India - 2025
വിശുദ്ധ എവുപ്രാസ്യമ്മയുടെ 15ാമതു തിരുനാള്‍ ആഘോഷം ഇന്ന്
പ്രവാചകശബ്ദം 29-08-2021 - Sunday
ഒല്ലൂര്‍: വിശുദ്ധ എവുപ്രാസ്യ അതിരൂപതാ തീര്‍ത്ഥകേന്ദ്രത്തില്‍ വിശുദ്ധ എവുപ്രാസ്യമ്മയുടെ 15ാമതു തിരുനാള്‍ ആഘോഷം ഇന്നു നടക്കും. ഇന്നു രാവിലെ കബറിട ദേവാലയത്തില്‍ നടത്തപ്പെടുന്ന തിരുനാള്‍ കുര്‍ബാന, മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ് എന്നിവയ്ക്കു തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ പത്തിനും വൈകുന്നേരം അഞ്ചിനും ദിവ്യബലി ഉണ്ടായിരിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഊട്ടുനേര്‍ച്ച ഉണ്ടായിരിക്കില്ല.
ഇന്നലത്തെ തിരുക്കര്‍മങ്ങള്‍ക്കു തൃശൂര്‍ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് വല്ലൂരാന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് തിരുസ്വരൂപം എഴുന്നള്ളിപ്പ് നടന്നു. റവന്യു മന്ത്രി അഡ്വ. കെ. രാജന്‍, തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ഡേവിസ് പുലിക്കോട്ടില്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ സി.പി. പോളി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നാളെ രാവിലെ 6.45നു മരിച്ചവര്‍ക്കുവേണ്ടിയുള്ള വിശുദ്ധ കുര്‍ബാനയും മറ്റു ശുശ്രൂഷകളും ഉണ്ടായിരിക്കും. തിരുനാളിന്റെ എട്ടാമിടം സെപ്റ്റംബര്‍ അഞ്ചിന് ആഘോഷിക്കും. രാവിലെ 7.30ന് ദിവ്യബലിക്കു തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ഡേവിസ് പുലിക്കോട്ടില്‍ കാര്‍മികത്വം വഹിക്കും.