News

ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷം, മാനുഷിക പ്രതിസന്ധിയെന്ന് ഹംഗേറിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി: എക്സിബിഷനു ആരംഭം

പ്രവാചകശബ്ദം 08-09-2021 - Wednesday

ബുഡാപെസ്റ്റ് : ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന അന്‍പത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്റെ ഭാഗമായി ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനത്തെ ആസ്പദമാക്കിയുള്ള “ക്രോസ് ഇന്‍ ഫയര്‍: പേഴ്സിക്യൂഷന്‍ ഓഫ് ക്രിസ്ത്യന്‍സ് ഇന്‍ കോണ്‍ഫ്ലിക്റ്റ് സോണ്‍സ്” എന്ന പൊതുപ്രദര്‍ശനത്തിന് (എക്സിബിഷന്‍) ബുഡാപെസ്റ്റിലെ നാഷ്ണല്‍ മ്യൂസിയത്തില്‍ ആരംഭം. ഹംഗറിയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്‌ പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ സോള്‍ട്ട് സെംജെനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ലോകമെമ്പാടുമായി പ്രത്യേകിച്ച് ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനവും, വിവേചനവുമാണ് എക്സിബിഷന്റെ മുഖ്യ പ്രമേയം.

ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനം ഇന്നത്തെ ഒരു മാനുഷിക പ്രതിസന്ധിയാണെന്നു ഉദ്ഘാടന പ്രസംഗത്തില്‍ സെംജെന്‍ എടുത്ത് പറഞ്ഞു. ലോകമെമ്പാടുമുള്ള എട്ട് ക്രൈസ്തവരില്‍ ഒരാള്‍ വീതം ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ മതപീഡനത്തിനിരയാകുന്നുണ്ടെന്ന്‍ പറഞ്ഞ സെംജെന്‍ 13 ക്രിസ്ത്യാനികള്‍ വീതം ഓരോ ദിവസവും കൊല്ലപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. വിശ്വാസത്തിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നത് പാശ്ചാത്യ രാജ്യങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമല്ലെന്നും, രക്തസാക്ഷികള്‍ ആകുന്നില്ലെങ്കില്‍ പോലും ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് ജോലികള്‍ നഷ്ടപ്പെടാറുണ്ടെന്നും സെംജെന്‍ പറഞ്ഞു.

കഴിഞ്ഞ 400 വര്‍ഷങ്ങളായി ഹംഗേറിയന്‍ ജനത ഇസ്ലാമിക തീവ്രവാദത്തിനെതിരെ പോരാടുകയാണെന്ന കാര്യവും, കാര്‍പാത്ത്യന്‍ അടിവാരത്തില്‍ ‘ശരിയത്ത്’ നിയമങ്ങളുടെ നിഴലില്‍ ജീവിക്കാതിരിക്കുവാന്‍ ദക്ഷലക്ഷകണക്കിന് ഹംഗറിക്കാര്‍ ജീവന്‍ ബാലിദാനം ചെയ്തിട്ടുള്ള കാര്യവും ഓര്‍മ്മിപ്പിച്ചു കൊണ്ട് ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനം ആഗോളശ്രദ്ധയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ കുറിച്ച് പരാമര്‍ശിക്കാതെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പണം സാധ്യമല്ലായെന്ന് എസ്റ്റര്‍ഗോം-ബുഡാപെസ്റ്റ് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ഡോ പ്രസ്താവിച്ചു.

ഇക്കാര്യത്തില്‍ നമ്മള്‍ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളോട് ഐക്യദാര്‍ഢ്യം പുലര്‍ത്തണമെന്നും നമ്മുടെ കഴിവിനനുസരിച്ച് അവരെ സഹായിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനിലേക്കും, സുരക്ഷിതമായ അയല്‍ രാജ്യങ്ങളില്‍ ചേക്കേറിയ അഫ്ഗാനികള്‍ക്കും വേണ്ടിയുള്ള ഹംഗറിയുടെ സഹായം ഉടന്‍ അയക്കുമെന്നു പീഡിത ക്രൈസ്തവരുടെ സഹായത്തിനായി രൂപീകരിച്ചിട്ടുള്ള ‘ഹംഗറി ഹെല്‍പ്സ്’ പദ്ധതിയുടെ ചുമതലക്കാരനും, സ്റ്റേറ്റ് സെക്രട്ടറിയുമായ ട്രിസ്റ്റന്‍ അസ്ബേജ് ഇതിനിടെ അറിയിച്ചിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »