News - 2025

അലി എഹ്സാനിയുടെ ഇടപെടല്‍ ഫലം കണ്ടു: അഫ്ഗാനിലെ ആ ക്രൈസ്തവ കുടുംബത്തെ ഇറ്റലിയിലെത്തിച്ചു

പ്രവാചകശബ്ദം 24-08-2021 - Tuesday

വത്തിക്കാൻ സിറ്റി: താലിബാന്റെ ക്രൂരഭരണത്തിൽ നിന്നും രക്ഷപ്പെടാൻ ഫ്രാൻസിസ് മാർപാപ്പയോട് സഹായം തേടിയുള്ള അഫ്ഗാനിലെ ക്രൈസ്തവ കുടുംബത്തെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ ഇറ്റാലിയന്‍ സന്നദ്ധ സംഘടന കുടുംബത്തെ ഇറ്റലിയിലെത്തിച്ചതായി റിപ്പോര്‍ട്ട്. റോമിൽ ജീവിക്കുന്ന അലി എഹ്സാനി എന്ന ക്രൈസ്തവ വിശ്വാസിയാണ് കുടുംബത്തിന്റെ നിസ്സഹായവസ്ഥയും പാപ്പയുടെ സഹായം തേടിയുള്ള അഭ്യര്‍ത്ഥനയും അടക്കമുള്ള കാര്യങ്ങള്‍ ലോകത്തെ അറിയിച്ചത്. ഇതേ തുടര്‍ന്നു ഇറ്റാലിയന്‍ സന്നദ്ധ സംഘടനയായ സാൻ മിഷേൽ ആർക്കഞ്ചലോ ഫൗണ്ടേഷൻ പിന്തുണയ്ക്കുന്ന 'ഫോണ്ടാസിയോൺ മീറ്റ് ഹ്യൂമൻ’ സംഘടനയാണ് കുടുംബത്തെ ഇറ്റലിയിലേക്ക് എത്തിച്ചിരിക്കുന്നത്.

അലി എഹ്സാനിയുടെ സഹായത്തോടെ, ഇറ്റാലിയൻ സർക്കാർ തങ്ങളുടെ പൗരന്മാർക്കും അഫ്ഗാൻ അഭയാർത്ഥികൾക്കുമുള്ള എയർലിഫ്റ്റില്‍ ക്രിസ്ത്യൻ കുടുംബത്തെ പ്രത്യേകം തെരഞ്ഞെടുത്താണ് ഒടുവില്‍ അഭയസ്ഥാനത്തെത്തിച്ചിരിക്കുന്നത്. 1989ൽ കാബൂളിൽ ജനിച്ച അലിയുടെ മാതാപിതാക്കളെ താലിബാൻ ഭീകരർ വധിച്ചതിനെ തുടർന്ന് സഹോദരനോടൊപ്പം അലി രക്ഷപ്പെടുകയായിരുന്നു. 2015ൽ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം മാതൃരാജ്യത്തെ ക്രൈസ്തവ വിശ്വാസികളെ സഹായിക്കുക എന്ന ദൗത്യവുമായി അലി മുന്നോട്ടുപോവുകയായിരുന്നു. അടുത്തകാലത്ത് പരിചയമുള്ള ഒരു അഫ്ഗാൻ പൗരനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ ക്ലേശം അനുഭവിക്കുന്ന ക്രൈസ്തവ കുടുംബത്തെപ്പറ്റി മനസ്സിലാക്കുകയും അവരുമായി ബന്ധപ്പെടുകയും ചെയ്യുകയായിരിന്നു.

വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ അവസരം ഇല്ലാത്തതിനാൽ, ഇറ്റലിയിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാന ഓൺലൈനിൽ കാണാൻ അദ്ദേഹം ഈ കുടുംബത്തിന് അവസരം ഒരുക്കിക്കൊടുത്തിരിന്നു. അധികം വൈകാതെ ക്രൈസ്തവ കുടുംബങ്ങൾ എവിടെയെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു താലിബാൻകാർ വീടുകൾ കയറിയിറങ്ങുകയാണെന്ന് ഈ കുടുംബം അലിയെ അറിയിച്ചു. ഇതിനിടെ പാപ്പയോട് അഫ്ഗാൻ കുടുംബം സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള കത്ത് അലി ചര്‍ച്ചയാക്കി. ഇറ്റാലിയൻ സർക്കാർ തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുവരാൻ നടത്തുന്ന പദ്ധതിയിൽ ഈ കുടുംബത്തെ ഉള്‍പ്പെടുത്തുവാന്‍ ഏറെ ശ്രമകരമായ ഇടപെടലാണ് അലി നടത്തിയത്. ഒടുവില്‍ അലിയുടെ ഇടപെടലില്‍ കുടുംബം പുതുജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 686