India - 2025

ആരാധനാലയങ്ങളില്‍ കൂടുതല്‍ വിശ്വാസികളെ പ്രവേശിപ്പിക്കണം: കേജരിവാളിന് ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ കത്ത്

ദീപിക 04-09-2021 - Saturday

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ കുറവ് വരികയും നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിശ്വാസികളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് മുന്‍ സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കത്തു നല്‍കി.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ഡല്‍ഹിയില്‍ കടകളും മാര്‍ക്കറ്റുകളും യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. തിയറ്ററുകളിലും ബാറുകളിലും റസ്റ്ററന്റുകളിലും 50% സീറ്റുകളോടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആരാധനാലയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വിശ്വാസികളെ അനുവദിക്കുന്നത് മറ്റു പ്രത്യാഘാതങ്ങള്‍ ഒന്നും ഉണ്ടാക്കില്ല. മാനസിക സമ്മര്‍ദം കുറച്ച് ആളുകളുടെ ആത്മവിശ്വാസവും ആന്തരിക ബലവും വര്‍ധിപ്പിക്കുന്നതിന് ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനകളിലും മറ്റും പങ്കെടുക്കേണ്ടത് അനിവാര്യമാണ്.

ആരാധാനലയങ്ങളിലെ പ്രാര്‍ത്ഥനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് വിവേചനപരവും ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ ലംഘനവുമാണ്. അതിനാല്‍ ഡല്‍ഹിയിലെ ആരാധനാലയങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി വിശ്വാസികളെ അനുവദിക്കണമെന്നും കേജരിവാളിന് നല്‍കിയ കത്തില്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ് ആവശ്യപ്പെട്ടു.

More Archives >>

Page 1 of 411