില്‍ അംഗം കൂടിയായ പാക്കിസ്ഥാനെ ഓര്‍മ്മിപ്പിച്ചു. ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ കടുത്ത വിവേചനം നേരിടുന്ന രാജ്യമാണ് പാക്കിസ്ഥാന്‍.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 686