India - 2025

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ കാതോലിക്ക ബാവ

17-09-2021 - Friday

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കാ സ്ഥാനത്തേക്ക് കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസി(72)നെ എപ്പിസ്‌കോപ്പല്‍ സിനഡ് തെരഞ്ഞെടുത്തു. സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയില്‍ ചേര്‍ന്ന സിനഡില്‍ 24 മെത്രാപ്പോലീത്തമാര്‍ പങ്കെടുത്തു. ഇന്നു ചേരുന്ന സഭാ മാനേജിംഗ് കമ്മിറ്റി സിനഡ് നിര്‍ദേശം പാസാക്കി ഒക്ടോബര്‍ 14നു പരുമലയില്‍ ചേരുന്ന മലങ്കര അസോസിയേഷനു സമര്‍പ്പിക്കും.

അസോസിയേഷന്‍ അംഗീകരിക്കുന്നതോടെ അടുത്ത കാതോലിക്കാ ബാവയും മലങ്കര മെത്രാപ്പോലീത്തയുമായി മാത്യൂസ് മാര്‍ സേവേറിയോസ് നിയമിതനാകും. നവംബറില്‍ തിരുനാളിനോടനുബന്ധിച്ചു പരുമലയില്‍ പുതിയ കാതോലിക്ക ബാവയുടെ സ്ഥാനാരോഹണവും നടക്കും. ഇന്നു ചേരുന്ന മാനേജിംഗ് കമ്മിറ്റിക്കുശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തതോടെയാണു പുതിയ കാതോലിക്ക ബാവയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ അധ്യക്ഷന്‍ തുന്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലീമിസിന്റെ അധ്യക്ഷതയിലാണ് സിനഡ് ചേര്‍ന്നത്.

വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്.വാഴൂര്‍ മറ്റത്തില്‍ ചെറിയാന്‍ അന്ത്രയോസ്മറിയാമ്മ ദന്പതികളുടെ മകനായി 1949 ഫെബ്രുവരി 12നു ജനിച്ചു. കേരള സര്‍വകലാശാലയില്‍നിന്നു ബിഎസ്സി ബിരുദം നേടി. തുടര്‍ന്നു കോട്ടയം പഴയസെമിനാരിയില്‍ വൈദികവിദ്യാഭ്യാസത്തിനു ചേര്‍ന്നു; ജിഎസ്ടി ബിരുദം നേടി. സെറാംപുര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ബിഡി ബിരുദം നേടി. റഷ്യയിലെ ലെനിന്‍ഗ്രാഡിലെ തിയോളജിക്കല്‍ അക്കാദമിയില്‍ ദൈവശാസ്ത്രത്തില്‍ ഉന്നതപഠനം നടത്തി. തുടര്‍ന്ന് റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് എംടിഎച്ച്, പിഎച്ച്ഡി എന്നിവ എടുത്തു.

ഡോ. സേവേറിയോസിനെ 1976ല്‍ ഡീക്കനായും 1978ല്‍ വൈദികനായും ബസേലിയോസ് മാത്യൂസ് ഒന്നാമന്‍ അഭിഷേചിച്ചു. 1991 ഏപ്രില്‍ 30നു പരുമലയില്‍ എപ്പിസ്‌കോപ്പ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 1993ല്‍ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയര്‍ത്തി. കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരിയിലെ ഫാക്കല്‍റ്റി അംഗവും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് മുന്‍ സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റിയംഗവുമാണ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്. കാലംചെയ്ത കാതോലിക്കായുടെ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കോലഞ്ചേരി പ്രസാദം സെന്റര്‍ അരമനയിലാണ് താമസം. പരേതയായ അമ്മിണി, എം.എ. സ്‌കറിയ (കുഞ്ഞ്, പ്രത്യാശ ഭവന്‍ പിറമാടം), സൂസന്‍, എം.എ. അന്ത്രയോസ് എന്നിവര്‍ സഹോദരങ്ങളാണ്.

More Archives >>

Page 1 of 414