News - 2025

തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ല: കല്ലറങ്ങാട്ട് പിതാവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാലായില്‍ ഇന്ന്‌ വിശ്വാസികളുടെ സമ്മേളനം; നാളെ യുവജനങ്ങളുടെ റാലി

പ്രവാചകശബ്ദം 11-09-2021 - Saturday

പാലാ: ചില തീവ്ര സ്വഭാവക്കാര്‍ നടത്തുന്ന നര്‍ക്കോട്ടിക്, ലവ് ജിഹാദുകളില്‍ നിന്ന് യുവജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ആഹ്വാനത്തിന് പിന്നാലേ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന്‍ പാലാ രൂപതയുടെ മുന്നില്‍ വിശ്വാസികളുടെ സമ്മേളനം. വിവിധ ക്രിസ്തീയ സംഘടനകളുടെയും വിശ്വാസികളുടെയും സംയുക്ത ആഹ്വാന പ്രകാരം ഇന്ന് മൂന്നു മണിയ്ക്കാണ് പാലാ ടൌണില്‍ വിശ്വാസികള്‍ ഒത്തുചേരുന്നത്. ഇന്നലെ അസഭ്യം നിറഞ്ഞ വാക്കുകളുമായി രൂപതാധ്യക്ഷനെ അധിക്ഷേപിച്ചും ഭീഷണി മുഴക്കിയും ചില തീവ്ര സ്വഭാവമുള്ള സംഘടനകള്‍ പ്രകടനം നടത്തിയിരിന്നു.

വലിയ ഭീതി ഉളവാക്കുന്ന വിധത്തിലായിരിന്നു ഇവരുടെ പ്രകടനം. ആമ്പുലന്‍സു വരെ തിരിച്ചു വിടേണ്ട സാഹചര്യം ഇവിടെ ഉണ്ടായെന്ന് സോഷ്യല്‍ മീഡിയായില്‍ ചിലര്‍ വെളിപ്പെടുത്തല്‍ നടത്തിയിരിന്നു. എന്നാല്‍ പ്രകടനം നടക്കുമ്പോള്‍ രൂപതയ്ക്ക് മുന്നില്‍ ക്രൈസ്തവ വിശ്വാസികളും പ്രതിരോധം തീര്‍ത്തിരിന്നുവെന്നത് ശ്രദ്ധേയമാണ്. ഇതിനു പിന്നാലെയാണ് വിശ്വാസികളും സംഘടനകളും ഇന്ന്‍ ഒത്തുചേരുന്നത്.

നാളെ ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഭീകരവാദ വിരുദ്ധ പ്രാര്‍ത്ഥനാറാലിയും മാനവിക സമാധാന സദസ്സും സംഘടിപ്പിക്കുവാന്‍ രൂപത എസ്‌എം‌വൈ‌എം- കെ‌സി‌വൈ‌എം തീരുമാനിച്ചിട്ടുണ്ട്. പാലാ കുരിശുപള്ളി ജംഗ്ഷനില്‍ നാളെ രാവിലെ 09:30നാണ് പ്രാര്‍ത്ഥനാറാലി ആരംഭിക്കുക. അതേസമയം തീവ്രസ്വഭാവമുള്ളവരെ സൂക്ഷിക്കണമെന്ന് കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതിനെ വളച്ചൊടിക്കുവാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന ചോദ്യവും നവമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. ബിഷപ്പിന്റെ വാക്കുകള്‍ സ്ഥിരീകരിക്കുന്ന നിരവധി അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ നവമധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

More Archives >>

Page 1 of 692