News

ഐ‌എസ് തീവ്രവാദികള്‍ തകര്‍ത്ത മൊസൂളിലെ ക്രൈസ്തവ ദേവാലയത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റിന്റെ സന്ദര്‍ശനം

പ്രവാചകശബ്ദം 30-08-2021 - Monday

മൊസൂള്‍, ഇറാഖ്: ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശ കാലത്ത് സാരമായ കേടുപാടുകള്‍ സംഭവിച്ച ‘ഔര്‍ ലേഡി ഓഫ് ദി ഹൗര്‍’ കത്തോലിക്കാ ദേവാലയം സന്ദര്‍ശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരായ യുദ്ധത്തിനിടയില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച വടക്കന്‍ ഇറാഖിലെ മൊസൂള്‍ നഗരത്തില്‍ എത്തിയപ്പോഴാണ് ഇമ്മാനുവല്‍ മാക്രോണ്‍, ഇന്നലെ ദേവാലയത്തില്‍ സന്ദര്‍ശനം നടത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ചിലെ തന്റെ ഇറാഖ് സന്ദര്‍ശനത്തിനിടക്ക് ഫ്രാന്‍സിസ് പാപ്പ പ്രത്യേക പ്രാര്‍ത്ഥന അര്‍പ്പിച്ച ദേവാലയം കൂടിയാണിത്. വെള്ള വസ്ത്രം ധരിച്ച ഇറാഖി കുട്ടികള്‍ കയ്യില്‍ ഇറാഖിന്റേയും, ഫ്രാന്‍സിന്റേയും പതാകള്‍ വീശികൊണ്ടാണ് മാക്രോണിനെ വരവേറ്റത്.

കനത്ത സുരക്ഷയുടെ അകമ്പടിയോടെ പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ദേവാലയത്തില്‍ വൈദികര്‍ക്കൊപ്പം മാക്രോണ്‍ ചുറ്റിനടന്ന് വിശദമായി സന്ദര്‍ശിച്ചു. ഇറാഖി ഉദ്യോഗസ്ഥര്‍ക്കൊപ്പം മൊസൂളിന്റെ ചില ഭാഗങ്ങള്‍ കാണുവാന്‍ കഴിയുന്ന ദേവാലയ മേല്‍ക്കൂരയിലും അദ്ദേഹം നിരീക്ഷണം നടത്തി. ദേവാലയത്തിന്റെ ഭിത്തികളില്‍ തുളഞ്ഞുകയറിയിരിക്കുന്ന വെടിയുണ്ടകള്‍ ഇപ്പോഴും ദൃശ്യമാണ്. ഫ്രാന്‍സ് മൊസൂളില്‍ ഒരു നയതന്ത്ര കാര്യാലയം സ്ഥാപിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഇറാഖി വൈദികനായ ഫാ. റായേദ് ആദേല്‍ ദേവാലയത്തിനകത്തുവെച്ച് മാക്രോണിനോട് പറഞ്ഞു.

മൊസൂള്‍ നഗരത്തിലെ വിമാനത്താവളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ശനിയാഴ്ച രാവിലെ ബാഗ്ദാദിലെത്തിയ മാക്രോണ്‍ തീവ്രവാദത്തിനെതിരായ ഇറാഖിന്റെ പോരാട്ടങ്ങളെ ഫ്രാന്‍സ് പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു. തീവ്ര ഇസ്ളാമിക ചിന്താഗതിയുള്ളവര്‍ നടത്തുന്ന ആക്രമണങ്ങള്‍ കൊണ്ട് സമ്മര്‍ദ്ധത്തിലാകുകയും ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത പ്രസിഡന്‍റാണ് മാക്രോണ്‍. ഇറാഖ് സന്ദര്‍ശനം ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുവാന്‍ അദ്ദേഹത്തെ സഹായിക്കുമെന്ന് നിരീക്ഷിക്കുന്നവരുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ കീഴില്‍ കടുത്ത പീഡനമാണ് മൊസൂളിലെ ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വന്നത്. തീവ്രവാദി ആക്രമണങ്ങളും, രാജ്യത്തിന്റെ അസ്ഥിരതയും കാരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ പതിനായിരകണക്കിന് ക്രൈസ്തവരാണ് മൊസൂള്‍ വിട്ട് പലായനം ചെയ്തത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇറാഖിന്റെ മനം കവര്‍ന്നുകൊണ്ട് ഫ്രാന്‍സിസ് പാപ്പ നടത്തിയ ഇറാഖ് സന്ദര്‍ശനത്തിനിടയില്‍ മൊസൂളും സന്ദര്‍ശിച്ചിരിന്നു. പുതുജീവിതം ആരംഭിച്ചിരിക്കുന്ന ഇറാഖി ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ പകരുന്നതായിരിന്നു ഈ സന്ദര്‍ശനം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »